തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത (ഡിഎ) നാല് ശതമാനം വർധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറക്കി. നിലവിൽ 18 ശതമാനമായിരുന്ന ക്ഷാമബത്ത ഇതോടെ 22 ശതമാനമായി ഉയർന്നു. വർധിപ്പിച്ച ഈ ക്ഷാമബത്ത ഒക്ടോബർ മാസത്തെ ശമ്പളത്തോടൊപ്പം ജീവനക്കാർക്ക് ലഭിച്ചു തുടങ്ങും.
വർധന ലക്ഷക്കണക്കിന് വരുന്ന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും വലിയ ആശ്വാസം നൽകുന്നു. എന്നാൽ, ഈ വർധന ശമ്പള പരിഷ്കരണ നടപടികളിലേക്ക് കടക്കുന്നതിൻ്റെ സൂചനയായും വിലയിരുത്തപ്പെടുന്നുണ്ട്. അതേസമയം, വർധിപ്പിച്ചതിലെ 13 ശതമാനം കുടിശ്ശിക തീർപ്പാക്കുന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ നിർദേശം ലഭിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
സാമ്പത്തിക ബാധ്യതയും ക്ഷാമബത്ത നിർണയവും
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപയാണ്. നിലവിലെ ഈ വർധനവ് സംസ്ഥാന ഖജനാവിന് പ്രതിമാസം ഏകദേശം 80 കോടി രൂപയുടെ അധിക ബാധ്യത വരുത്തുമെന്നാണ് ധനവകുപ്പ് കണക്കാക്കുന്നത്. സാമ്പത്തിക ഞെരുക്കത്തിനിടയിലും ജീവനക്കാരുടെ സാമ്പത്തിക ആവശ്യങ്ങൾ പരിഗണിക്കാനുള്ള സർക്കാരിൻ്റെ ശ്രമമായി ഇതിനെ വിലയിരുത്തുന്നു. അടിസ്ഥാന ശമ്പളത്തിൻ്റെ ശതമാനം കണക്കിലെടുത്താണ് ക്ഷാമബത്ത (ഡിഎ) നിശ്ചയിക്കുന്നത്. നിലവിൽ ഇത് 18 ശതമാനമായിരുന്നു. ഇതനുസരിച്ച് 23,000 രൂപ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാർക്ക് ഡിഎ ഇനത്തിൽ 4140 രൂപയാണ് ലഭിച്ചിരുന്നത്.
നവംബർ മാസത്തിൽ നാല് ശതമാനം ഡിഎ വർധിപ്പിക്കുന്നതോടെ 23,000 രൂപ അടിസ്ഥാന ശമ്പളക്കാരുടെ ഡിഎ 22 ശതമാനമാവുകയും ഡിഎ ഇനത്തിൽ 5,060 രൂപ കൂടി ചേർന്ന് വർധനവുണ്ടാകുകയും ചെയ്യും. അതായത്, 23,000 രൂപ അടിസ്ഥാന ശമ്പളക്കാർക്ക് 920 രൂപയുടെ വർധനവാണ് അധികമായി ലഭിക്കുക. ജീവിത നിലവാര സൂചികയുമായി ബന്ധപ്പെടുത്തി ആറു മാസം കൂടുമ്പോഴാണ് ഡിഎ കണക്കാക്കുന്നത്. കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന അതേ തുകയാണ് സാധാരണ സംസ്ഥാന സർക്കാരും നൽകാറുള്ളത്. പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാർ വരുന്നത് വരെ ഡിഎ പ്രഖ്യാപിക്കുന്ന തീയതികളും ഏതാണ്ട് കേന്ദ്രത്തിൻ്റേതിന് സമാനമായിരുന്നു. അതിനു ശേഷം 34/35 മാസങ്ങളുടെ കുടിശ്ശികയാണ് ധനവകുപ്പ് വരുത്തി വച്ചത്.
