കേരള സമുദ്ര മിഷൻ സെമിനാർ ജൂലൈ 15ന്

0
45

തിരുവനന്തപുരം: സംസ്ഥാനത്തെ സമുദ്രമേഖലയുടെ അനന്തസാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ‘കേരള സമുദ്ര മിഷൻ 2026’ ദേശീയ മാരിടൈം സെമിനാറും എക്സിബിഷനും ജൂലൈ 15ന് തിരുവനന്തപുരത്ത് നടക്കും. മാരിടൈം ബിസിനസ് ബുള്ളറ്റിൻ്റെയും വേൾഡ് മലയാളി കൗൺസിൽ ബ്ലൂ ഇക്കോണമി ഗ്ലോബൽ ഫോറത്തിൻ്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വിദ്യാർഥികൾക്ക് പ്രത്യേക സെഷൻ
ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റിക്കും വിവിധ അക്കാദമിക്, വ്യവസായ, സാമൂഹിക സ്ഥാപനങ്ങൾക്കും ഒപ്പമാണ് സെമിനാർ ഒരുക്കുന്നത്. തമ്പാനൂർ ഡിമോറോ ഹോട്ടലിൽ രാവിലെ ഒൻപത് മുതൽ രാത്രി 9.30 വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഒൻപത് മുതൽ 12 വരെ വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമായി പ്രത്യേക സെഷനുകൾ നടക്കും. കരിയർ ഗൈഡൻസ്, നൈപുണ്യ വികസനം, സംരംഭകത്വം എന്നീ വിഷയങ്ങളിലാണ് ഇവർക്കായി ക്ലാസുകൾ നൽകുന്നത്. സമുദ്രമേഖലയുമായി ബന്ധപ്പെട്ട പുതിയ തൊഴിലവസരങ്ങൾ പരിചയപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ മാരിടൈം മേഖലയിലുണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് യുവതലമുറയെ സജ്ജരാക്കാൻ ഈ സെഷനുകൾ സഹായിക്കും.

വിഴിഞ്ഞവും ബ്ലൂ ഇക്കോണമിയും
ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 9.30 വരെയാണ് ഔദ്യോഗിക ചടങ്ങുകളും ദേശീയ, അന്തർദേശീയ വിദഗ്ധർ പങ്കെടുക്കുന്ന പ്രൊഫഷണൽ സെഷനുകളും നടക്കുക. ബ്ലൂ ഇക്കോണമി, മാരിടൈം മേഖല എന്നിവയ്ക്ക് പുറമെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തുറന്നിടുന്ന പുതിയ വാണിജ്യ സാധ്യതകളും സെമിനാറിൽ പ്രധാന ചർച്ചയാകും. കേരളത്തിലെ ചെറുകിട തുറമുഖങ്ങളുടെ വികസനം, ഷിപ്പിങ്, ലോജിസ്റ്റിക്സ്, കയറ്റുമതി, ഇറക്കുമതി, സമുദ്ര ടൂറിസം എന്നീ മേഖലകളിലെ അവസരങ്ങളും വെല്ലുവിളികളും വിദഗ്ധർ വിലയിരുത്തും.

ഇതിനുപുറമെ നിക്ഷേപം, വിദ്യാഭ്യാസം, തൊഴിൽ, നൈപുണ്യ വികസനം, സമുദ്ര നിയമം, പരിസ്ഥിതി സംരക്ഷണം, വ്യവസായ വളർച്ച തുടങ്ങിയ വിഷയങ്ങളിലെ ഭാവി വികസന കാഴ്ചപ്പാടുകളെക്കുറിച്ചും പ്രമുഖർ പ്രഭാഷണം നടത്തും. സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്കുവഹിക്കാൻ കഴിയുന്ന ബ്ലൂ ഇക്കോണമി പദ്ധതികൾക്ക് രൂപം നൽകാൻ ഈ ചർച്ചകൾ വലിയ രീതിയിൽ സഹായകമാകുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ.

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ജനപ്രതിനിധികൾ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, അക്കാദമിക് വിദഗ്ധർ, നിക്ഷേപകർ എന്നിവർക്ക് പുറമെ മാരിടൈം, ബ്ലൂ ഇക്കോണമി മേഖലകളിലെ ദേശീയ, അന്തർദേശീയ പ്രതിനിധികളും സെമിനാറിൻ്റെ ഭാഗമാകും. കേരളത്തിൻ്റെ തീരദേശ വികസനത്തിനും സമുദ്രോത്പന്ന കയറ്റുമതിക്കും ഊന്നൽ നൽകുന്ന പദ്ധതികളും ഇവിടെ ചർച്ചയ്ക്ക് വരും.

പരിപാടിയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കപ്പെട്ട അതിഥികൾക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്ത് അംഗീകൃത പാസ് നേടിയവർക്കും മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡൻ്റ് ബേബി മാത്യു സോമതീരം, ഗ്ലോബൽ ഗുഡ് വിൽ അംബാസഡർ ജോണി കുരുവിള, കേരള സമുദ്ര മിഷൻ സംഘാടക സമിതി ചെയർമാനും മാരിടൈം ബിസിനസ് ബുള്ളറ്റിൻ ചീഫ് എഡിറ്ററുമായ നാണു വിശ്വനാഥ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here