കടുവയെ പറ്റിക്കാൻ ‘മുഖംമൂടി’; വയനാട്ടിൽ വനംവകുപ്പിൻ്റെ പുതിയ പരീക്ഷണം

0
49

വയനാട്: കടുവയുടെ ആക്രമണത്തിൽ നിന്നും രക്ഷ തേടാനായി വയനാട്ടിലെ വനാതിർത്തി മേഖലകളിൽ താമസിക്കുന്നവർക്ക് മുഖംമൂടി പരീക്ഷണം നടത്താൻ കേരള വനംവകുപ്പ് ഒരുങ്ങുന്നു. കർണാടകയിലെയും ബംഗാളിലെയും വനമേഖലകളിൽ ഈ പരീക്ഷണം വിജയകരമായതു കണക്കിലെടുത്താണ് കേരളത്തിലും ഇത് നടപ്പാക്കുന്നത്. കടുവ സാധാരണയായി പിന്നിലൂടെയാണു മനുഷ്യരെ ആക്രമിക്കുന്നത് എന്നതിനാലാണ് ഇത്തരമൊരു മുൻകരുതൽ സ്വീകരിക്കുന്നത്.

തലയുടെ പിന്നിൽ ധരിക്കുന്ന മുഖംമൂടിയിലെ മനുഷ്യമുഖം കണ്ടാൽ കടുവ പിന്തിരിയുമെന്നതാണ് കർണാടകയിലെയും ബംഗാളിലെയും അനുഭവമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. നവംബർ മുതൽ ഫെബ്രുവരി വരെ കടുവകളുടെ പ്രജനനകാലമാണ്. അതിനാൽ പതിവിൽനിന്നു വ്യത്യസ്തമായി കൂടുതൽ കടുവകൾ കാടിറങ്ങാനും അനിഷ്ട സംഭവങ്ങൾ വർധിക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് മുഖംമൂടി വിതരണം ചെയ്യാനുള്ള നീക്കം. കടുവശല്യം കൂടുന്ന സ്ഥലങ്ങളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോകുന്ന ഗോത്രവിഭാഗക്കാർക്ക് ഉൾപ്പെടെ മുഖംമൂടി വിതരണം ചെയ്യണമെന്നാണ് തീരുമാനം. ഇതിനായി വയനാട് വന്യജീവിസങ്കേതം വൈൽഡ് ലൈഫ് വാർഡന് ഉത്തരമേഖല സിസിഎഫ് ടി ഉമ നിർദേശം നൽകി.

വയനാടിനോടു ചേർന്ന കർണാടക വനാതിർത്തി ഗ്രാമങ്ങളിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നു പേരാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വയനാട്ടിൽ അടുത്തിടെ നടന്ന കടുവ ആക്രമണങ്ങളും സമാനരീതിയിലുള്ളതായിരുന്നു. വിറക് ശേഖരിക്കൽ, പുല്ലരിയൽ, കാപ്പിക്കുരു പെറുക്കൽ തുടങ്ങി ഇരുന്നും വളഞ്ഞും നിന്നുള്ള ജോലികൾ ചെയ്യുന്നതിനിടെയാണ് പലരും കടുവയുടെ ആക്രമണത്തിന് ഇരയായത്. എന്നാൽ ഗ്രാമീണർ തലയ്ക്കുപിന്നിൽ മുഖംമൂടി ധരിച്ചു ജോലിക്കിറങ്ങിയതോടെ കർണാടകയിലും ബംഗാളിലും കടുവ ആക്രമണങ്ങൾ കുറഞ്ഞുവെന്നാണു വിലയിരുത്തൽ. നാഗർഹോള, ബന്ദിപ്പൂർ, ബംഗാളിലെ സുന്ദർബൻ വനമേഖലകൾ എന്നിവിടങ്ങളിലെല്ലാം ഈ രീതി വിജയകരമായിരുന്നു.

തലയുടെ പിന്നിൽ വയ്ക്കാവുന്ന രീതിയിലുള്ള മനുഷ്യമുഖത്തിൻ്റെ രൂപമുള്ള മുഖംമൂടികളാണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ വ്യക്തമാക്കി. കടുവകൾ സാധാരണയായി ഇരകളെ പിന്നിൽ നിന്നാണ് ആക്രമിക്കുന്നത്. തലയുടെ പിൻഭാഗത്ത് മുഖംമൂടി ധരിക്കുന്നതിലൂടെ, കടുവയ്ക്ക് തന്നെ ആരെങ്കിലും നോക്കുന്നുണ്ടെന്ന തോന്നലുണ്ടാകുകയും ഇത് ആക്രമണത്തിൽ നിന്ന് അവ പിന്തിരിയാൻ കാരണമാവുകയും ചെയ്യും. വനത്തോട് ചേർന്ന് താമസിക്കുന്ന ഗോത്രവർഗക്കാർക്കും മറ്റ് താമസക്കാർക്കും സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ പരീക്ഷണത്തിലൂടെ വനംവകുപ്പ് ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച സാധ്യതകൾ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു.

സുന്ദർബൻ മാതൃക

പശ്ചിമ ബംഗാളിലെ സുന്ദർബൻ വനത്തിൽ തേൻ ശേഖരിക്കുവാൻ കയറുമ്പോൾ തലയുടെ പിൻഭാഗത്ത് ധരിക്കുന്ന മുഖംമൂടികൾ ലോകപ്രശസ്തമാണ്. കടുവകൾ പിന്നിൽ നിന്ന് മാത്രമേ ആക്രമിക്കൂ എന്ന വിശ്വാസത്തിലാണ് കടുവയെ കബളിപ്പിക്കാൻ മനുഷ്യൻ്റെ മുഖരൂപമുള്ള ഈ മാസ്ക് ഉപയോഗിക്കുന്നത്. കൂടാതെ, പ്രാദേശിക ദൈവമായ ദക്ഷിണ റായ് എന്ന കടുവാദൈവത്തിൻ്റെ അനുഷ്ഠാനങ്ങളിലും മുഖംമൂടികൾ ഉപയോഗിക്കാറുണ്ട്. സുന്ദർബൻ നിവാസികൾ വനത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് കടുവ ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിനായി ജാതിമതഭേദമന്യേ ദക്ഷിണ റായിയെ ആരാധിക്കാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here