ഉയര്‍ന്ന താപനിലയില്‍ ദീര്‍ഘനാള്‍ നാശമൊന്നും കൂടാതെ നിലനില്‍ക്കാനുള്ള കഴിവ് പക്ഷിപ്പനി വൈറസുകള്‍ക്ക് ഉണ്ടെന്ന് കണ്ടെത്തല്‍. ഇത് മനുഷ്യന് ഭീഷണിയാണെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
ന്യൂഡൽഹി: പക്ഷിപ്പനി വൈറസുകള്‍ മനുഷ്യന് ഭീഷണിയാകുമെന്ന് പഠനം. ശരീരത്തിലെ താപനില വൈറസിനെ തടയാനുള്ള പ്രതിരോധ മാര്‍ഗമാണെങ്കിലും പക്ഷിപ്പനി വൈറസുകള്‍ ഉയര്‍ന്ന താപനിലയിലും പകര്‍ച്ചവ്യാപനം തുടരാന്‍ കഴിവുണ്ടെന്ന് പുതിയ ഗവേഷണം. ഇതോടെ ഇത്തരം വൈറസുകള്‍ മനുഷ്യരിലേക്കുള്ള പടരാനുള്ള സാധ്യതയും ഭീഷണിയും വര്‍ധിപ്പിക്കുന്നുണ്ടെന്ന് ശാസ്‌സത്രഞ്ജര്‍ മുന്നറയിപ്പ് നല്‍കി.
കെയിംബ്രിഡ്ജ്, ഗ്ലാസ്ഗോ സർവകലാശാലകളിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. സാധാരണ മനുഷ്യരില്‍ ഉണ്ടാകുന്ന വൈറസുകളെ ശരീരം പ്രതിരോധിക്കാറുണ്ടെങ്കിലും പക്ഷിിപ്പനി വൈറസുകളെ ചെറുക്കാനാകില്ലെന്നാണ് പുതിയ പഠനം പറയുന്നത്. താറാവ്, ദേശാടനക്കിളികള്‍ തുടങ്ങിയ പക്ഷികളില്‍ 40-42 ഡിഗ്രി ഉയര്‍ന്ന താപനിലയില്‍ വൈറസ് വളരുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.
പക്ഷിപ്പനി മൂലം 40 ശതമാനം വരെ മരണനിരക്കുണ്ടാക്കിയ H5N1 പോലുള്ള വൈറസുകളുടെ പശ്ചാത്തലത്തിൽ മനുഷ്യരിൽ ഗുരുതരാവസ്ഥ ഉണ്ടാകുന്ന കാരണങ്ങൾ മനസ്സിലാക്കുക അത്യാവശ്യമാണെന്ന് കാന്‍ബ്രിഡ്‌ജ് സർവകലാശാലയിലെ പ്രൊഫസർ സാം വില്സൺ വ്യക്തമാക്കി.
‘സയൻസ്’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ എലികളിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ പനി വൈറസ് എങ്ങനെ ബാധിക്കുന്നു എന്ന് പരിശോധിച്ചു. അതില്‍ നിന്നും വൈറസിലെ PB1 ജീൻ തന്നെയാണ് ഉയർന്ന ചൂടിലും വൈറസ് പെരുകാനുള്ള പ്രധാന ഘടകമെന്ന് കണ്ടെത്തി. ർ
മനുഷ്യശരീരത്തിലെ താപനില പക്ഷിപ്പനി വൈറസുകളെ ചെറുക്കാന്‍ കഴിയണമെന്നില്ല. അതിനാല്‍ ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന പകര്‍ച്ചവ്യാധി സാധ്യതകളെ മുന്‍നിര്‍ത്തി ശക്തമായ നിരീക്ഷണവും മുന്‍കരുതലുകളും ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു. മനുഷ്യന്‍റെ പ്രതിരോധ മാര്‍ഗത്തേയും മറികടന്ന് പക്ഷിപ്പനി പടരാം. ഉയര്‍ന്ന താപനിലയിലും പക്ഷിപ്പനി വൈറസുകള്‍ പെരുകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മനുഷ്യനില്‍ വലിയ ഭീഷണിയാണ് ഇത് സൃഷ്‌ടിക്കുന്നതെന്നും വിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പക്ഷിപ്പനി
ഇന്‍ഫ്ലുന്‍സ എ വൈറസ് മൂലമുണ്ടാകുന്ന പക്ഷിരോഗമാണ് ഏവിയന്‍ ഇന്‍ഫ്ലുന്‍സ അഥവാ പക്ഷിപനി. ഇന്‍ഫ്ലുന്‍സ എ വൈറസുകളെ അവയുടെ ഉപരിതല പ്രോട്ടീനുകളുടെ അടിസ്ഥാനത്തില്‍ ഉപ ഗ്രൂപ്പുകളായി തരംതിരിച്ചിട്ടുണ്ട്. ഇതാണ് എച്ച് വണ്‍ എന്‍ വണ്‍, എച്ച് ഫൈവ് എന്‍ വണ്‍ എന്നിങ്ങനെയാണത്. എച്ച് ഫൈവ്, എച്ച് സെവന്‍ എന്നീ എച്ച് ഉപഗ്രൂപ്പുകളില്‍ പെടുന്ന വൈറസുകളാണ് മാരകമായ പക്ഷപ്പനി രോഗമുണ്ടാക്കുന്നത്.
