പ്രായമൊരു പ്രശ്‌നമേയല്ല; ഇനിയെന്നും ചുറ്റിക്കറങ്ങാം അതും ഫ്രീയായി, വയോധികര്‍ക്കുള്ള ആനന്ദവണ്ടി റെഡി

0
32

കോഴിക്കോട് നിന്നുള്ള ആനന്ദവണ്ടിയുടെ യാത്ര ഇന്ന് മുതല്‍. സംസ്ഥാനത്ത് ഇതാദ്യമായാണ് വയോധികര്‍ക്കായൊരു ടൂര്‍ പാക്കേജ്. ദിവസവും യാത്രയുണ്ടാകുമെന്നതാണ് ആനന്ദവണ്ടിയുടെ പ്രത്യേകത.

യാത്ര പോവാൻ ഇഷ്‌ടമില്ലാത്തവർ ചുരുക്കമായിരിക്കും. പല ടെൻഷനുകളിൽ നിന്നും വിട്ടുനില്‍ക്കാന്‍ പലരും തെരഞ്ഞെടുക്കുന്ന ഒരു മാർഗമാണ് യാത്ര. എന്നാൽ അങ്ങനെ ഒരു ആനന്ദ യാത്ര പോയാലോ?. പക്ഷെ ഈ യാത്രയ്‌ക്ക് ഒരു പ്രത്യേകതയുണ്ട്. എല്ലാ പ്രായക്കാർക്കും ഈ യാത്രയിൽ പങ്കാളികളാവാൻ കഴിയില്ല. എന്താണെന്നല്ലേ, പറയാം…

ആനന്ദവണ്ടിയുടെ ആദ്യ യാത്ര ഇന്ന്. 60 കഴിഞ്ഞവർക്ക് ഉല്ലാസയാത്ര സംഘടിപ്പിക്കാൻ കോഴിക്കോട് കോർപ്പറേഷൻ ഒരുക്കിയതാണ് കെഎസ്ആർടിസിയുടെ ആനന്ദവണ്ടി. ഇതിനായി ഒരു ലോ ഫ്ലോർ ബസ് ആണ് വാടകയ്‌ക്ക് എടുത്തിരിക്കുന്നത്.

കെഎസ്‌ആർടിസിയെ ആനവണ്ടി എന്നാണ് പൊതുവേ ആളുകൾ വിളിക്കാറ്. ഈ ആനവണ്ടിക്ക് ഫാൻസുകളും നിരവധി ആണ്. അങ്ങനെ ആനവണ്ടിയിൽ നിന്നാണ് ആനന്ദവണ്ടി എന്ന പേര് വരുന്നത്.

മുതിർന്ന പൗരന്മാർക്ക് സൗജന്യ ഉല്ലാസ യാത്ര ഒരുക്കി കൊടുക്കുന്നതാണ് ആനന്ദവണ്ടിയുടെ ലക്ഷ്യം. സമന്വയ പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. കോർപറേഷനിലെ 75 വാർഡുകളിലെയും വയോധികർക്കായാണ് കെഎസ്ആർടിസി ബസിൽ ആനന്ദയാത്ര സംഘടിപ്പിക്കുന്നത്.

നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇന്ന് മുതൽ എന്നും ഉല്ലാസ യാത്രയാണ്. “പലപ്രായം ഒരു നഗരം” എന്നാണ് ഈ യാത്രക്ക് പേര് നൽകിയിരിക്കുന്നത്. ഉദ്ഘാടന ദിവസമായ ഇന്ന് പൂളക്കടവ് വാർഡിൽ നിന്നുള്ള 38 വയോധികരാണ് യാത്രയിൽ പങ്കാളികളാവുക.

യാത്രാ ബസ് കോർപ്പറേഷൻ ഓഫിസിന് മുമ്പിൽ ഫ്ലാഗ് ഓഫ് ചെയ്യും. വരും ദിവസങ്ങളിൽ രാവിലെ 8ന് ബീച്ചിൽ നിന്ന് ആരംഭിച്ച് രാത്രി 8ന് ബീച്ചിൽ അവസാനിക്കുന്നതാകും ഉല്ലാസ യാത്ര. കാപ്പാട്, ബേപ്പൂർ, കടലുണ്ടി എന്നിവിടങ്ങളെല്ലാം ഉൾപ്പെടുത്തിയ യാത്രയായിരിക്കും ഇത്.

ഒരോ വാർഡിൽ നിന്നും വയോജന ക്ലബ്ബുകളും വാർഡ് കമ്മിറ്റിയും തെരഞ്ഞെടുക്കുന്ന 40 വയോധികരെയാണ് ഉല്ലാസയാത്രയ്ക്ക് കൊണ്ടു പോകുകയെന്ന് സ്ഥിരം സമിതി അധ്യക്ഷൻ പി.ദിവാകരൻ പറഞ്ഞു. വയോധികരുടെ ഉല്ലാസ യാത്രക്കുള്ള കെഎസ്ആർടിസി ബസിൽ കോഴിക്കോടിൻ്റെ പൈതൃക സ്ഥലങ്ങളായ തളിക്ഷേത്രം, മിഷ്‌കാൽ പള്ളി, മാനാഞ്ചിറ, സിഎസ്ഐ പള്ളി എന്നിവയുടെയും മാനാഞ്ചിറ സ്ക്വയറിൻ്റെ കവാടം, മിഠായിത്തെരുവിലെ സ്‌ക്വയർ എന്നിവയുടെയെല്ലാം ചിത്രം കൊണ്ടും അലങ്കരിച്ചിട്ടുണ്ട്.

കേരളത്തിൽ തന്നെ ആദ്യമായാണ് വയോജനങ്ങൾക്കായി ഇങ്ങനെയൊരു ഉല്ലാസ യാത്ര നടത്തുന്നത്. യാത്രയ്‌ക്കൊടുവിൽ സിനിമ കാണാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. ഒരു ദിവസ പരിധി നിശ്ചയിക്കാതെ ഇനിയുള്ള ദിവസങ്ങളിൽ എന്നും യാത്ര എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത.

LEAVE A REPLY

Please enter your comment!
Please enter your name here