ചൈനയുടെ അതിർത്തി കാക്കാൻ റോബോട്ടുകൾ:

0
51

ചൈന-വിയറ്റ്നാം അതിർത്തിയിൽ സുരക്ഷാ പട്രോളിങിന് ഡിസംബറിൽ റോബോട്ടുകളും പങ്കാളികളാകും. ഇതിനായി സ്വകാര്യ റോബോട്ട് കമ്പനിക്ക് ഏകദേശം 307 മില്യണിന്‍റെ കരാർ ലഭിച്ചു.

തൊരു രാജ്യത്തും അതിർത്തികൾ സംരക്ഷിക്കാൻ ആളുകളെ വിന്യസിക്കുന്നത് വളരെ സാധാരണമാണ്. എന്നാൽ പതിവിൽ നിന്നും വ്യത്യസ്‌തമായി അതിർത്തി കാക്കുന്നത് റോബോട്ടുകളാണെങ്കിലോ… അതെ, മനുഷ്യന് സമാനമായി ഓടാനും നടക്കാനും വീട്ടുജോലികൾ ചെയ്യാനും പഠിപ്പിച്ച റോബോട്ടുകൾ ഇനി അയൽരാജ്യമായ ചൈനയുടെ അതിർത്തിയുടെ കാവൽക്കാരാകാൻ പോവുകയാണ്.

ചൈനയിൽ ഗ്വാങ്‌സി അതിർത്തിയുടെ സുരക്ഷാ ഉത്തരവാദിത്തം വരുന്ന ഡിസംബറിൽ റോബോട്ടുകൾക്ക് നൽകും. വ്യാവസായിക-ഗ്രേഡ് ഹ്യൂമനോയിഡ് റോബോട്ടുകളെയാണ് പട്രോളിങിനായി വിന്യസിക്കുക. ഇതിനായി ഷെൻ‌ഷെൻ ആസ്ഥാനമായുള്ള ചൈനയുടെ റോബോട്ട് നിർമാതാക്കളായ യുബിടെക് റോബോട്ടിക്‌സിന് (UBTech Robotics) 264 ദശലക്ഷം യുവാൻ (ഏകദേശം 3,30,71,69,150) വിലമതിക്കുന്ന കരാർ ലഭിച്ചു.

രാജ്യത്തെ പൊതു ഇടങ്ങളിലും വ്യാവസായിക ആപ്ലിക്കേഷനുകളിലും റോബോട്ടിക്‌സ് കൊണ്ടുവരാനുള്ള ചൈനയുടെ ശ്രമത്തെയാണ് ഇവിടെ കാണിക്കുന്നത്. യുബിടെക് റോബോട്ടിക്‌സുമായി ചേർന്ന് ചൈനീസ് സർക്കാർ ഫാങ്‌ചെങ്‌ഗാങ്ങിൽ ഒരു ഹ്യൂമനോയിഡ് റോബോട്ട് സെന്‍റർ സ്ഥാപിച്ചതായി സമീപകാല റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. ചൈന-വിയറ്റ്നാം അതിർത്തിക്കടുത്തായിരിക്കും ബിടെക്കിന്‍റെ ‘വാക്കർ എസ് 2’ റോബോട്ടുകളെ വിന്യസിക്കുക.

ചൈനയിലെ സർക്കാർ പ്രവർത്തനങ്ങളിൽ ഹ്യൂമനോയിഡ് സിസ്റ്റങ്ങൾ ഉൾപ്പെടുത്തിയ ഏറ്റവും വലിയ സംരഭങ്ങളിലൊന്നാണിത്. സൗത്ത് ചൈന മോർണിങ് പോസ്റ്റ് (SCMP) ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്‌തത്.

