ലൈഫ് മിഷൻ പദ്ധതി; വീടിനായി സെപ്റ്റംബർ 9 വരെ അപേക്ഷിക്കാം

0
90

സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിൽ അർഹരായ കുടുംബങ്ങൾക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 9 വരെ നീട്ടി. അർഹത ഉണ്ടായിട്ടും വിവിധ കാരണങ്ങളാൽ ആദ്യം തയാറാക്കിയ ലിസ്റ്റിൽ ഉൾപ്പെടാതെ പോയ കുടുംബങ്ങൾക്കാണ് ഇപ്പോൾ വീടിനായി അപേക്ഷിക്കാൻ അവസരം നൽകിയത്. ആഗസ്റ്റ് 1 മുതൽ 27 വരെയായിരുന്നു അപേക്ഷിക്കുന്നതിനായി നൽകിയിരുന്ന സമയം.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പല ഗുണഭോക്താക്കൾക്കും അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ സംഘടിപ്പിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ എത്തിക്കുവാൻ സാധിക്കുന്നില്ലെന്ന് ലൈഫ് മിഷനെ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് സെപ്റ്റംബർ 9 വരെ സമയം നീട്ടി നൽകാൻ തീരുമാനിച്ചത്. ആഗസ്റ്റ് 1 മുതൽ ഇതുവരെ 6,39,857 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ സ്വന്തമായി ഭൂമിയുണ്ടായിട്ടും വീടില്ലാത്ത 4,58,813 കുടുംബങ്ങളും ഭൂമിയും വീടുമില്ലാത്ത 1,81,044 കുടുംബങ്ങളും ഉൾപ്പെടും.

www.life2020.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് വീടിനായി അപേക്ഷകൾ സമർപ്പിക്കേണ്ടത്. അർഹരായ ഗുണഭോക്താക്കൾക്ക് വീട്ടിലിരുന്നു സ്വന്തമായോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ള ഹെൽപ് ഡെസ്‌ക് വഴിയോ മറ്റ് ഇന്റർനെറ്റ് സേവന കേന്ദ്രങ്ങൾ വഴിയോ അപേക്ഷകൾ സമർപ്പിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here