
ന്യൂഡല്‍ഹി: പസഫിക് സമുദ്രത്തിലെ അസാധാരണമായ ചൂടുപിടിക്കലിനെത്തുടർന്ന് ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണമാകുന്ന ‘എൽ നിനോ’ പ്രതിഭാസം അതിവേഗം രൂപപ്പെടുന്നതായി ലോക കാലാവസ്ഥാ സംഘടനയുടെ (ഡബ്ല്യു എം ഒ) മുന്നറിയിപ്പ്. വരും മാസങ്ങളിൽ കടുത്ത ചൂടിനും അതിതീവ്ര മഴയ്ക്കും വരൾച്ചയ്ക്കും ഇത് കാരണമായേക്കാം. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ എൽ നിനോ രൂപപ്പെടാൻ 80 ശതമാനം സാധ്യതയുണ്ടെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ഇതോടെ ഇന്ത്യയിലെ വരാനിരിക്കുന്ന കാലവർഷത്തിൻ്റെ ശക്തി ഗണ്യമായി കുറയാനും, ജൂൺ മാസം പതിവിലും കൂടുതൽ ചൂടുള്ളതാകാനും സാധ്യതയേറി. മുൻപ് 2023-24 കാലഘട്ടത്തിൽ ഉണ്ടായ എൽ നിനോ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഒന്നായിരുന്നു. അത് 2024-ൽ ആഗോള താപനില റെക്കോർഡ് നിലയിലേക്ക് ഉയരാൻ കാരണമായെന്ന് ഡബ്ല്യു.എം.ഒ ജനറൽ സെക്രട്ടറി സെലസ്റ്റ് സൗലോ വ്യക്തമാക്കി.
ഈ നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ‘എൽ നിനോ’?
ഇത്തവണ വരാനിരിക്കുന്ന എൽ നിനോ ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ശക്തമായ ഒന്നായിരിക്കാമെന്ന് ചില ശാസ്ത്രജ്ഞർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ലോക കാലാവസ്ഥാ സംഘടന ഈ പ്രവചനങ്ങളെ പൂർണമായി ശരിവെച്ചിട്ടില്ല. ഭാവി പ്രവചനങ്ങളിൽ ഇപ്പോഴും നേരിയ അനിശ്ചിതത്വമുണ്ടെന്ന് ഡബ്ല്യു.എം.ഒ ജനറൽ സെക്രട്ടറി സെലസ്റ്റ് സൗലോ പറഞ്ഞു. “ചില കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ ഇത് കടുത്ത എൽ നിനോ ആയിരിക്കുമെന്ന് സൂചിപ്പിക്കുമ്പോൾ, മറ്റ് ചില റിപ്പോര്‍ട്ടുകള്‍ അത്ര തീവ്രത പ്രവചിക്കുന്നില്ല” എന്ന് അവർ വ്യക്തമാക്കി. എങ്കിലും രാജ്യാന്തര തലത്തിൽ കനത്ത ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് സംഘടന ഓർമ്മിപ്പിച്ചു.
“
എൽ നിനോ ഭീഷണി; ജില്ലാതല അടിയന്തര പദ്ധതികൾ സജ്ജമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം
തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയിൽ കുറവുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന്, അടിയന്തര ജില്ലാതല പ്രതിരോധ പദ്ധതികൾ ഉടൻ നടപ്പിലാക്കാൻ കേന്ദ്ര കാർഷിക മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഏജൻസികൾക്കും നിർദേശം നൽകി. കൃഷി ഭവനിൽ നടന്ന ഉന്നതതല യോഗത്തിൽ കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അധ്യക്ഷത വഹിച്ചു. കർഷകർക്ക് കൃത്യസമയത്ത് നിർദേശങ്ങൾ നൽകുക, വരൾച്ചയെ പ്രതിരോധിക്കുന്നതും കുറഞ്ഞ കാലയളവിൽ വിളവെടുക്കാവുന്നതുമായ സർട്ടിഫൈഡ് വിത്തുകൾ ലഭ്യമാക്കുക, മണ്ണിലെ ഈർപ്പം സംരക്ഷിക്കുക, ജലാശയങ്ങളിലെ വെള്ളം ശാസ്ത്രീയമായി ഉപയോഗിക്കുക എന്നിവയ്ക്കായിരിക്കണം മുൻഗണനയെന്ന് മന്ത്രി വ്യക്തമാക്കി.
അടിയന്തര പദ്ധതികൾ വെറും കടലാസില്‍ മാത്രമായി ഒതുങ്ങരുതെന്നും പ്രാദേശിക സാഹചര്യങ്ങൾക്ക് അനുസൃതമായി അവ നടപ്പിലാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മഴയിൽ രണ്ടാഴ്ച മുതൽ നാലാഴ്ച വരെ ഇടവേളയുണ്ടായാൽ, വീണ്ടും വിതയ്ക്കൽ, ജീവൻരക്ഷാ ജലസേചനം, ഇതര വിളകൾ എന്നിവയ്ക്കായി വ്യക്തമായ തന്ത്രങ്ങൾ രൂപീകരിക്കാൻ അദ്ദേഹം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട കീട-രോഗ സാധ്യതകൾ നിരീക്ഷിക്കുമെന്നും ഡിജിറ്റൽ സംവിധാനങ്ങളും കോൾ സെൻ്ററുകളും വഴി കർഷകരിലേക്ക് വിവരങ്ങൾ വേഗത്തിൽ എത്തിക്കുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്രത്തിൻ്റെ പൂർണ പിന്തുണ ഉറപ്പാക്കുന്നതോടൊപ്പം, പ്രതിരോധ പ്രവർത്തനങ്ങളിൽ പിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകൾ നിരന്തരം വിലയിരുത്തും.