പക്ഷികളിൽ കാണുന്ന രോഗലക്ഷണങ്ങൾ
താട, പൂവ് എന്നിവയുടെ നീല നിറം, പച്ച കലർന്ന കാഷ്ഠത്തോടു കൂടിയ വയറിളക്കം, മൂക്കിൽ നിന്ന് രക്തം കലർന്ന സ്രവം, കാലുകളിലും കാൽപാദങ്ങളിലും ചുവപ്പു നിറം എന്നിവ പക്ഷിപ്പനിയുടെ ലക്ഷണങ്ങളാണ്. ഇതൊക്കെയുണ്ടെങ്കിലും എല്ലാ പക്ഷികളിലും ഇത്തരം ലക്ഷണങ്ങള്‍ കാണണമെന്നൊന്നുമില്ല. പലപ്പോഴും ലക്ഷണങ്ങള്‍ കാണിക്കാതെ തന്നെ പക്ഷികള്‍ ചത്തൊടുങ്ങുന്നത് കാണാം.
പക്ഷിപ്പനി മനുഷ്യരിലേക്ക്
പക്ഷികളില്‍ മാത്രം കാണപ്പെടുന്ന രോഗമാണ് ഏവിയന്‍ ഇന്‍ഫ്ലുന്‍സ വൈറസുകള്‍. എന്നാല്‍ ഇത് പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനും രോഗമുണ്ടാക്കാനും സാധ്യത വളരെ കൂടുതലാണ്. രോഗബാധയേറ്റ പക്ഷികളുമായും രോഗാണുമലിനമായ സാഹചര്യങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെ മനുഷ്യരില്‍ രോഗബാധയേല്‍ക്കന്‍ സാധ്യതയുണ്ട്. രോഗബാധയേറ്റവരുടെ മരണ സാധ്യത 40 ശതമാനമാണ്.
H5N1, H7N9, H7N7, H9N2 തുടങ്ങിയ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസുകളെല്ലാം മനുഷ്യരിലേക്ക് പകരാനും രോഗമുണ്ടാക്കാനും ശേഷിയുള്ളവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രോഗാധയുള്ള പക്ഷികളോ രോഗബാധയേറ്റ് ചത്ത പക്ഷികളുമായോ സമ്പര്‍ക്കം പുലര്‍ത്തുന്നുവര്‍ക്ക് ഇത്തരം വൈറസുകള്‍ പിടിപെടാം.
പക്ഷിപ്പനി വൈറസുകൾ മനുഷ്യരിൽ കാണുന്ന ഇൻഫ്ലുവെൻസ വൈറസുകളുമായി ചേർന്ന് പുതിയ ജനിതകഘടനയാർജിച്ച് (ആന്റിജെനിക് ഷിഫ്റ്റ്) കോവിഡ്-19 വൈറസുകളെ പോലെ ഒരു ആഗോള മഹാമാരിയായി ( പാൻഡെമിക്) മാറിയേക്കാം എന്ന മുന്നറിയിപ്പ് നേരത്തെ തന്നെ ലോകാരോഗ്യ സംഘടന നൽകിയിരുന്നു.
പക്ഷികളെ കൊന്നൊടുക്കുന്നത്
രോഗവാഹകരും രോഗബാധിതരുമായ പക്ഷികള്‍ അവയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള സ്രവങ്ങളിലൂടെയും കാഷ്ഠത്തിലൂടെയും ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസിനെ ധാരാളമായി പുറന്തള്ളും. ഇവയുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കം പുലര്‍ത്തിയാല്‍ മനുഷ്യരിലേക്കും ഈ വൈറസുകള്‍ എത്തും. കുടിവെള്ളം. ഫാം ഉപകരണങ്ങള്‍, ഫാം തൊഴിലാളികളുടെ വസ്‌ത്രങ്ങള്‍, പാദരക്ഷകള്‍ എന്നിവയിലൂടെയും രോഗം പകരാം.
തണുത്ത കാലാവസ്ഥയില്‍ ദീര്‍ഘനാള്‍ വൈറസുകള്‍ നിലനില്‍ക്കാന്‍ കഴിയും. വൈറസ് ബാധയേല്‍ക്കുന്ന ചില പക്ഷികള്‍ (കോഴി, കാട, ടര്‍ക്കി ഒഴികെ) രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാതെ വൈറസിന്‍റെ നിത്യവാഹകരായി മാറാനും ഇടയുണ്ട്. ഈ കാരണങ്ങളാല്‍ രോഗം കണ്ടെത്തിയതിന് ഒരു കിലോമീറ്റര്‍ പരിധിയില്‍ രോഗസാധ്യതയുള്ളതും രോഗവാഹകരാവാന്‍ ഇടയുള്ളതുമായ മുഴുവന്‍ വളര്‍ത്തുപക്ഷികളെയും കൊന്നൊടുക്കി സുരക്ഷിതമായി സംസ്ക്കരിക്കുക എന്നതാണ് പോംവഴി.






