
കശ്‌മീരില്‍ അതിശൈത്യം. ഡിസംബറില്‍ ഇനിയും തണുപ്പേറുമെന്ന് കാലാവസ്ഥാ വകുപ്പ്. മഞ്ഞ് വീഴ്‌ചയ്‌ക്ക് സാധ്യത. അതിശൈത്യ കാലത്ത് സഞ്ചാരികള്‍ കാണേണ്ട ഇടങ്ങള്‍ ഇതെല്ലാം.
ഹരിതാഭമായ താഴ്‌വരകളും കുന്നിന്‍ ചെരുവുകളും മനോഹരമായ തടാകങ്ങളുമെല്ലാം നിറഞ്ഞയിടമാണ് കശ്‌മീര്‍. മഞ്ഞിലുറങ്ങുന്ന ഈ ഭൂമിക കാണാനും ആസ്വദിക്കാനും സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും നിരവധി പേരാണ് ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് മഞ്ഞും തണുപ്പും ഏറുന്ന നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍.
സഞ്ചാരികളുടെയെല്ലാം ഇഷ്‌ടയിടമായ കശ്‌മീരിപ്പോള്‍ തണുത്തുറഞ്ഞിരിക്കുകയാണ്. കശ്‌മീര്‍ താഴ്‌വരയിടലുടനീളം മൈനസ് ഡിഗ്രി തണുപ്പിന്‍റെ ശീതതരംഗമാണ്. മഞ്ഞ് വീഴ്‌ചയില്‍ റോഡുകളെല്ലാം അപ്രത്യക്ഷമായി. മരച്ചില്ലകളെല്ലാം മഞ്ഞിന്‍ ആവരണം അണിഞ്ഞു.
ഒക്‌ടോബര്‍ മുതല്‍ ആരംഭിച്ച തണുപ്പിന് ഡിസംബറോടെ കാഠിന്യം കൂടും. തലസ്ഥാനമായ ശ്രീനഗറെല്ലാം തണുപ്പില്‍ വിറങ്ങലിച്ചു. ജനവാസ മേഖലയായ തെക്കന്‍ ഷോപ്പിയാനില്‍ മൈനസ് 6.5 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന പുല്‍വാമയിലും ബാരാമുള്ളയിലും സ്ഥിതി സമാനമാണ്. അവിടെ മൈനസ് 5.8 ഡിഗ്രി സെല്‍ഷ്യസാണ്. അനന്ത്‌നാഗില്‍ 5.7 ഡിഗ്രിയും പാംപോറും ശ്രീനഗർ വിമാനത്താവളത്തിന് സമീപം മൈനസ് 5.2 ഡിഗ്രിയുമായിരുന്നു.
ശ്രീനഗര്‍ നഗരത്തില്‍ താപനില മൈനസ് 4.4 ഡിഗ്രിയായി. ഇതാകട്ടെ കുപ്‌വാരയിലെ താപനിലയ്ക്ക് തുല്യമാണ്. ഖാസിഗുണ്ടും അവന്തിപോറയും മൈനസ് 4 ഡിഗ്രിയിലും ഗണ്ടർബാലും മൈനസ് 3.3 ഡിഗ്രിയിലും എത്തി. ഗുൽമാർഗും കോക്കർനാഗും യഥാക്രമം മൈനസ് ഒന്ന് ഡിഗ്രിയും മൈനസ് 1.6 ഡിഗ്രിയും രേഖപ്പെടുത്തി. വിനോദ സഞ്ചാര കേന്ദ്രമായ സോനാമാർഗിൽ മൈനസ് 4 ഡിഗ്രി തണുപ്പാണ് അനുഭവപ്പെട്ടത്.
കശ്‌മീരിലെ സോജില ചുരത്തിലാണ് ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെട്ടത്. മൈനസ് 16 ഡിഗ്രി സെൽഷ്യസാണ് ചുരത്തില്‍ രേഖപ്പെടുത്തിയത്. ചുരത്തില്‍ അസ്ഥി മരവിപ്പിക്കും തണുപ്പാണെന്ന് സന്ദര്‍ശകര്‍ പറയുന്നു.
ജമ്മു സമതലങ്ങളിൽ നേരിയതെങ്കിലും ശ്രദ്ധേയമായ തണുപ്പ് അനുഭവപ്പെട്ടു. ജമ്മു നഗരത്തിൽ 8.7 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ജമ്മു വിമാനത്താവളത്തിൽ 10.1 ഡിഗ്രിയും കത്ര, കതുവ, സാംബ, റീസി എന്നിവിടങ്ങളിൽ 6.9 ഡിഗ്രിയും രേഖപ്പെടുത്തി. ബനിഹാലിൽ മൈനസ് 1.5 ഡിഗ്രിയും ഭദേർവയിൽ 0.4 ഡിഗ്രിയും രേഖപ്പെടുത്തി. രജൗരിയിൽ 2 ഡിഗ്രിയും റംബനിൽ 4.1 ഡിഗ്രിയും എത്തി. ലഡാക്കിൽ, തണുപ്പ് കൂടുതൽ ശക്തമായതോടെ കാർഗിലിൽ മൈനസ് 9.5 ഡിഗ്രി സെൽഷ്യസും ലേയിൽ മൈനസ് 8.6 ഡിഗ്രിയും നുബ്രയിൽ മൈനസ് 7.7 ഡിഗ്രിയുമായി.