മേഖലകളിൽ നേരത്തെ ലഭിച്ച മഴയെ തുടർന്ന് ഖാരിഫ് വിളകളുടെ വിതയ്ക്കൽ ആരംഭിച്ചിട്ടുണ്ട്. സാധാരണ ലഭിക്കേണ്ട ദീർഘകാല ശരാശരി മഴയുടെ 90 ശതമാനം മാത്രമേ ഇത്തവണ ലഭിക്കൂ എന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. ജൂൺ 4-ഓടെ തെക്കുപടിഞ്ഞാറൻ മൺസൂൺ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ രാജ്യത്ത് ഖാരിഫ്, റാബി സീസണുകളിലേക്ക് ആവശ്യമായതിനേക്കാൾ കൂടുതൽ വിത്ത് സംഭരണമുണ്ടെന്നും അടിയന്തര സാഹചര്യങ്ങൾക്കായി ദേശീയ വിത്ത് കരുതൽ ശേഖരം രൂപീകരിച്ചിട്ടുണ്ടെന്നും യോഗത്തിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കൃഷി വൈകുന്ന സാഹചര്യങ്ങളിൽ ഇതര വിളകളെക്കുറിച്ചും വരൾച്ചയെ പ്രതിരോധിക്കുന്ന വിത്തിനങ്ങളെക്കുറിച്ചും ജില്ലാ അടിസ്ഥാനത്തിൽ കൃത്യമായ നിർദേശങ്ങൾ നൽകാൻ മന്ത്രി ആവശ്യപ്പെട്ടു. ഫാം പോണ്ടുകൾ (കൃഷി തോട്ടങ്ങളിലെ കുളങ്ങൾ), പ്രാദേശിക ജലസംരക്ഷണ മാർഗ്ഗങ്ങൾ എന്നിവയിലൂടെ മണ്ണിലെ ഈർപ്പം നിലനിർത്താൻ ഗ്രാമീണ വികസന ഏജൻസികൾ ഉടൻ ഇടപെടണം. നിലവിലുള്ള ജലാശയങ്ങളിലെ വെള്ളം പരമാവധി കർഷകർക്കും വിളകൾക്കും ഉപകാരപ്പെടും വിധം ശാസ്ത്രീയവും സന്തുലിതവുമായി ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലാവസ്ഥാ പ്രവചനങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെങ്കിലും, കർഷകർ ഒട്ടും പരിഭ്രാന്തരാകേണ്ടതില്ലെന്ന് മന്ത്രി ഉറപ്പ് നൽകി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഏകോപിത ശ്രമങ്ങൾ, മികച്ച ജലമാനേജ്മെൻ്റ്, ആധുനിക സാങ്കേതികവിദ്യ, കാലാവസ്ഥയെ പ്രതിരോധിക്കുന്ന കാർഷിക രീതികൾ എന്നിവയിലൂടെ ഏത് വെല്ലുവിളിയെയും നേരിടാനും കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും സാധിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കൃഷി വകുപ്പ് സെക്രട്ടറി അതീഷ് ചന്ദ്ര, ഐസിഎആർ ഡയറക്ടർ ജനറൽ എം.എൽ. ജാട്ട്, ഐഎംഡി, സിആർഐഡിഎ എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ഇന്ത്യയുടെ നാല് മാസത്തെ മൺസൂൺ കാലയളവിനെ മുഴുവൻ ബാധിക്കുന്ന തരത്തിൽ, എൽ നിനോ നവംബർ വരെ തുടരാൻ 90 ശതമാനത്തിലധികം സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. ഖാരിഫ് വിളകളുടെ വിതയ്ക്കൽ നടക്കുന്ന ഈ സമയത്ത് പ്രതിഭാസം ഉണ്ടാകുന്നത് കൃഷിയെ ദോഷകരമായി ബാധിക്കും. വറ്റിവരൾച്ചയെ പ്രതിരോധിക്കുന്ന വിത്തിനങ്ങളും ബാജ്ര, ചോളം തുടങ്ങിയ കുറഞ്ഞ വെള്ളം ആവശ്യമുള്ള വിളകളും പ്രോത്സാഹിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. നിലവിൽ രാജ്യത്തെ ജലാശയങ്ങളിലെ ജലസംഭരണം തൃപ്തികരമായ (സാധാരണയേക്കാൾ 127%) നിലയിലാണെന്നത് ആശ്വാസകരമാണ്.