ഡിഎ കുടിശ്ശിക നഷ്ടമായി
ഇതുവരെ നാല് ഡിഎ ഗഡുക്കളുടെ കുടിശ്ശിക സംസ്ഥാന ജീവനക്കാർക്ക് നഷ്ടമായെന്ന് പ്രതിപക്ഷ സർവീസ് സംഘടനകൾ ആരോപിക്കുന്നു. ഓരോ ജീവനക്കാർക്കും 156/158 മാസത്തെ കുടിശ്ശിക നഷ്ടമായതായും അവർ പറയുന്നു. ഇപ്പോൾ 2025 നവംബർ മുതൽ നൽകുമെന്ന് പറഞ്ഞത് ജീവനക്കാർക്കും പെൻഷൻകാർക്കും 2023 ജനുവരി 1 മുതൽ കിട്ടേണ്ട 4% ഡിഎ ആണ്. അതായത്, 2023, 2024, 2025 ഒക്ടോബർ കൂടി 34/35 മാസത്തെ കുടിശ്ശിക എന്തു ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.
മറ്റ് ആനുകൂല്യങ്ങളും ജീവനക്കാരുടെ ആവശ്യങ്ങളും
ക്ഷാമബത്ത കൂടാതെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ‘മെഡിസെപ്’ (MEDISEP) പോലുള്ള ക്ഷേമ പദ്ധതികൾ വഴി മറ്റ് ആനുകൂല്യങ്ങളും സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നൽകുന്നുണ്ട്. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കും സമഗ്രമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്. മെഡിസെപ് പദ്ധതി പ്രകാരം 3 ലക്ഷം രൂപ വരെയുള്ള ചികിത്സാസഹായം സർക്കാർ ആശുപത്രികളിലും അംഗീകൃത സ്വകാര്യ ആശുപത്രികളിലും ലഭ്യമാണ്.
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് തുല്യമായി ക്ഷാമബത്ത ലഭിക്കണമെന്നതാണ് സംസ്ഥാന ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യം. നിലവിലെ വർധനവോടെ കേന്ദ്ര-സംസ്ഥാന ക്ഷാമബത്തയിലെ അന്തരം കുറഞ്ഞിട്ടുണ്ട്. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് എപ്പോഴെല്ലാം ക്ഷാമബത്ത വർധിപ്പിക്കുന്നുവോ അതിനനുസരിച്ച് സംസ്ഥാന സർക്കാരുകളും നടപടിയെടുക്കാറുണ്ടെങ്കിലും, പലപ്പോഴും ഇതിൽ കാലതാമസം നേരിടാറുണ്ട്.
എൻജിഒ അസോസിയേഷൻ്റെ പ്രതികരണവും ആരോപണങ്ങളും
വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജീവനക്കാരിൽ നിന്നും വലിയ തോതിലുള്ള തിരിച്ചടി ഭയന്നാണ് ഇപ്പോൾ 4 ശതമാനം ഡിഎ പ്രഖ്യാപിച്ചതെന്ന് എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാർ പ്രതികരിച്ചു. 2022 ജൂലൈയിൽ ലഭിക്കേണ്ട 3 ശതമാനം ക്ഷാമബത്ത അനുവദിച്ചപ്പോഴും മുൻകാല പ്രാബല്യം തുടർക്കഥയായി മാറി. ഇതിലൂടെ 37 മാസത്തെ കുടിശ്ശിക നഷ്ടപ്പെട്ടു. ചുരുക്കത്തിൽ ഇടത് സർക്കാർ അധികാരത്തിൽ വന്നശേഷം അനുവദിച്ച 4 ഗഡുക്കളിലായി ആകെ 154 മാസത്തെ കുടിശ്ശിക കവർന്നെടുത്തതായി അദ്ദേഹം ആരോപിച്ചു.
