ഇസ്ലാമാബാദ്: ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യ–പാക് പോരാട്ടമുണ്ടാകില്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഫെബ്രുവരി 15 ന് ശ്രീലങ്കയിൽ നടക്കുന്ന മത്സരത്തിന് രാജ്യം വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞതായി പാക് മാധ്യമം ഡോൺ റിപ്പോർട്ട് ചെയ്‌തു.
‘ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരം കളിക്കില്ലെന്ന് ഞങ്ങൾ വ്യക്തമായ നിലപാട് എടുത്തിട്ടുണ്ട്,” ഇസ്ലാമാബാദിൽ ഫെഡറൽ മന്ത്രിസഭയെ അഭിസംബോധന ചെയ്തുകൊണ്ട് പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞു. ശ്രദ്ധാപൂർവ്വം ആലോചിച്ച ശേഷമുള്ള തീരുമാനമാണിതെന്നും ഇതാണ് ഈ സന്ദര്‍ഭത്തിലെ ഉചിതമായ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, പാകിസ്ഥാൻ സർക്കാർ ഇന്ത്യയ്‌ക്കെതിരായി കളിക്കാനില്ലെന്ന് പറഞ്ഞുകൊണ്ടു എക്‌സില്‍ പോസ്റ്റ് ചെയ്തതിനെത്തുടർന്ന്, ടി20 ലോകകപ്പിൽ ഗ്രൂപ്പ്-ഘട്ട മത്സരം ബഹിഷ്‌കരിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചിരുന്നു.
‘സെലക്ടീവ് ‘ ആയി ലോകകപ്പില്‍ പങ്കെടുക്കുന്നത് ഒരു ആഗോള കായിക മത്സരത്തിന്‍റെ അടിസ്ഥാന തത്വത്തിന് അനുയോജ്യമല്ലെന്നും എല്ലാ പങ്കാളികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന പരസ്പര സ്വീകാര്യമായ തീരുമാനം പിസിബി എടുക്കണമെന്ന് ഐസിസി പ്രസ്‌താവനയില്‍ പറഞ്ഞു.
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ (പിസിബി) നിന്നുള്ള ഔദ്യോഗിക അറിയിപ്പിനായി ഐസിസി കാത്തിരിക്കുകയാണ്. യോഗ്യതയുള്ള എല്ലാ ടീമുകളും തുല്യ നിബന്ധനകളിൽ മത്സരിക്കേണ്ട ഒരു ആഗോള കായിക മത്സരത്തിന്‍റെ അടിസ്ഥാന തത്വവുമായി ‘സെലക്ടീവ് പങ്കാളിത്തത്തിന്‍റെ ഈ നിലപാട് പൊരുത്തപ്പെടാൻ പ്രയാസമാണ്, ഐസിസി ടൂർണമെന്‍റുകള്‍ കായിക സമഗ്രത, മത്സരശേഷി, സ്ഥിരത, നീതി എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും സെലക്ടീവ് പങ്കാളിത്തം മത്സരങ്ങളുടെ ആത്മാവിനെയും പവിത്രതയെയും ദുർബലപ്പെടുത്തുന്നുവെന്നും ഐസിസി വ്യക്തമാക്കി.
സ്വന്തം രാജ്യത്ത് ക്രിക്കറ്റിനുണ്ടാകുന്ന സുപ്രധാനവും ദീർഘകാലവുമായ പ്രത്യാഘാതങ്ങൾ പിസിബി പരിഗണിക്കുമെന്ന് ഐസിസി പ്രതീക്ഷിക്കുന്നു. ടി20 ലോകകപ്പ് വിജയകരമായി നടത്തുക എന്നതാണ് ഐസിസിയുടെ മുൻഗണനയെന്നും അത് പിസിബി ഉൾപ്പെടെയുള്ള എല്ലാ അംഗങ്ങളുടെയും ഉത്തരവാദിത്തമാണെന്നും പ്രസ്താവനയിൽ പറയുന്നു.
സുരക്ഷാ ആശങ്കകൾ ആരോപിച്ച് ബംഗ്ലാദേശ് തങ്ങളുടെ ടീമിനെ ഇന്ത്യയിലേക്ക് അയയ്ക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഐസിസി എടുത്ത തീരുമാനത്തെക്കുറിച്ച് വിശദീകരിക്കാൻ പിസിബി ചെയർമാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വി കഴിഞ്ഞ മാസം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ കണ്ടിരുന്നു.
കൂടാതെ ലോകകപ്പിൽ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡ് കളിക്കുമെന്ന് ഐസിസി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബിസിബിയുടെ ആവശ്യം ഐസിസി നിരസിച്ചതിനെ തുടർന്നാണ് പ്രഖ്യാപനം.
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം:
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, സഞ്ജു സാംസൺ, ശിവം ദുബെ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, ഹർഷിത് റാണ,വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, റിങ്കു സിംഗ്.
പാകിസ്ഥാൻ ടീം:
സൽമാൻ അലി ആഘ (ക്യാപ്റ്റൻ), അബ്രാർ അഹമ്മദ്, ബാബർ അസം, ഫഹീം അഷ്റഫ്, ഫഖർ സമാൻ, ഖവാജ മുഹമ്മദ് നഫായ് (വിക്കറ്റ് കീപ്പർ), മുഹമ്മദ് നവാസ്, മുഹമ്മദ് സൽമാൻ മിർസ, നസീം ഷാ, സാഹിബ്സാദ ഫർഹാൻ (വിക്കറ്റ് കീപ്പർ), സയിം അയൂബ്, ഷഹീൻ ഷാ അഫ്രീദി, ഷദാബ് ഖാൻ, ഉസ്മാൻ ഖാൻ, ഉസ്മാൻ താരിഖ്.