വാക്കർ S2 റോബോട്ടിനെ കുറിച്ചറിയാം
തുടർച്ചയായ പ്രവർത്തനത്തിനായി രൂപകൽപ്പന ചെയ്‌ത ഒരു വ്യാവസായിക-ഗ്രേഡ് ഹ്യൂമനോയിഡ് റോബോട്ടാണിത്. അതിർത്തി, വ്യാവസായിക ആപ്ലിക്കേഷനുകൾ എന്നിവ ലക്ഷ്യമിട്ടാണ് വിന്യാസം നടത്തുന്നതെങ്കിലും, വാക്കർ എസ് 2 റോബോട്ടിന്‍റെ രൂപകൽപ്പന സ്‌മാർട്ട് നിർമ്മാണത്തിലും ലോജിസ്റ്റിക്‌സിലും വേരൂന്നിയതാണ്. ഏകദേശം 1.76 മീറ്റർ ഉയരമുള്ള റോബോട്ടിന് 52 ഡിഗ്രി ഫ്രീഡമുള്ള ഉയർന്ന ആർട്ടിക്കുലേറ്റഡ് ബോഡിയാണ് നൽകിയിരിക്കുന്നത്. ഇതിൽ 11 ഡിഗ്രി ഫ്രീഡമുള്ള നാലാം തലമുറ ഡെക്‌സ്റ്ററസ് കൈകളും ഉൾപ്പെടുന്നു.

തറയിൽ നിന്ന് 1.8 മീറ്റർ വരെ നീളമുള്ള വർക്ക്‌സ്‌പെയ്‌സിൽ ഒരു കൈയിൽ 15 കിലോഗ്രാം (33 പൗണ്ട്) വരെ ഭാരം വഹിക്കാൻ റോബോട്ടിന് കഴിയും. കുനിയാനും നീങ്ങാനും ശേഷിയുള്ള തരത്തിലാണ് ഇത് ഡിസൈൻ ചെയ്‌തിരിക്കുന്നത്. ഈ റോബോട്ടിന്‍റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് അതിന്‍റെ സ്വയം സ്വാപ്പ് ചെയ്‌ത് മാറ്റാവുന്ന ഡ്യുവൽ-ബാറ്ററി സംവിധാനമാണ്. ചാർജ് തീരാനായാൽ മൂന്ന് മിനിറ്റിനുള്ളിൽ ബാറ്ററി മാറ്റിയിടാൻ റോബോട്ടിന് തന്നെ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. പുതിയ ഫുൾ ചാർജ് ബാറ്ററിയിൽ ഏകദേശം 24 മണിക്കൂർ തുടർച്ചയായ പ്രവർത്തനം അനുവദിക്കുന്നു.

മൾട്ടിമോഡൽ റീസണിങ്, ടാസ്‌ക് പ്ലാനിങ്, ഓട്ടോണമസ് എക്‌സെപ്ഷൻ ഹാൻഡ്‌ലിങ് എന്നിവയ്‌ക്കായി ഇതിൽ എഐ ഫ്രെയിംവർക്കുകൾ സംയോജിപ്പിച്ചിട്ടുണ്ട്. ചൈനീസ് സർക്കാർ റോബോട്ടുകളെ ഏതൊക്കെ തരത്തിൽ പ്രയോജനപ്പെടുത്തുമെന്ന് പരിശോധിക്കാം.

പരിശോധനകൾ, ലോജിസ്റ്റിക്‌സ് എന്നിവ കൈകാര്യം ചെയ്യുന്നതിന്
SCMP റിപ്പോർട്ട് അനുസരിച്ച്, പൈലറ്റ് പ്രോഗ്രാം വഴി അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ വാക്കർ എസ് 2 റോബോട്ടുകളെ വിന്യസിക്കും. അതിർത്തിയിലെ യാത്രക്കാരെ നയിക്കുക, ഉദ്യോഗസ്ഥരുടെ ഒഴുക്ക് നിയന്ത്രിക്കുക, പട്രോളിങ് ചുമതലകളിൽ സഹായിക്കുക, ലോജിസ്റ്റിക് ജോലികൾ കൈകാര്യം ചെയ്യുക, വാണിജ്യ സേവനങ്ങളെ പിന്തുണയ്ക്കുക എന്നിവയാണ് റോബോട്ടുകളെക്കൊണ്ട് ചെയ്യിപ്പിക്കുക. കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പുറമേ, സ്റ്റീൽ, ചെമ്പ്, അലുമിനിയം എന്നിവയുടെ നിർമ്മാണ സ്ഥലങ്ങളിലും പരിശോധന നടത്താൻ റോബോട്ടുകളെ ഉപയോഗിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here