ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന അവഗണന

0
3

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന അവഗണന അങ്ങേയറ്റം ക്രൂരമാണ്. വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിലൂടെയും ത്യാഗത്തിലൂടെയുമാണ് ഓരോ കായികതാരവും ഇത്തരം അന്താരാഷ്ട്ര നേട്ടങ്ങളിലേക്ക് എത്തുന്നത്. ആ വിജയങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരവും പിന്തുണയും നല്‍കേണ്ടത് സര്‍ക്കാരിന്റെ പ്രാഥമിക കടമയാണ്.

മെഡല്‍ നേടിയിട്ടും മുഖ്യമന്ത്രിയോ കായികമന്ത്രിയോ സര്‍ക്കാരിലെ മറ്റാരെങ്കിലുമോ വിളിച്ച് ഒരു വാക്ക് അഭിനന്ദിക്കാന്‍ പോലും തയ്യാറായിട്ടില്ലെന്ന അന്താരാഷ്ട്ര ലോങ്ജംപ് താരങ്ങളായ എം. ശ്രീശങ്കറിന്റെയും ആന്‍സി സോജന്റെയും തുറന്നുപറച്ചില്‍ കേരളത്തിന് തന്നെ നാണക്കേടാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന മുഖ്യമന്ത്രി വി.ഡി. സതീശനും, ഔദ്യോഗിക പദവിയുടെ ഗൗരവം മറന്ന് വിദേശയാത്രകളില്‍ മുഴുകുന്ന കായികമന്ത്രി ഒ.ജനീഷും വളര്‍ന്നുവരുന്ന കായികതലമുറയ്ക്ക് മുന്നില്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്?.
തമിഴ്നാട് ഉള്‍പ്പെടെയുള്ള അയല്‍സംസ്ഥാനങ്ങള്‍ മെഡല്‍ ജേതാക്കള്‍ക്ക് വലിയ തുക പാരിതോഷികങ്ങളും പ്രത്യേക ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളുമാണ് നല്‍കുന്നത്. കായികതാരങ്ങള്‍ക്ക് കുറഞ്ഞ പാരിതോഷികം നല്‍കുന്ന സംസ്ഥാനങ്ങളില്‍ മണിപ്പൂര്‍ മാത്രമാണ് ഇനി കേരളത്തിന് പിന്നിലുള്ളതെന്നും തങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകാന്‍ തയാറെടുക്കുകയാണെന്നുമുള്ള ഇരുവരുടെയും തുറന്നുപറച്ചില്‍ ഈ നാടിന് അപമാനമാണ്.

ഒളിമ്പിക്‌സ് പോലുള്ള വലിയ ലക്ഷ്യങ്ങള്‍ക്കായി കഠിനപരിശീലനവും യാത്രാച്ചെലവുകളും സ്വയം വഹിക്കേണ്ടിവരുന്ന സാഹചര്യത്തിലും, സ്വന്തം നാട്ടിലെ ഒരു സിന്തറ്റിക് ട്രാക്ക് പോലും നന്നാക്കിക്കൊടുക്കാന്‍ ഈ സര്‍ക്കാരിന് സാധിക്കുന്നില്ല. നാടിന്റെ അഭിമാനമായ കായികതാരങ്ങളെ തഴയുകയും അവരുടെ ഭാവി തല്ലിക്കെടുത്തുകയും ചെയ്യുന്ന വി.ഡി. സതീശന്‍ സര്‍ക്കാരിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here