ഓരോ മഴക്കാലത്തും അറബിക്കടലും ബംഗാൾ ഉൾക്കടലും ചേർന്ന ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കൻ ഭാഗങ്ങളിൽ നിരവധി ചുഴലിക്കാറ്റുകളും കൊടുങ്കാറ്റുകളുമുണ്ടാകുന്നുണ്ട്. ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത് അന്താരാഷ്ട്ര കാലാവസ്ഥാ സംഘടനകളുടെ മേൽനോട്ടത്തിൽ, ബംഗാൾ ഉൾക്കടലിനും അറബിക്കടലിനും ചുറ്റുമുള്ള രാജ്യങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ പട്ടികയിൽ നിന്നാണ്. ചുഴലിക്കാറ്റുകൾ കൃത്യമായി എളുപ്പത്തിൽ തിരിച്ചറിയാനും മനസിലാക്കാനും ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനും വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. മഹാസമുദ്രത്തിന്റെ പ്രയോജനം ലഭിക്കുന്ന എല്ലാ രാജ്യങ്ങൾക്കും സ്വീകാര്യമായ പേരുകൾ തന്നെ വേണമെന്നതിനാൽ ഇതിനായി കൂട്ടായ്മയും രൂപകരിച്ചു. നിലവിൽ ഈ കൂട്ടായ്മയിൽ 13 രാജ്യങ്ങളുണ്ട്.
ബംഗാൾ ഉൾക്കടലും അറബിക്കടലും ഉൾപ്പെടുന്ന ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപം കൊള്ളുന്ന കാറ്റുകൾക്കു പേരിടാനുള്ള അധികാരം കേന്ദ്ര കാലാവസ്ഥ വകുപ്പിനു കീഴിൽ ഡൽഹിയിൽ പ്രവർത്തിക്കുന്ന റീജിയണൽ സ്പെഷ്യലൈസ്ഡ് മീറ്ററോളജിക്കൽ സെന്റർ( ആർ.എസ്.എം.സി)ക്കാണ്. ഐക്യരാഷ്ട്ര സഭയുടെ ഭാഗമായ ലോക കാലാവസ്ഥ സംഘടനയും( വേൾഡ് മീറ്ററോളജിക്കൽ ഓർഗനൈസേഷൻ) യു.എന്നിന്റെ തന്നെ എക്കണോമിക് ആന്റ് സോഷ്യൽ കമ്മീഷൻ ഫോർ ഏഷ്യ, പസഫിക്( ഇ.എസ്.സി.എ.പി. ) യുമായി ചേർന്നാണ് പേരിടൽ പ്രക്രിയ.
വടക്കേ ഇന്ത്യൻ മഹാസമുദ്രത്തിലെ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾക്ക് പേരിടൽ 2004 സെപ്റ്റംബർ മുതൽ ആരംഭിച്ചു, എട്ട് അംഗങ്ങൾ പേരുകൾ നൽകി. അതിനുശേഷം, അഞ്ച് രാജ്യങ്ങൾ പാനലിൽ ചേർന്നു. പാനൽ അംഗങ്ങളുടെ പേരുകൾ അക്ഷരമാലാക്രമത്തിൽ രാജ്യ തിരിച്ച് പട്ടികപ്പെടുത്തിയിട്ടുണ്ട്. പേരുകൾ ക്രമത്തിൽ നിര തിരിച്ച് ഉപയോഗിക്കും. Q, U, X, Y, Z എന്നീ അക്ഷരങ്ങളിൽ തുടങ്ങുന്ന പേരുകൾ പട്ടികയിൽ ഇല്ല, കാരണം ആ പേരുകൾ വളരെ കുറവാണ്, മാത്രമല്ല വിവിധ സംസാര ഭാഷകളിൽ മനസ്സിലാക്കാൻ പലപ്പോഴും പ്രയാസവുമാണ്.
പേരിടൽ പ്രക്രിയ ഇങ്ങനെയാണ്:
- സംഘടനകൾ:ലോക കാലാവസ്ഥാ സംഘടനയും (WMO) ഐക്യരാഷ്ട്രസഭയുടെ ഏഷ്യയ്ക്കും പസഫിക്കിനുമുള്ള സാമ്പത്തിക-സാമൂഹിക കമ്മീഷനും (ESCAP) ചേർന്നാണ് ഈ പ്രക്രിയയ്ക്ക് നേതൃത്വം നൽകുന്നത്.
- മേഖല തിരിച്ചുള്ള കേന്ദ്രങ്ങൾ:ലോകത്തെ പ്രധാന സമുദ്ര മേഖലകളെ വിവിധ കേന്ദ്രങ്ങളായി തിരിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമുള്ള ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത് ന്യൂഡൽഹിയിലെ റീജിയണൽ സ്പെഷ്യലൈസ്ഡ് മീറ്ററോളജിക്കൽ സെന്ററാണ് (RSMC).
- അംഗരാജ്യങ്ങൾ: ഇന്ത്യ, ബംഗ്ലാദേശ്, ഇറാൻ, മാലിദ്വീപ്, മ്യാൻമർ, ഒമാൻ, പാകിസ്താൻ, ഖത്തർ, സൗദി അറേബ്യ, ശ്രീലങ്ക, തായ്‌ലൻഡ്, യുഎഇ, യെമൻ എന്നീ 13 രാജ്യങ്ങളാണ് ഈ കേന്ദ്രത്തിന് കീഴിലുള്ളത്.
- പേരുകളുടെ പട്ടിക: ഈ 13 രാജ്യങ്ങളും 13 പേരുകൾ വീതം നൽകി 169 പേരുകളുടെ ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്. രാജ്യങ്ങളുടെ ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് പട്ടികയിൽ പേരുകൾ ക്രമീകരിച്ചിരിക്കുന്നത്.
- പേരിടുന്നത്: ഓരോ ചുഴലിക്കാറ്റ് രൂപം കൊള്ളുമ്പോഴും ഈ പട്ടികയിൽ നിന്ന് അടുത്ത പേര് ക്രമമനുസരിച്ച് നൽകുന്നു. ഒരു പേര് ഒരുതവണ മാത്രമേ ഉപയോഗിക്കൂ.
- മാനദണ്ഡങ്ങൾ: പേരിന് ചില മാനദണ്ഡങ്ങളുണ്ട്:
- രാഷ്ട്രീയമോ മതപരമോ ലിംഗപരമോ ആയ സൂചനകൾ പാടില്ല.
- ഒരു ജനവിഭാഗത്തിന്റെയും വികാരങ്ങളെ വൃണപ്പെടുത്തരുത്.
- ഉച്ചരിക്കാൻ എളുപ്പമുള്ളതും പരമാവധി എട്ട് അക്ഷരങ്ങളിൽ കൂടാത്തതുമായിരിക്കണം.
- ചില ഉദാഹരണങ്ങൾ:
- മോൻത:തായ്‌ലൻഡ് നൽകിയ ഈ പേരിന് ‘സുഗന്ധമുള്ള പൂവ്’ എന്നാണ് അർത്ഥം.
- ഗുലാബ്:പാകിസ്താൻ നൽകിയ ഈ പേരിന് ‘റോസ്’ എന്നാണ് അർത്ഥം.
- ടൗട്ടെ:മ്യാൻമർ നൽകിയ ഈ പേരിന് ‘പല്ലി’ എന്നാണ് അർത്ഥം







