പത്തനംതിട്ട: പുതുവർഷത്തെ വരവേറ്റ് ശബരിമല. സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള കേരളാ പൊലീസ്, ഫയർ ഫോഴ്‌സ്, റാപിഡ് ആക്ഷൻ ഫോഴ്‌സ്, മറ്റ് ജീവനക്കാർ തുടങ്ങിയവർ ചേർന്നാണ് ശബരിമലയിൽ പുതുവത്സരം ആഘോഷിച്ചത്. ഹാപ്പി ന്യൂ ഇയർ എന്ന് കർപ്പൂരം കൊണ്ടെഴുതി അതിന് അഗ്നി പകർന്നാണ് സന്നിധാനത്ത് പുതുവത്സരം ആഘോഷിച്ചത്.
ചോക്ക് കൊണ്ട് വരച്ച അക്ഷരങ്ങളിൽ കർപ്പൂരം നിറച്ചു. കൃത്യം 12 മണിക്ക് ശബരിമലയിലെ ചീഫ് പൊലീസ് കോ-ഓർഡിനേറ്റർ എ ഡി ജി പി എസ് ശ്രീജിത്ത് കർപ്പൂരത്തിലേക്ക് അഗ്നി പകർന്നു. സന്നിധാനത്തെ അയ്യപ്പ ഭക്തർക്കും പുതുവത്സരാഘോഷം കൗതുകക്കാഴ്‌ചയായി. പുതുവത്സര ആശംസ നേർന്നും ശരണം വിളിച്ചും അവരും ആഘോഷത്തിൻ്റെ ഭാഗമായി.
മകരവിളക്ക്; ഇതുവരെ ദർശനം നടത്തിയത് 1,20,256 ഭക്തർ
മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡിസംബർ 30 ശബരിമല ശ്രീ ധർമ്മശാസ്‌താ ക്ഷേത്രം നടതുറന്നതിന് ശേഷം ഇതുവരെ (ഡിസംബർ 31, 5.11 വരെ ) 1,20,256 അയ്യപ്പ ഭക്തർ സന്നിധാനത്തെത്തിയത്. ഡിസംബർ 30 വൈകിട്ട് അഞ്ചു മണിക്കാണ് നട തുറന്നത്.
ഡിസംബർ 30 ന് 57256 പേർ ദർശനം നടത്തി. വിർച്വൽ ക്യൂവിലൂടെ 20,477 പേരും സ്പോട്ട് ബുക്കിങ്ങിലൂടെ 4401 പേരും, പുൽമേട് വഴി 4283 പേരുമാണ് ശബരി ദർശനം നടത്തിയത്. ഇന്നലെ (ഡിസംബർ 31) 5.11 വരെ 63,000 പേർ സന്നിധാനത്ത് എത്തി.
നെയ്യഭിഷേകത്തിന് തുടക്കമായി
മകരവിളക്ക് തീർഥാടനത്തിന് നട തുറന്ന ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിൽ ഇന്നലെ (ഡിസംബർ 31) മുതൽ നെയ്യഭിഷേകത്തിന് തുടക്കമായി. പുലർച്ചെ 3.30 മുതൽ 7 വരെയും തുടർന്ന് രാവിലെ 8 മുതൽ 11 വരെയുമാണ് നെയ്യഭിഷേകം നടന്നത്.
അയ്യപ്പനുള്ള മുഖ്യ വഴിപാടാണ് നെയ്യഭിഷേകം. വഴിപാടിന് ശേഷം ശ്രീകോവിലിൽ നിന്ന് ലഭിക്കുന്ന നെയ്യ് ദിവ്യ പ്രസാദമായിട്ടാണ് അയ്യപ്പന്മാർ സ്വീകരിക്കുന്നത്. ജനുവരി 18 വരെയാണ് തീർഥാടകർക്ക് നെയ്യഭിഷേകത്തിനു അവസരം. ജനുവരി 20 രാവിലെ 6.30ന് നടയടക്കും.
ബാലാവകാശ കമ്മിഷൻ ഇന്ന് ശബരിമല സന്ദർശിക്കും
ബാലാവകാശ കമ്മിഷൻ ഇന്ന് (ജനുവരി 1) ശബരിമല സന്ദർശിക്കും. സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ വി മനോജ്‌കുമാർ, കമ്മിഷൻ അംഗങ്ങളായ ബി മോഹൻകുമാർ, കെ കെ ഷാജു എന്നിവരാണ് സന്നിധാനത്ത് ഔദ്യോഗിക സന്ദർശനം നടത്തുന്നത്.