ഇനിയും കുറയും: അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ ജമ്മു കശ്‌മീരിലുടനീളം താപനില ഇനിയും കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്‌ടർ ഡോ. മുഖ്‌താർ അഹമ്മദ് പറഞ്ഞു. താപനില 1 മുതൽ 2 ഡിഗ്രി സെൽഷ്യസ് വരെയായേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കശ്‌മീരിലെ പല സ്ഥലങ്ങളിലും കനത്തതോ മിതമായതോ ആയ മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്. ഡിസംബര്‍ 2ന് ഉച്ചയോടെ തണുപ്പേറിയേക്കും. ഒറ്റപ്പെട്ട ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞ് വീഴ്‌ച്ചയുണ്ടാകാനും സാധ്യതയുണ്ടെന്നും ഡോ. മുഖ്‌താർ അഹമ്മദ് പറഞ്ഞു.
കശ്‌മീരിലെ ജനജീവിതം ദുസഹം: സഞ്ചാരികള്‍ക്ക് കശ്‌മീരിലെ തണുപ്പും മഞ്ഞ് വീഴ്‌ചയുമെല്ലാം കൗതുകവും ആസ്വദകവുമായിരിക്കും. എന്നാല്‍ കശ്‌മീരിലെ ജനങ്ങള്‍ക്ക് ഈ കാലാവസ്ഥ സൃഷ്‌ടിക്കുന്നത് ഏറെ വെല്ലുവിളികള്‍ തന്നെയാണ്. കശ്‌മീരിലെ കൊടും തണുപ്പ് ജോലി അടക്കമുള്ള ദൈനംദിന പ്രവര്‍ത്തികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൃഷി അടക്കമുള്ളവയെല്ലാം മഞ്ഞ് വീഴ്‌ചയില്‍ ഇല്ലാതാകും. അവശ്യ സാധനങ്ങള്‍ക്ക് പോലും വീടിന് പുറത്തിറങ്ങാന്‍ കഴിയാതെ വരും. സ്‌കൂളുകളെല്ലാം അടച്ചിടേണ്ട അവസ്ഥ. കൊടും തണുപ്പില്‍ വിറങ്ങലിക്കുന്ന ജനതയ്‌ക്ക് സ്വന്തം നാടും വീടും വിട്ട് മറ്റിടങ്ങളിലേക്ക് ചേക്കേറണ്ടതായും വരാറുണ്ട്.
പഹൽഗാം, ഗുൽമാർഗ് എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അതിശൈത്യമാണ്. തണുപ്പേറുന്ന സാഹചര്യങ്ങളില്‍ ചില പ്രദേശങ്ങളിലേക്കുള്ള എന്‍ട്രികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. ഇത് ടൂറിസത്തെ ആശ്രിക്കുന്ന നിരവധി പേര്‍ക്ക് തിരിച്ചടിയാകും. അതുകൊണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം നിര്‍ദേശിച്ചു. ദുരിത ബാധിത പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
തണുപ്പെങ്കിലും ഇതെല്ലാം കാണണം സഞ്ചാരികള്‍: കൊടും തണുപ്പാണെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ കുറവൊന്നുമില്ലെന്നതാണ് വാസ്‌തവം. ഡിസംബറില്‍ അല്ലെ കശ്‌മീരില്‍ പോകേണ്ടത് അപ്പോഴല്ലെ വൈബ് എന്ന ചിന്തയില്‍ ഇവിടെ എത്തുന്നവരും കുറവല്ല. അതിശൈത്യത്തിലും ഇവിടെ കാണാന്‍ നിരവധിയിടങ്ങളുണ്ട്. അവയില്‍ ചിലതിനെ പരിചയപ്പെട്ടാലോ?
ഗുല്‍മര്‍ഗ്: പുഷ്‌പങ്ങളുടെ മേട് എന്നാണ് ഗുല്‍മര്‍ഗ് അറിയപ്പെടുന്നത്. ശൈത്യകാലത്ത് വിരിയുന്ന പൂക്കളുടെ ദൃശ്യം ഇവിടെയെത്തിയാല്‍ ആവോളം ആസ്വദിക്കാം. കൂടാതെ സ്‌കീയിങ്, സ്നോബോർഡിങ്, സ്നോഷൂയിങ്, സ്ലെഡിങ് എന്നിവയ്‌ക്കും ഇവിടെ അവസരമുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കേബിള്‍ കാറുകളിലും ഇവിടെയെത്തിയാല്‍ കയറാം.
പഹല്‍ഗാം: പ്രകൃതി സൗന്ദര്യത്തിന്‍റ കോട്ടയാണിത്. ബേതാബ് താഴ്‌വരയും അരു താഴ്‌വരയും ലിഡര്‍ നദിയുമെല്ലാമാണ് ഇവിടെ കാണേണ്ട കാഴ്‌ച. ശൈത്യകാലത്ത് തണത്തുറയുന്ന ലിഡര്‍ നദിക്ക് മുകളിലൂടെ നടക്കാം.
ഗുറെസ് താഴ്‌വര: ഡിസംബറില്‍ അത്ഭുത ലോകമായി മാറുന്ന ഇടമാണിത്. പ്രകൃതി സൗന്ദര്യവും അതോടൊപ്പം തടിയില്‍ തീര്‍ക്കുന്ന വീടുകളുമാണ് ഇവിടുത്തെ ആകര്‍ഷണം. ഹബ്ബ ഖാത്തൂണ്‍ കൊടുമുടിയുടെ കാഴ്‌ചകളും അതിമനോഹരമാണ്. ശൈത്യകാലത്ത് കാണാനാകുന്ന ചുരുക്കം ചിലയിടങ്ങള്‍ മാത്രമാണിത്. ഇനിയും ഏറെ സ്ഥലങ്ങള്‍ വേറെയുമുണ്ടിവിടെ.




