ഡോക്ടർ ബിരുദം നേടിയ ആദ്യ ഇന്ത്യൻ വനിത; ആനന്ദി ജോഷിയുടെ നാടകീയ ജീവിതം

0
41
ഡോ. ആനന്ദിബായ് ഗോപാൽറാവു ജോഷി (31 മാർച്ച് 1865 – 26 ഫെബ്രുവരി 1887) പാശ്ചാത്യ വൈദ്യശാസ്ത്രത്തിലെ ബിരുദം നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിതാ ഡോക്ടറായിരുന്നു. ആനന്ദി ഗോപാൽ ജോഷി അഥവാ ആനന്ദിബായ് ജോഷി എന്നും അറിയപ്പെടുന്നു.

പൂനെയിലെ ഒരു സമ്പന്ന യാഥാസ്ഥിതിക ചിത്പവൻ ബ്രാഹ്മണ കുടുംബത്തിലാണ് ജനനം. യമുന എന്നായിരുന്നു ആദ്യത്തെ പേര്. അക്കാലത്തെ പതിവ് പോലെ, അമ്മയുടെ സമ്മർദ്ദം മൂലം ഒമ്പതാം വയസ്സിൽ തന്നേക്കാൾ 20 വയസ്സിനു മൂപ്പുള്ള ഗോപാൽ റാവു എന്ന വിഭാര്യനുമായി യമുനയുടെ വിവാഹം നടത്തപ്പെട്ടു. കല്യാണിൽ തപാൽ വകുപ്പിൽ ഗുമസ്തനായിരുന്ന ഗോപാൽ റാവുവാണ് യമുനയുടെ പേര് ആനന്ദിബായ് എന്നു മാറ്റിയത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തെ പിന്തുണച്ചിരുന്ന ഒരു പുരോഗമനവാദിയായിരുന്നു ഗോപാൽ റാവു.  ആ കാലഘട്ടത്തിൽ സംസ്കൃതം പഠിക്കുന്നതിലും പ്രയോജനപ്രദം  ഇംഗ്ലീഷ് പഠിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ആനന്ദിബായിയെ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുവാൻ സഹായിച്ചു. അവൾ വൈദ്യശാസ്ത്രം പഠിച്ച് ലോകത്ത് തന്റേതായ വ്യക്തിത്വം സൃഷ്ടിക്കണമെന്ന് ആഗ്രഹിച്ചു.

ആനന്ദിബായിയുടെ വിദ്യാഭ്യാസത്തോടുള്ള അഭിനിവേശം വളർന്നപ്പോൾ, അദ്ദേഹം അവളെ ഫിലാഡൽഫിയൻ മിഷനറിയായിരുന്ന മിസിസ് കാർപെന്ററിനൊപ്പം മെഡിസിൻ പഠിക്കാൻ അമേരിക്കയിലേക്ക് അയച്ചു. വൈസ്രോയിയടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുടെ സാമ്പത്തിക സഹായവുമായി 1883 ജൂണിൽ അവർ ന്യൂയോർക്കിൽ കപ്പലിറങ്ങി. വിമൻസ് മെഡിക്കൽ കോളേജ് ഓഫ് പെൻസിൽ‌വാനിയയിൽ എൻറോൾ ചെയ്തു. 1886 മാർച്ച് 11-ന് എം.ഡി ബിരുദം നേടി,  അവൾ പഠനം പൂർത്തിയാക്കി ഡോക്ടറായി.

19-ാം വയസ്സിൽ ആനന്ദിബായി തന്റെ മെഡിക്കൽ പരിശീലനം ആരംഭിച്ചു. 1886 മാർച്ചിൽ അവൾ എംഡി ബിരുദം നേടി. “ആര്യൻ ഹിന്ദുക്കൾക്കിടയിലെ പ്രസവചികിത്സ” (ഒബ്സ്സ്റ്റെട്രിക്സ് എമംഗ് ആര്യൻ ഹിന്ദൂസ് ) എന്നതായിരുന്നു അവളുടെ പ്രബന്ധത്തിന്റെ വിഷയം. ബിരുദം നേടിയപ്പോൾ, വിക്ടോറിയ രാജ്ഞി അവൾക്ക് ഒരു അഭിനന്ദന സന്ദേശം അയച്ചു.

