ടെഹ്റാൻ: അമേരിക്കയും ഇസ്രയേലുമായി നടക്കുന്ന വെടിനിർത്തൽ ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറുന്നതായി സൂചന. അമേരിക്കക്കും ഇസ്രയേലിനുമെതിരായ വെടിനിർത്തൽ നീട്ടുന്നതുമായി ബന്ധപ്പെട്ട് മധ്യസ്ഥരുമായുള്ള ആശയവിനിമയം ഇറാൻ അവസാനിപ്പിച്ചതായി അർധ ഔദ്യോഗിക വാർത്ത ഏജൻസികളായ ഫാർസ്, തസ്നിം എന്നിവ റിപ്പോർട്ട് ചെയ്തു. ഇറാൻ്റെ റെവല്യൂഷണറി ഗാർഡുമായി അടുത്ത ബന്ധമുള്ള മാധ്യമങ്ങളാണിവ. ലബനാനിൽ ഇസ്രയേൽ ഹിസ്ബുല്ലയുമായി നടത്തുന്ന പോരാട്ടങ്ങൾക്കിടയിലാണ് പുതിയ സംഭവവികാസങ്ങൾ.
എന്നാൽ ചർച്ചകൾ അവസാനിപ്പിച്ചുവെന്ന വാദം യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തള്ളി. ചർച്ചകൾ തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. നാല് ദിവസങ്ങൾക്ക് മുൻപും മൂന്ന് ദിവസങ്ങൾക്ക് മുൻപും രണ്ട് ദിവസങ്ങൾക്ക് മുൻപുമെല്ലാം ചർച്ചകൾ തുടർച്ചയായി നടന്നുവെന്നും, ഇത് എങ്ങോട്ടാണ് പോകുന്നതെന്ന് പറയാനാകില്ലെങ്കിലും ഒരു കരാറിലെത്താൻ ഇറാന് സമയമായെന്നും സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ട്രംപ് പറഞ്ഞു.
അതേസമയം, ലബനാനിലെ വെടിനിർത്തൽ നടപ്പിലാക്കിയാൽ മാത്രമേ ചർച്ചകൾ തുടരൂ എന്ന് ഇറാൻ നിലപാട് എടുത്തതായി മധ്യസ്ഥ ചർച്ചകളിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥൻ വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസിനോട് വെളിപ്പെടുത്തി.
അമേരിക്കൻ ഉപരോധവും സൈനിക നടപടിയും
ഇറാനിലേക്കുള്ള കപ്പലുകൾ തടയുന്ന അമേരിക്കൻ ഉപരോധം തുടരുകയാണ്. ഇതിൻ്റെ ഭാഗമായി ബോട്സ്വാനയുടെ പതാകയേന്തിയ എംടി ലെക്സി എന്ന എണ്ണക്കപ്പലിനുനേരെ അമേരിക്കൻ സൈന്യം ഹെൽഫയർ മിസൈൽ പ്രയോഗിച്ചു. യുഎസ് ഉപരോധം മറികടന്ന് ഇറാൻ്റെ തുറമുഖത്തേക്ക് കടക്കാൻ ശ്രമിച്ച കപ്പലിൻ്റെ എൻജിൻ റൂമിലേക്കാണ് അമേരിക്കൻ വിമാനം മിസൈൽ തൊടുത്തുവിട്ടത്. 24 മണിക്കൂറോളം തുടർച്ചയായി നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചതിനാലാണ് നടപടിയെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഉപരോധം ലംഘിക്കാൻ ശ്രമിച്ചതിന് അമേരിക്കൻ സൈന്യം തടയുന്ന ഏഴാമത്തെ കപ്പലാണിത്.
ആശയവിനിമയം നിർത്തിയെന്ന റിപ്പോർട്ടുകളെക്കുറിച്ച് വാഷിങ്ടണിൽ നടന്ന കോൺഗ്രഷണൽ ഹിയറിങ്ങിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചില്ല. ആണവ വിഷയങ്ങളിലെ ചർച്ചകളിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, എന്നാൽ സ്വീകാര്യമായ ഒരു കരാറിലെത്തുമെന്ന് ഉറപ്പില്ലെന്നും വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലെ ഉപരോധം ലഘൂകരിക്കുന്നതിനും വെടിനിർത്തൽ ചർച്ചകളിലും ട്രംപിനുമേൽ സമ്മർദം ശക്തമാക്കാനാണ് ഇറാൻ്റെ ശ്രമം. ലബനാനിലെ ഇസ്രയേൽ മുന്നേറ്റം തടയാൻ ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുമേൽ സമ്മർദം ചെലുത്തുമെന്നാണ് ഇറാൻ്റെ പ്രതീക്ഷ. എന്നാൽ ഇറാനുമായുള്ള ചർച്ചകളെയും ലബനാനിലെ പോരാട്ടത്തേയും രണ്ടായാണ് അമേരിക്കയും ഇസ്രയേലും കാണുന്നത്.
