ന്യൂഡല്‍ഹി: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന എപിക് ഫ്യൂരിയെന്ന സൈനിക നടപടിക്കിടെ ഇന്ധനം നിറയ്ക്കുന്ന അമേരിക്കയുടെ ഒരു സൈനിക വിമാനം തര്‍ന്ന് വീണതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ്. കെസി135 ടാങ്കര്‍ വിഭാഗത്തില്‍ പെടുന്ന വിമാനമാണ് തകര്‍ന്നതെന്നും മധ്യകമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. സൗഹൃദ വ്യോമപാതയിലാണ് അപകടം നടന്നതെന്നും അമേരിക്ക പറഞ്ഞു. ദൗത്യത്തിന്‍റെ ഭാഗമായി രണ്ട് വിമാനങ്ങളുണ്ടായിരുന്നു. ഇതില്‍ ഒന്ന് സുരക്ഷിതമായി തിരികെയെത്തിയെന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്.
അതേസമയം ശത്രുവിന്‍റെ ആക്രമണത്തില്‍ അല്ല വിമാനം തകര്‍ന്നതെന്നും അമേരിക്ക അവകാശപ്പെട്ടു. സുഹൃത്തിന്‍റെ ആക്രമണവും അല്ല വിമാനം തകര്‍ന്നതിന് കാരണം. അതേസമയം സംഭവത്തില്‍ ആരെങ്കിലും മരിച്ചോ എന്ന കാര്യം അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.
സുരക്ഷിതമായി തിരിച്ചെത്തിയ വിമാനവും കെസി 135 ടാങ്കര്‍ ആണെന്ന് പേര് വെളിപ്പെടുത്താത്ത ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കാമെന്നും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ശാന്തരായി തുടരണമെന്നും അമേരിക്ക പറഞ്ഞു. സേനാംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് വ്യക്തമായ വിവരങ്ങള്‍ വൈകാതെ നല്‍കുമെന്നും സെന്‍ട്രല്‍ കമാന്‍ഡന്‍റ് വ്യക്തമാക്കി.
അതേസമയം ഒരു അമേരിക്കന്‍ ഇന്ധന നിറയ്ക്കല്‍ വിമാനം പശ്ചിമ ഇറാഖിലെ പ്രതിരോധ സംഘങ്ങളുടെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നതായി ഇറാന്‍ അവകാശപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന ആറ് സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതായും ഇറാന്‍ സൈന്യത്തിന്‍റെ മധ്യ ആസ്ഥാനവക്താവിനെ ഉദ്ധരിച്ച് ഇറാന്‍റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്‌തു. അതേസമയം ഇതുവരെ അമേരിക്ക ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പുറത്ത് വന്നിട്ടുള്ള വിവരങ്ങള്‍ പ്രകാരം ഇറാനെതിരെയുള്ള ആക്രമണത്തിനിടെ അമേരിക്കയുടെ നാലാമത്തെ വിമാനമാണ് ഇത്തരത്തില്‍ തകര്‍ന്നിരിക്കുന്നത്. കഴിഞ്ഞാഴ്‌ച അമേരിക്കയുടെ പോര്‍ വിമാനങ്ങള്‍ സൗഹൃദ രാഷ്‌ട്രമായ കുവൈറ്റ് അബദ്ധത്തില്‍ വെടിവച്ചിട്ടിരുന്നു. ഇതില്‍ നിന്ന് സുരക്ഷിതമായി പുറത്തെത്തിച്ച ആറ് ജീവനക്കാരെയും രക്ഷപ്പെടുത്താനായി ഇവര്‍ ആരോഗ്യനില തൃപ്‌തികരമാണെന്നും അമേരിക്ക അറിയിച്ചു. എഫ് 15 ഇ സ്ട്രൈക്ക് ഈഗിള്‍സ് എന്ന വിമാനത്തിലുണ്ടായിരുന്നവരാണ് ഇവരെന്നും അമേരിക്ക പറഞ്ഞു.
ഇതുവരെ അമേരിക്കയുടെ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു. 140 അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ എട്ടുപേര്‍ക്ക് ഗുരുതര പരിക്കാണുള്ളതെന്നും പെന്‍റഗണ്‍ കഴിഞ്ഞാഴ്‌ച വ്യക്തമാക്കിയിരുന്നു. യുദ്ധം അവസാനിക്കും മുമ്പ് കൂടുതല്‍ അമേരിക്കക്കാരുടെ ജീവന്‍ ഇറാന്‍ അപഹരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും പ്രതിരോധ സെക്രട്ടറി പെറ്റെ ഹെഗ്‌സേത്തും പറഞ്ഞിരുന്നു.