വിവിധ തസ്തികകളിലുള്ളവർക്ക് ഒരു ലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെയാണ് നഷ്ടം സംഭവിച്ചത്. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സമയബന്ധിതമായി ക്ഷാമബത്ത അനുവദിക്കാൻ തയ്യാറായിട്ടില്ലെന്നും 6 ഗഡുക്കളിലായി 17 ശതമാനം ക്ഷാമബത്ത നിലവിൽ കുടിശ്ശികയാണെന്നും ചവറ ജയകുമാർ വ്യക്തമാക്കി. കഴിഞ്ഞ മൂന്നുവർഷമായുള്ള ക്ഷാമബത്ത കുടിശ്ശിക ഇനത്തിൽ മാത്രം പതിനയ്യായിരം കോടി രൂപ സർക്കാർ കവർന്നെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ സർവീസ് സംഘടനകളുടെ വിമർശനങ്ങൾ
അഞ്ചുവർഷ ശമ്പള പരിഷ്കരണ തത്വം ഇടതുപക്ഷ സർക്കാർ അട്ടിമറിച്ചിരിക്കുകയാണെന്നാണ് പ്രതിപക്ഷ സർവീസ് സംഘടനകളുടെ ആരോപണം. 2024 ജൂലൈയിൽ പ്രാബല്യത്തിൽ വരേണ്ട ശമ്പളപരിഷ്കരണത്തിനായി കമ്മിഷനെ നിയമിക്കാൻ പോലും ഇതുവരെ സർക്കാർ തയ്യാറായിട്ടില്ല. അനിയന്ത്രിതമായ വിലക്കയറ്റം നേരിടുന്ന സംസ്ഥാനത്ത് ആറു വർഷങ്ങൾക്ക് മുമ്പുള്ള ശമ്പള സ്കെയിലിലാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. കഴിഞ്ഞ പരിഷ്കരണത്തിൻ്റെ കുടിശ്ശിക പൂർണമായും നൽകാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ലീവ് സറണ്ടർ ആറു വർഷമായി നിഷേധിച്ചിരിക്കുകയാണെന്നും 2002 ൽ 20 ദിവസത്തെ ലീവ് സറണ്ടർ താത്കാലികമായി മാറ്റിവച്ചപ്പോൾ പണിമുടക്കുമായി ഇറങ്ങി തിരിച്ചവർ ഇന്ന് മുഖ്യമന്ത്രിക്ക് സ്തുതി ഗീതം പാടുകയാണെന്നും അവർ വിമർശിച്ചു.
മെഡിസെപ്പും പങ്കാളിത്ത പെൻഷനും സംബന്ധിച്ച ആശങ്കകൾ
മെഡിസെപ്പിൽ സർക്കാർ വിഹിതം നൽകി പരിഷ്കരിക്കാൻ നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ അതിന് തയ്യാറായിട്ടില്ല; ഏകപക്ഷീയമായി വീണ്ടും രണ്ടു വർഷത്തേക്ക് കരാർ പുതുക്കിയിരിക്കുകയാണ്. ആദ്യവർഷത്തിൽ തന്നെ പ്രീമിയം 50 ശതമാനം കുത്തനെ കൂട്ടി. തുടർന്നും വർധിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. പ്രീമിയം 6000 ൽ നിന്ന് 9000 ലേക്ക് വർധിപ്പിച്ചതല്ലാതെ അതിന് തക്ക പരിരക്ഷ ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും മെഡിസെപ്പിൽ സർക്കാർ വിഹിതം നിർബന്ധമായും ഉറപ്പാക്കി പദ്ധതി പരിഷ്കരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
അധികാരത്തിലെത്തി 10 വർഷമായിട്ടും പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ ഇടത് സർക്കാർ തയ്യാറായിട്ടില്ല. ഇന്ത്യയിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം പങ്കാളിത്ത പെൻഷനിൽ നിന്നും പിന്മാറി കഴിഞ്ഞു. പങ്കാളിത്ത പെൻഷൻ ജീവനക്കാരെ പണയ വസ്തുവാക്കി മാറ്റിയ സർക്കാർ പുതിയ പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്ന് പറഞ്ഞ് വീണ്ടും ജീവനക്കാരെ കബളിപ്പിക്കുകയാണെന്നും അവർ ആരോപിച്ചു. തുടർഭരണം സമ്മാനിച്ച ഹുങ്കിൽ ഇടതുപക്ഷ ഭരണകൂടം നിർദാക്ഷണ്യം കവർന്നെടുത്തത് ഒരു ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങളാണെന്നും പ്രതിപക്ഷ സർവീസ് സംഘടനകൾ കുറ്റപ്പെടുത്തി.