അമേരിക്കയിൽ, തണുത്ത കാലാവസ്ഥയും അപരിചിതമായ ഭക്ഷണക്രമവും കാരണം അവളുടെ ആരോഗ്യം വഷളായിക്കൊണ്ടിരുന്നു. അവൾക്ക് ക്ഷയരോഗം പിടിപെട്ടു. 1886-ന്റെ അവസാനത്തിൽ, ആനന്ദിബായി ഇന്ത്യയിലേക്ക് മടങ്ങി, വലിയ സ്വീകരണം ലഭിച്ചു.  കോലാപ്പൂർ നാട്ടുരാജ്യം അവരെ പ്രാദേശിക ആൽബർട്ട് എഡ്വേർഡ് ഹോസ്പിറ്റലിലെ വനിതാ വാർഡിന്റെ ഫിസിഷ്യൻ ഇൻ-ചാർജ് ആയി നിയമിച്ചു.

22 വയസ്സ് തികയുന്നതിന് മുമ്പ് 1887 ഫെബ്രുവരി 26 ന് പൂനെയിൽ വച്ച് ആനന്ദിബായി ക്ഷയരോഗം ബാധിച്ച് മരിച്ചു.  അവളുടെ മരണത്തിന് വർഷങ്ങൾക്ക് മുമ്പ് തന്നെ അവൾ ക്ഷീണിതയായിരുന്നു, നിരന്തരമായ ബലഹീനതകൾ അനുഭവപ്പെട്ടു. അമേരിക്കയിൽ നിന്ന് മെഡിസിൻ അയച്ചുകൊടുത്തെങ്കിലും ഫലമുണ്ടായില്ല, മരണം വരെ അവൾ മെഡിസിൻ പഠിച്ചു. അവളുടെ മരണത്തിൽ ഇന്ത്യയൊട്ടാകെ ദുഃഖം രേഖപ്പെടുത്തി. അവളുടെ ചിതാഭസ്മം തിയോഡിഷ്യ കാർപെന്ററിന് അയച്ചു, അവർ ന്യൂയോർക്കിലെ പോക്ക്‌കീപ്‌സിയിലെ പോക്ക്‌കീപ്‌സി ഗ്രാമീണ സെമിത്തേരിയിലെ അവളുടെ കുടുംബ സെമിത്തേരിയിൽ സ്ഥാപിച്ചു. ആനന്ദി ജോഷി ഒരു ഹിന്ദു ബ്രാഹ്മണ പെൺകുട്ടിയാണെന്നും വിദേശത്ത് വിദ്യാഭ്യാസം നേടുകയും മെഡിക്കൽ ബിരുദം നേടുകയും ചെയ്ത ആദ്യ ഇന്ത്യൻ വനിതയാണെന്നും ലിഖിതത്തിൽ പറയുന്നു.

1888-ൽ അമേരിക്കൻ ഫെമിനിസ്റ്റ് എഴുത്തുകാരി കരോലിൻ വെൽസ് ഹീലി ഡാൾ ജോഷിയുടെ ജീവചരിത്രം എഴുതി.  അവളുടെ ജീവിതത്തെ ആസ്പദമാക്കി കമലകർ സാരംഗ് സംവിധാനം ചെയ്ത “ആനന്ദി ഗോപാൽ” എന്ന പേരിൽ ഒരു ഹിന്ദി പരമ്പര ദൂരദർശൻ സംപ്രേക്ഷണം ചെയ്തു. ശ്രീകൃഷ്ണ ജനാർദൻ ജോഷി തന്റെ മറാത്തി നോവലായ ആനന്ദി ഗോപാലിൽ അവളുടെ ജീവിതത്തെക്കുറിച്ച് ഒരു സാങ്കൽപ്പിക വിവരണം എഴുതി, അത് രാം ജി ജോഗ്ലേക്കർ അതേ പേരിൽ ഒരു നാടകമായി രൂപാന്തരപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here