രണ്ടാം ലോകമഹായുദ്ധത്തിന് സമാനമായ വിലക്കയറ്റം
സാമ്പത്തിക ഉപരോധം ഇറാനെ തീർത്തും തളർത്തിയിരിക്കുകയാണ്. കഴിഞ്ഞ മെയിൽ ഇറാനിലെ വാർഷിക നാണയപ്പെരുപ്പം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തി. അവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും വിലസൂചിക മുൻവർഷത്തേക്കാൾ 77.2 ശതമാനം വർധിച്ചുവെന്ന് ഇറാൻ്റെ സെൻട്രൽ ബാങ്ക് വ്യക്തമാക്കി. ഈ നിരക്ക് ഏപ്രിൽ മാസത്തേക്കാൾ 8.5 ശതമാനം കൂടുതലാണ്.
ഗതാഗതം, മരുന്ന്, ആശയവിനിമയം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള ചെലവ് 113.8 ശതമാനമാണ് കുതിച്ചുയർന്നത്. 1942ൽ ബ്രിട്ടീഷ്, സോവിയറ്റ് സൈന്യങ്ങൾ ഇറാൻ്റെ റെയിൽവേ പിടിച്ചെടുത്തതിനെത്തുടർന്നുണ്ടായ ക്ഷാമത്തിന് സമാനമായ സാഹചര്യമാണിതെന്ന് ബംദാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് സ്റ്റഡീസ് നിരീക്ഷിച്ചു.
യുഎസ് നാവിക ഉപരോധം കാരണം എണ്ണവരുമാനം നിലച്ചത് സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കി. വ്യോമാക്രമണങ്ങൾ ഇറാൻ്റെ വ്യവസായങ്ങളെയും എണ്ണ ഉൽപാദനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. 2015ൽ ഒരു ഡോളറിന് 32,000 റിയാൽ ആയിരുന്ന വിനിമയ നിരക്ക് ഇപ്പോൾ 1.7 ദശലക്ഷം റിയാലായി ഇടിഞ്ഞു.
രാജ്യത്ത് ഇനിയും വിലക്കയറ്റം ഉണ്ടാകുമെന്നും, യുദ്ധസമാനമായ സാഹചര്യമായതിനാൽ ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധി അംഗീകരിക്കേണ്ടിവരുമെന്നും ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു. രാജ്യത്തെ നാണയപ്പെരുപ്പം 80 ശതമാനത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധനായ സയീദ് ലൈലാസ് മുന്നറിയിപ്പ് നൽകുന്നു.
പ്രതിഷേധങ്ങളുടെ ചരിത്രവും ഭാവിയും
സാമ്പത്തിക പ്രതിസന്ധികൾ ഇറാനിൽ ജനകീയ പ്രക്ഷോഭങ്ങൾക്ക് വഴിവെക്കാറുണ്ട്. ഭക്ഷ്യവില വർധനയെത്തുടർന്ന് 2017-18 കാലഘട്ടത്തിൽ നടന്ന പ്രതിഷേധങ്ങളിൽ 20ലധികം പേരാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിന് ആളുകൾ അറസ്റ്റിലായി. 2019ൽ സർക്കാർ ഇന്ധനവില വർധിപ്പിച്ചതിനെതിരായ പ്രക്ഷോഭത്തിൽ 300ലധികം ജീവനുകളാണ് പൊലിഞ്ഞത്. ഈ വർഷം ജനുവരിയിൽ കറൻസി മൂല്യത്തകർച്ചയെത്തുടർന്ന് നടന്ന പ്രക്ഷോഭങ്ങളിൽ 7000ലധികം ജനങ്ങൾ കൊല്ലപ്പെട്ടതായാണ് അവകാശ പ്രവർത്തകരുടെ വിലയിരുത്തൽ.
1979ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ പ്രക്ഷോഭമായിരുന്നു ഇത്. ഔദ്യോഗിക സമാധാന കരാറില്ലാതെ ട്രംപ് പിന്മാറിയാൽ ഈ വർഷം അവസാനത്തോടെ ഇറാനിൽ വീണ്ടും സമാനമായ പ്രക്ഷോഭങ്ങൾക്ക് സാധ്യതയുണ്ടെന്ന് സാമ്പത്തിക നിരീക്ഷകനായ മൊഹ്സെൻ ജലിൽവന്ദ് വ്യക്തമാക്കുന്നു. രാജ്യം വൻ പ്രതിസന്ധിയെ നേരിടുമ്പോഴും ബാലിസ്റ്റിക് മിസൈലുകളുടെ പശ്ചാത്തലത്തിൽ വിവാഹങ്ങൾ സംഘടിപ്പിച്ചും തോക്കുകൾ കൈകാര്യം ചെയ്യാൻ പരിശീലനം നൽകിയും ജനങ്ങളുടെ മനോവീര്യം നിലനിർത്താനുള്ള ശ്രമത്തിലാണ് ഇറാനിലെ ഭരണകൂടം.






