തുടർച്ചയായ മൂന്നാം വർഷവും ഒരുകോടിയിലധികം യാത്രക്കാർ; കിതക്കാതെ കുതിച്ച് കൊച്ചി വിമാനത്താവളം

0
31

തുടർച്ചയായ മൂന്നാം വർഷവും ഒരു കോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്ത് കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളം. 2025ൽ 1.15 കോടി യാത്രക്കാർ യാത്ര ചെയ്തത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.85 ശതമാനം വർധനവാണ്. വിമാന സർവീസുകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടും യാത്രക്കാരുടെ എണ്ണത്തിലെ ഈ വളർച്ച വിമാനത്താവളത്തിൻ്റെ വികസനത്തെ സൂചിപ്പിക്കുന്നു.

കൊച്ചി: തുടർച്ചയായ മൂന്നാം വർഷവും ഒരുകോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്ത് കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളം . 2025 ജനുവരി മുതൽ ഡിസംബർ വരെ 1.15 കോടി യാത്രക്കാർ കൊച്ചി വിമാനത്താവളം വഴി യാത്ര ചെയ്തു. ഇത് 2024നെ അപേക്ഷിച്ച് 4.85 ശതമാനത്തിൻ്റെ വർധനവാണ്. 2024ൽ കൊച്ചി വിമാനത്താവളം 1.09 കോടി യാത്രക്കാരെയാണ് കൈകാര്യം ചെയ്തിരുന്നത്. ഏകദേശം 5.33 ലക്ഷം യാത്രക്കാരുടെ വർധനവ് വിമാനത്താവളത്തിൻ്റെ വളർച്ചയെ സൂചിപ്പിക്കുന്നു.

ആഭ്യന്തര, അന്തർദേശീയ യാത്രക്കാരുടെ എണ്ണം മികച്ച രീതിയിൽ വർധിച്ചുവെന്ന് കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) അധികൃതർ അറിയിച്ചു. 2025ലെ ഏറ്റവും തിരക്കേറിയ മാസം മെയ് ആയിരുന്നു. അന്ന് 11.07 ലക്ഷം യാത്രക്കാർ യാത്ര ചെയ്തു. ജനുവരിയിൽ 10.44 ലക്ഷം യാത്രക്കാരും ഡിസംബറിൽ 10.06 ലക്ഷം യാത്രക്കാരും യാത്ര ചെയ്തു. അതേസമയം 2025ൽ വിമാന സർവീസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

2025ൽ 74,689 വിമാനങ്ങൾ സർവീസ് നടത്തിയപ്പോൾ 2024ൽ 75,074 വിമാനങ്ങളായിരുന്നു സർവീസ് നടത്തിയത്. ചില വിമാനക്കമ്പനികൾ സർവീസ് കുറച്ചതാണ് ഇതിന് കാരണം. വിമാനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടും യാത്രക്കാരുടെ എണ്ണം വർധിച്ചത് സിയാലിന് പ്രതീക്ഷ നൽകുന്നതാണ്.

വിമാനത്താവളത്തിൻ്റെ സമഗ്രമായ പരിവർത്തന പദ്ധതിയാണ് യാത്രക്കാരുടെ എണ്ണത്തിലെ ഈ സ്ഥിരമായ വളർച്ചയ്ക്ക് കാരണമെന്ന് സിയാൽ മനേജിങ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു. യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താൻ ഇത് സഹായിച്ചു. ടെർമിനലിലെ യാത്ര സുഗമമാക്കാനും വേഗത്തിലാക്കാനും ഡിജിറ്റൽ സംവിധാനങ്ങൾ സഹായിച്ചു. മെച്ചപ്പെട്ട ടെർമിനൽ അന്തരീക്ഷവും പുതിയ സാങ്കേതികവിദ്യകളും യാത്രക്കാരുടെ സംതൃപ്തി വർധിപ്പിച്ചുവെന്നും എസ് സുഹാസ് പറഞ്ഞു. ഡിജിറ്റലൈസേഷനും സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി, വിമാനത്താവളത്തിൽ ഉടൻ തന്നെ ഫുൾ ബോഡി സ്കാനറുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here