കുവൈറ്റിലെ ഒരു തുറമുഖത്ത് ഇറാന്‍ ഡ്രോണ്‍ ആക്രമണത്തിലാണ് ആറ് പേര്‍ മരിച്ചതെന്ന് പെന്‍റഗണ്‍ പറഞ്ഞു. ഇവര്‍ കരുതല്‍ വിഭാഗത്തിലുള്ള സൈനിക ഉദ്യോഗസ്ഥരായിരുന്നു. സൈനികര്‍ക്ക് ആവശ്യമുള്ള ഭക്ഷണങ്ങളും മറ്റുപകരണങ്ങളുമെത്തിക്കുന്ന ചുമതലയും ഇവര്‍ക്കായിരുന്നു.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും സൈനിക നടപടി ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഇസ്ലാമിക് റിപ്പബ്ലിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ഇസ്രയേലിനെയും അമേരിക്കയുടെ സൈനികത്താവളങ്ങളുള്ള നിരവധി ഗള്‍ഫ് അറബ് രാജ്യങ്ങളെയും ആക്രമിക്കുന്നത്. സൗദി അറേബ്യയിലെ സുല്‍ത്താന്‍ വ്യോമത്താവളത്തില്‍ മാര്‍ച്ച് ഒന്നിനുണ്ടായ ആക്രമണത്തിലാണ് മറ്റൊരു അമേരിക്കക്കാരന്‍ കൊല്ലപ്പെട്ടത്.
ആദ്യം കൊല്ലപ്പെട്ട ആറ് പേരുടെ മൃതദേഹവുമായെത്തിയ പേടകങ്ങളെ സ്വീകരിക്കാന്‍ ഡോവര്‍ എയര്‍ഫോ്‌ഴസ് താവളത്തില്‍ പ്രസിഡന്‍റ് ട്രംപും എത്തിയിരുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ അദ്ദേഹം പങ്കുചേര്‍ന്നു. ഡോവറില്‍ ഈയാഴ്‌ചയെത്തിയ ഏഴാമത്തെ മൃതദേഹം വൈസ് പ്രസിഡന്‍റ് ജെ ഡി വാന്‍സും ഹെഗ്സേത്തും അടക്കമുള്ളവര്‍ ചേര്‍ന്ന ഏറ്റുവാങ്ങി.
ബോയിങ് 707 വിമാനത്തിന്‍റെ മാതൃകയിലുള്ളതാണ് ഇന്ന് തകര്‍ന്ന് വീണ കെസി 135. അറുപത് വര്‍ഷമായി ഇത് സേനയുടെ ഭാഗമാണ്. ദീര്‍ഘകാല സേവനത്തിലുള്ള മറ്റേതൊരു വിമാനത്തെയും പോലെ ഇതും നിരവധി അറ്റകുറ്റപ്പണികള്‍ക്കും നവീകരണങ്ങള്‍ക്കും വിധേയമായിട്ടുണ്ട്.
സാധാരണയായി കെസി 135 ടാങ്കറുകളില്‍ മൂന്ന് ജീവനക്കാരാണ് ഉണ്ടാകുക. ബാക്കിയുള്ളവര്‍ക്ക് വിമാനത്തില്‍ എന്തായിരുന്നു ദൗത്യമെന്നത് വ്യക്തമല്ല. കോണ്‍ഗ്രഷണല്‍റിസര്‍ച്ച് സര്‍വീസിന്‍റെ കഴിഞ്ഞ കൊല്ലത്തെ കണക്കുകള്‍ പ്രകാരം ആകെ 376 കെസി 135 വിമാനങ്ങളാണ് അമേരിക്കന്‍ സൈന്യത്തിനുണ്ടായിരുന്നത്. ഇതില്‍ 151 സജീവമായി രംഗത്തുണ്ട്. 163 എണ്ണം എയര്‍ നാഷണല്‍ ഗാര്‍ഡിലും 62എണ്ണം വ്യോമസേന കരുതല്‍ വിഭാഗത്തിലുമാണ് ഉള്ളത്.






