ശശി തരൂരിൻ്റെ മകൻ ഇഷാനെ വാഷിങ്ടണ്‍ പോസ്റ്റില്‍ നിന്നും പിരിച്ചുവിട്ടു,

0
24

വാഷിങ്ടണ്‍ പോസ്റ്റിൽ നിന്നും നിരവധി ജീവനക്കാരെ പിരിച്ചുവിട്ടു… മാറുന്ന സാങ്കേതികവിദ്യയോടും വായനക്കാരുടെ ശീലങ്ങളോടും പൊരുത്തപ്പെടുന്നതിൻ്റെ ഭാഗമായി എടുത്ത ഈ തീരുമാനം വേദനാജനകമാണെങ്കിലും അനിവാര്യമാണെന്ന് എക്‌സിക്യൂട്ടീവ് എഡിറ്റർ

വാഷിങ്‌ടണ്‍: ലോകപ്രശസ്‌ത മാധ്യമം വാഷിങ്ടണ്‍ പോസ്റ്റിൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. ബുധനാഴ്‌ച നടന്ന നടപടിയിൽ സ്ഥാപനത്തിലെ മൂന്നിലൊന്ന് ജീവനക്കാരെയും പിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു. മാധ്യമത്തിൻ്റെ സ്പോർട്‌സ് വിഭാഗം നിർത്തലാക്കുകയും, വിദേശ ബ്യൂറോകൾ പലതും അടച്ചു പൂട്ടുകയും ചെയ്‌തു. ഇതോടൊപ്പം പുസ്‌തക നിരൂപണ വിഭാഗം അവസാനിപ്പിച്ചുവെന്നും ന്യൂഡൽഹി ബ്യൂറോ ചീഫും മിഡിൽ ഈസ്റ്റ് റിപ്പോർട്ടിംഗ് ടീമിനെയും പിരിച്ചുവിട്ടുവെന്നും കമ്പനി സ്ഥിരീകരിച്ചു.

സീനിയർ അന്താരാഷ്ട്ര കോളമിസ്റ്റും ശശി തരൂർ എംപിയുടെ മകനുമായ ഇഷാൻ തരൂർ പിരിച്ചുവിടപ്പെട്ട 300-ഓളം പേരിൽ ഒരാളാണ്. തൻ്റെ വർഷങ്ങളായുള്ള സേവനവും പെട്ടെന്നുള്ള ഈ മാറ്റവും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. “വാഷിങ്ടൺ പോസ്റ്റിൽ നിന്ന് എന്നെയും നിരവധി അന്താരാഷ്ട്ര വിഭാഗം ജീവനക്കാരെയും മറ്റ് നിരവധി പ്രിയപ്പെട്ട സഹപ്രവർത്തകരെയും ഇന്ന് പിരിച്ചുവിട്ടിരിക്കുന്നു, ഞങ്ങളുടെ ന്യൂസ്‌റൂമിനെയോർത്ത്, പ്രത്യേകിച്ച് അന്താരാഷ്ട്ര തലത്തിൽ സേവനമനുഷ്‌ഠിച്ച നിസ്‌തുലരായ പത്രപ്രവർത്തകരെയോർത്ത് എൻ്റെ ഹൃദയം തകരുന്നു” എന്ന് ഇഷാൻ എക്‌സില്‍ കുറിച്ചു. ഒഴിഞ്ഞുകിടക്കുന്ന ന്യൂസ്‌റൂമിൻ്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് “ഒരു മോശം ദിവസം” എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

അന്തരാഷ്‌ട്രതലത്തില്‍ നടക്കുന്ന കാര്യങ്ങള്‍ വായനക്കാർക്ക് ലളിതമായി മനസ്സിലാക്കിക്കൊടുക്കുന്നതിനായി 2017-ൽ ‘വേൾഡ് വ്യൂ’ എന്ന കോളം ആരംഭിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയായി കരുതുന്നുവെന്ന് ഇഷാൻ പറഞ്ഞു. വർഷങ്ങളായി തൻ്റെ റിപ്പോർട്ടുകൾ പിന്തുടരുന്ന ഏകദേശം അഞ്ച് ലക്ഷത്തോളം വരിക്കാർക്ക് അദ്ദേഹം നന്ദി അറിയിച്ചു. ബുധനാഴ്‌ച നടന്ന ഈ പിരിച്ചുവിടലുകൾ വലിയൊരു പുനഃസംഘടനയുടെ ഭാഗമാണെന്ന് വാഷിങ്‌ടണ്‍ പോസ്റ്റ് സ്ഥിരീകരിച്ചു

പിരിച്ചുവിടപ്പെട്ട പ്രമുഖർ:

  • പ്രാൻഷു വർമ്മ: ന്യൂഡൽഹി ബ്യൂറോ ചീഫ്.
  • ക്ലെയർ പാർക്കർ: കെയ്‌റോ ബ്യൂറോ ചീഫ് (മിഡിൽ ഈസ്റ്റ് ടീമിനൊപ്പം).
  • ലിസി ജോൺസൺ: യുദ്ധമേഖലയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്ന ഉക്രെയ്ൻ ലേഖിക.
  • ഇമ്മാനുവൽ ഫെൽട്ടൺ: പത്രത്തിലെ ആദ്യത്തെ റേസ് ആൻഡ് എത്തിനിസിറ്റി റിപ്പോർട്ടർ.
  • കരോലിൻ ഒ’ഡോനോവൻ: ആമസോൺ റിപ്പോർട്ടർ.
  • ജെഫ് ഫൗളർ: ടെക്നോളജി കോളമിസ്റ്റ്.
  • ജഡ യുവാൻ, ജേക്കബ് ബ്രോഗൻ: കൾച്ചർ ആൻഡ് ബുക്സ് എഡിറ്റർമാർ.

മാറുന്ന സാങ്കേതികവിദ്യയോടും വായനക്കാരുടെ ശീലങ്ങളോടും പൊരുത്തപ്പെടുന്നതിൻ്റെ ഭാഗമായി എടുത്ത ഈ തീരുമാനം വേദനാജനകമാണെങ്കിലും അനിവാര്യമാണെന്ന് എക്‌സിക്യൂട്ടീവ് എഡിറ്റർ മാറ്റ് മുറെ പറഞ്ഞു. എല്ലാവർക്കും എല്ലാമായിരിക്കാൻ സ്ഥാപനത്തിന് കഴിയില്ലെന്നും അദ്ദേഹം ജീവനക്കാരോട് വ്യക്തമാക്കി.

എന്നാൽ, ഈ തീരുമാനത്തെ മുൻ എഡിറ്റർ മാർട്ടിൻ ബാരൺ രൂക്ഷമായി വിമർശിച്ചു. ഇത് മാധ്യമത്തിൻ്റെ ബ്രാൻഡ് മൂല്യത്തെ സ്വയം തകർക്കുന്ന നടപടിയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ലോകത്തിലെ തന്നെ ഏറ്റവും സ്വാധീനമുള്ള ന്യൂസ്‌റൂമുകളിൽ ഒന്നായ വാഷിങ്ടൺ പോസ്റ്റിന്, ഈ വെട്ടിക്കുറയ്ക്കലുകൾ ദീർഘകാലാടിസ്ഥാനത്തിൽ വലിയ ദോഷം ചെയ്യുമെന്ന് ജേണലിസം അധ്യാപകരും മുൻ ജീവനക്കാരും മുന്നറിയിപ്പ് നൽകി. കമ്പനി തലത്തിൽ നടന്ന ഒരു മീറ്റിംഗിന് പിന്നാലെ ഇമെയിലിലൂടെയാണ് ജീവനക്കാർ തങ്ങളുടെ പിരിച്ചുവിടൽ വാർത്ത അറിഞ്ഞത്.

ഉക്രെയ്ൻ, ജെറുസലേം ബ്യൂറോകളും പത്രം ഇതിനകം അടച്ചുപൂട്ടിയിട്ടുണ്ട്. പത്രത്തിൻ്റെ മിഡിൽ ഈസ്റ്റ് റിപ്പോർട്ടിംഗ് ടീമിനൊപ്പം തന്നെയും പിരിച്ചുവിട്ടതായി കെയ്‌റോ ബ്യൂറോ ചീഫ് ക്ലെയർ പാർക്കർ എക്സിൽ കുറിച്ചു. ഈ തീരുമാനത്തെ ‘മനസ്സിലാക്കാൻ പ്രയാസമുള്ളത്’ എന്നാണ് അവർ വിശേഷിപ്പിച്ചത്. അടുത്തിടെ യുദ്ധസാഹചര്യങ്ങളിൽ ഉക്രെയ്നിൽ നിന്ന് റിപ്പോർട്ടിംഗ് നടത്തിയിരുന്ന ലിസി ജോൺസണും താൻ പിരിച്ചുവിടപ്പെട്ടതായി സ്ഥിരീകരിച്ചു.

‘വാഷിങ്ടണ്‍ പോസ്റ്റ് പിരിച്ചുവിട്ട നൂറുകണക്കിന് ആളുകളിൽ ഞാനും ഉൾപ്പെടുന്നു,’ പത്രത്തിലെ ആദ്യത്തെ റേസ് ആൻഡ് എത്തിനിസിറ്റി റിപ്പോർട്ടറായ ഇമ്മാനുവൽ ഫെൽട്ടൺ എക്‌സിൽ കുറിച്ചു. ഈ നീക്കം ഒരു സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചല്ലെന്നും മറിച്ച് പ്രത്യയശാസ്ത്രപരമായ ഒന്നാണെന്നും അദ്ദേഹം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here