വെടിക്കെട്ട് തുടര്‍ന്ന് അഭിഷേക് ശര്‍മ്മ.

0
3

ഇന്‍ഡോര്‍: വെടിക്കെട്ട് തുടര്‍ന്ന് അഭിഷേക് ശര്‍മ്മ. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ വെറും 18 പന്തില്‍ അര്‍ധസെഞ്ച്വറി നേടിയ ഇടംകൈയ്യന്‍ ഓപ്പണര്‍, ഏറ്റവും വേഗത്തില്‍ 2000 ടി20 റണ്‍സ് എന്ന ലോക റെക്കോര്‍ഡും സ്വന്തം പേരിലാക്കി. ഞായറാഴ്ച ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ സൂര്യകുമാര്‍ യാദവിന്റെ റെക്കോര്‍ഡാണ് 26-കാരന്‍ തകര്‍ത്തത്. 2023 ഡിസംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 1164 പന്തില്‍ 2000 റണ്‍സ് തികച്ച സൂര്യയുടെ നേട്ടം അഭിഷേക് വെറും 1024 പന്തില്‍ മറികടന്നു.

ഏറ്റവും വേഗത്തില്‍ 2000 ടി20ഐ റണ്‍സ് – നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍

അഭിഷേക് ശര്‍മ്മ – ഇന്ത്യ – 1,024 പന്ത്

സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 1,164 പന്ത്

ആരോണ്‍ ഫിഞ്ച് – ഓസ്‌ട്രേലിയ – 1,283 പന്ത്

ഗ്ലെന്‍ മാക്‌സ്വെല്‍ – ഓസ്‌ട്രേലിയ – 1,304 പന്ത്

നേരത്തെ 1000 റണ്‍സ് മാര്‍ക്ക് പിന്നിട്ടപ്പോഴും ഇതേ നേട്ടം അഭിഷേക് സ്വന്തമാക്കിയിരുന്നു. 528 പന്തില്‍ നിന്ന് ആയിരം റണ്‍സ് പൂര്‍ത്തിയാക്കിയതാണ് വേഗതയേറിയ 1000 റണ്‍സിന്റെ ലോക റെക്കോര്‍ഡ്. കളത്തിലിറങ്ങിയ 64-ാം ഇന്നിംഗ്‌സിലാണ് അഭിഷേക് 2000 റണ്‍സ് പൂര്‍ത്തിയാക്കിയത്. നിലവില്‍ 195.95 സ്‌ട്രൈക്ക് റേറ്റിലും 32.83 ശരാശരിയിലും 2,036 റണ്‍സാണ് താരത്തിന്റെ പേരിലുള്ളത്.

പകരംവീട്ടി അഭിഷേക്

ആദ്യ ടി20യില്‍ 21 റണ്‍സിന് പുറത്തായതിന് പകരംവീട്ടുന്ന പ്രകടനമായിരുന്നു ഇന്‍ഡോറില്‍. തുടക്കം മുതല്‍ വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാരെ തകര്‍ത്തെറിഞ്ഞു. രണ്ടാം ഓവറില്‍ റോസ്റ്റണ്‍ ചേസിനെതിരെ രണ്ട് കൂറ്റന്‍ സിക്‌സറും ഒരു ഇന്‍സൈഡ് ഔട്ട് ഫോറും അടിച്ച് തുടങ്ങി. നാലാം ഓവറില്‍ ഷമര്‍ സ്പ്രിംഗറിനെതിരെ രണ്ട് ഫോറും ഒരു സിക്‌സറും. ഷമര്‍ ജോസഫിനെതിരെ കവറില്‍ സിക്‌സും മിഡ് വിക്കറ്റില്‍ ബൗണ്ടറിയും. ജോസഫിന്റെ ഷോര്‍ട്ട് ബോള്‍ ഡീപ് മിഡ് വിക്കറ്റിലേക്ക് പുള്‍ ചെയ്ത് അഭിഷേക് അര്‍ധസെഞ്ച്വറി തികച്ചു. വെറും 18 പന്തില്‍. പരമ്പരയിലെ ആദ്യ അര്‍ധസെഞ്ച്വറിയും കരിയറിലെ 14-ാമത്തെ ഫിഫ്റ്റിയുമാണിത്.

സഞ്ജു സാംസണ്‍ നേരത്തെ പുറത്തായെങ്കിലും ഇഷാന്‍ കിഷനുമായി ചേര്‍ന്ന് 20 പന്തില്‍ 50 റണ്‍സ് കൂട്ടുകെട്ട് തീര്‍ത്ത് ഇന്ത്യയുടെ സ്‌കോര്‍ കുതിപ്പിച്ചു. 37 റണ്‍സെടുത്ത കിഷനെ ചേസ് പുറത്താക്കിയാണ് 108 റണ്‍സ് കൂട്ടുകെട്ട് പൊളിച്ചത്. ഒടുവില്‍ 10-ാം ഓവറില്‍ സ്പ്രിംഗറിന്റെ ക്യാച്ച് ആന്‍ഡ് ബൗള്‍ഡില്‍ പുറത്താകുമ്പോള്‍ 30 പന്തില്‍ 6 ഫോറും 5 സിക്‌സും സഹിതം 69 റണ്‍സ് അഭിഷേകിന്റെ പേരിലുണ്ടായിരുന്നു. ഷോര്‍ട്ട് ബോള്‍ പുള്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ടൈമിംഗ് തെറ്റി ഉയര്‍ന്ന ക്യാച്ച് ആവുകയായിരുന്നു. ഈ ഇന്നിംഗ്‌സോടെ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാനായി അഭിഷേക് ചരിത്രത്തില്‍ ഇടംപിടിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here