കുട്ടികളിലെ ഇൻസ്റ്റാഗ്രാം പ്രണയം വർധിക്കുന്നു…

0
14

പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നതൊക്കെ ശരിയാണ്. പരസ്‌പരം കാണാതെയുള്ള അനശ്വര പ്രണയങ്ങളും നമ്മള്‍ കേട്ടിട്ടുണ്ട്. സിനിമകളിലൂടെ കണ്ടും നോവലുകളിലൂടെ വായിച്ചും പ്രണയാർദ്രമാകാറുമുണ്ട്. എന്നാൽ പരസ്‌പരം കാണാതെയുള്ള ഓണ്‍ലൈൻ പ്രണയങ്ങളിലെ ചതിയെപ്പറ്റിയും നമ്മള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. പലപ്പോഴും പ്രായപൂർത്തിയാകാത്ത കുട്ടികളാണ് ഈ ചതിക്കുഴികളിൽ വീണുപോകാറുള്ളത്.

നമ്മുടെ കുട്ടികളുടെ സ്വകാര്യത തീർച്ചയായും മാതാപിതാക്കള്‍ മാനിക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ അവരുടെ സുരക്ഷിതത്വവും നമ്മള്‍ ഉറപ്പാക്കേണ്ടതുണ്ട്. കുട്ടികളിലെ മൊബൈൽ ഉപയോഗവും സോഷ്യൽ മീഡിയ ഉപയോഗവുമെല്ലാം മാതാപിതാക്കള്‍ അറിഞ്ഞിരിക്കണമെന്നാണ് വിദഗ്‌ധർ നൽകുന്ന മുന്നറിയിപ്പ്. ഇത്തരത്തിൽ നിരവധി വാർത്തകളാണ് പുറത്തുവരുന്നത്. ഇൻസ്റ്റാഗ്രാം പ്രണയത്തിൽ കുടുങ്ങിയ 16 വയസുകാരി ലൈംഗീക കടത്ത് സംഘത്തിൻ്റെ പിടിയിലകപ്പെട്ട വാർത്തയും അറിഞ്ഞുകാണുമല്ലോ..?

ഇൻസ്റ്റയിലൂടെ പെണ്‍കുട്ടി യുവാവിനെ പരിചയപ്പെടുകയായിരുന്നു. ഒടുവിൽ സൗഹൃദം പ്രണയമായി മാറി. ഒരു ദിവസം, യുവാവ് സുഹൃത്തുക്കളോടൊപ്പം കാറിൽ വിജയവാഡയിലെത്തി. പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി പൽനാട് ജില്ലയിലെ സത്തേനപള്ളിയിലെ ഒരു ലോഡ്‌ജിൽ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ഒടുവിൽ പെൺകുട്ടി രക്ഷപ്പെട്ട് വിജയവാഡയിൽ വച്ചാണ്.

സമാനമായ മറ്റൊരു കേസാണ് ഫിലിം നഗറിൽ നിന്നുള്ള 17കാരി ഇൻസ്റ്റയിൽ പരിചയപ്പെട്ട ഒരു യുവാവുമായി പ്രണയത്തിലായി. യുവാവിനെ വിശ്വസിച്ച കുട്ടി വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും പണവും എടുത്ത് പോയി. ഇരുവരും ബസ് സ്റ്റാൻഡിൽ കണ്ടുമുട്ടി. പെൺകുട്ടി ശുചിമുറിയിൽ പോയ തക്കത്തിന് യുവാവ് സ്വർണവും പണവുമായി മുങ്ങി.

ഇത്തരത്തിൽ കേരളത്തിൽ നിന്നും സമാനമായ നിരവധി ഡിജിറ്റൽ സൗഹൃദങ്ങൾ പ്രണയമായി മാറിയ കഥകള്‍ കേള്‍ക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമിലൂടെയും മറ്റ് സോഷ്യൽ മീഡിയകളിലൂടെയും കണ്ടുമുട്ടുന്ന ആളുകളുമായി പ്രണയത്തിലാകുന്ന കൗമാരക്കാർ ഒടുവിൽ അവരുടെ ഭാവി പാതയും ലക്ഷ്യസ്ഥാനവും അറിയാതെ ജീവൻ പണയപ്പെടുത്തുകയാണ്. പക്വതയില്ലാത്ത പ്രായത്തിൽ, പ്രായപൂർത്തിയാകാത്ത കുട്ടികൾ വീടുവിട്ടിറങ്ങാൻ മടിക്കാറില്ലെന്നാണ് വിദഗ്‌ധർ പറയുന്നത്.

ഇതിനെല്ലാം കാരണമായി പറയുന്നതാകട്ടെ കുട്ടികളുടെ മൊബൈൽ ഉപയോഗത്തിലെ മാതാപിതാക്കളുടെ മേൽനോട്ടമില്ലായ്‌മയാണ്. കുട്ടികളുടെ ദൈനംദിന ജീവിതം, ശീലങ്ങൾ, ഹോബികൾ എന്നിവയെക്കുറിച്ച് മാതാപിതാക്കള്‍ക്ക് ധാരണയില്ലായ്‌മ. മാതാപിതാക്കൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളും തർക്കവുമെല്ലാം കുട്ടികളെ ബാധിക്കുമെന്നും പറയുന്നു. ഇവയെല്ലാം കുട്ടികളെ ഡിജിറ്റൽ സൗഹൃദങ്ങളിൽ സമയം ചെലവഴിക്കാൻ പ്രേരിപ്പിക്കുന്നുവെന്ന് ഇഗ്നോ റീജിയണൽ സെൻ്ററിലെ സൈക്കോളജിസ്റ്റും ഡെപ്യൂട്ടി ഡയറക്‌ടറുമായ ഡോ. ബി പ്രസാദ് ബാബു പറയുന്നു.

”സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ ശരിയായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ, നിരവധി ദോഷങ്ങൾ നേരിടേണ്ടിവരും. ഈ മോശം ഫലം അവരുടെ മേൽ വീഴാതിരിക്കാൻ മാതാപിതാക്കൾ കുട്ടികളെ നയിക്കണം. അവരുടെ മേൽനോട്ടം വളരെ അത്യാവശ്യമാണ്. നമ്മുടെ കുട്ടികളിൽ നാം നിരന്തരം ആത്മവിശ്വാസം വളർത്തണം.

കുട്ടികൾക്ക് അവരുടെ വികാരങ്ങൾ സ്വതന്ത്രമായി പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു സൗഹൃദ അന്തരീക്ഷം വീട്ടിൽ സൃഷ്‌ടിക്കണം. ശരിയായ മേൽനോട്ടമില്ലാതെയും കുട്ടികൾ ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താതെയും അമിത സ്വാതന്ത്ര്യം നൽകുന്നത് അത്തരം പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. മാതാപിതാക്കൾ ഫോൺ ഉപയോഗം പരിമിതപ്പെടുത്തുകയും കുട്ടികളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്‌താൽ, അവർക്ക് ഏകാന്തത അനുഭവപ്പെടില്ല.”

LEAVE A REPLY

Please enter your comment!
Please enter your name here