തിരുവാഭരണ ഘോഷയാത്ര വൈകുന്നേരം അഞ്ചരയോടെ ശരംകുത്തിയിൽ എത്തിച്ചേരും

0
92
ANOO'S PHOTOGRAPHY

ശബരിമലയിൽ ഇന്ന് മകരവിളക്ക് മഹോത്സവം. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. ഹൈക്കോടതി നിർദേശപ്രകാരം 30,000 ഭക്തരെ വെർച്വൽ ക്യൂ വഴിയും 5000 പേരെ സ്പോട്ട് ബുക്കിങ് വഴിയും കടത്തിവിടും. തിരക്ക് നിയന്ത്രിക്കാനും സുഗമമായ ദർശനത്തിനും വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ശബരിമല : ശബരിമലയിൽ ഇന്ന് മകരവിളക്ക് മഹോത്സവം. മകരവിളക്ക് മഹോത്സവത്തിന് ശബരിമല സന്നിധാനം സജ്ജമായിക്കഴിഞ്ഞതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു. തിരുവാഭരണ ഘോഷയാത്ര പരമ്പരാഗത പാതയിലൂടെ വൈകുന്നേരം അഞ്ചരയോടെ ശരംകുത്തിയിൽ എത്തിച്ചേരും. 6:20 ഓടെ ഘോഷയാത്ര സന്നിധാനത്ത് എത്തും. തുടർന്ന് ദീപാരാധന നടക്കും. ശേഷം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും.

ഹൈക്കോടതിയുടെ നിർദേശപ്രകാരം ഇന്ന് 30,000 പേരെ മാത്രം വെർച്വൽ ക്യൂ വഴി കടത്തിവിടാനാണ് തീരുമാനം. 5,000 പേരെ സ്‌പോട്ട് ബുക്കിങ് വഴിയും കടത്തിവിടും. മകരജ്യോതി ദർശനത്തിനായി സന്നിധാനത്തും പരിസരത്തും ഒരു ലക്ഷത്തോളം ഭക്തർ തമ്പടിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു. എരുമേലി കാനനപാത വഴി തീർഥാടകർ എത്തിക്കൊണ്ടിരിക്കുകയാണ്. തിരക്ക് നിയന്ത്രിക്കാൻ പോലീസ് സർവസജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.

തിരുമുറ്റത്തും ഫ്ലൈ ഓവറുകളിലും നിന്ന് മകരജ്യോതി ദർശിക്കുന്നതിന് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ദേവസ്വം ബോർഡ് ഫോട്ടോ പതിച്ച തിരിച്ചറിയിൽ പാസ് നൽകിയവർക്ക് മാത്രമേ ഈ സ്ഥലങ്ങളിൽ നിൽക്കാൻ കഴിയുകയുള്ളൂ. പാസ് ഒരു കാരണവശാലും മറ്റെരാൾക്ക് കൈമാറാൻ കഴിയില്ല. സുതാര്യമായ സംവിധാനമാണ് ഇക്കുറി ഏർപ്പെുത്തിയിരിക്കുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. പാണ്ടിത്താവളം, ശരംകുത്തി, യൂടേൺ തുടങ്ങിയ ഇടങ്ങളിലെ വ്യൂ പോയിന്റുകളിൽ മകരജ്യോതി ദർശനത്തിന് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

മകരജ്യോതി ദർശിച്ച് തിരിച്ചിറങ്ങാൻ മൂന്ന് റൂട്ടുകൾ

  • പാണ്ടിത്താവളത്തുനിന്ന് ദർശൻ കോംപ്ലക്‌സിന് പിൻഭാഗത്തിലൂടെ, നടപ്പന്തലിന് പിൻഭാഗം വഴി കൊപ്രാക്കളം, ട്രാക്റ്റർ റോഡിലൂടെ, കെഎസ്ഇബി ജങ്ഷനിലെത്തും.
  • പാണ്ടിത്താവളം ജങ്ഷനിൽനിന്ന് മാളികപ്പുറം ഭാഗത്തുള്ള ഇറക്കം വഴി, പോലീസ് ബാരക്ക്, ബെയ്‌ലി പാലം വഴി ചന്ദ്രാനന്ദൻ റോഡിലെത്തും. നടപ്പന്തലിന്റെ മധ്യഭാഗം വഴി കെഎസ്ഇബി ജങ്ഷനിലെത്തും.
  • മകരജ്യോതി ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങാൻ തീർഥാടകർ തിരക്ക് കൂട്ടുന്ന പ്രവണതയുണ്ടെന്ന് കെ ജയകുമാർ പറഞ്ഞു. തിരിച്ചിറങ്ങുന്നതിന് തിരക്ക് കൂട്ടേണ്ടതില്ല. കൂടുതൽ കെഎസ്ആർടിസി ബസുകൾ പമ്പയിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. മകരജ്യോതി ദർശിച്ച് മടങ്ങുന്ന ഭക്തരെ വിവിധ സ്ഥലത്തേക്ക് തിരകെ എത്തിക്കുന്നതിന് പമ്പയിൽനിന്ന് ചെയിൻ സർവീസും ദീർഘദൂര സർവീസും ഉൾപ്പടെ ആയിരത്തോളം കെഎസ്ആർടി ബസുകൾ സർവീസ് നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here