ഇടുക്കി: ഓണത്തിനോടനുബന്ധിച്ച് ചായക്കടയുടെ മറവില്‍ ഭാര്യാ ഭര്‍ത്താക്കന്‍മാരുടെ സമാന്തര ബാര്‍. എക്സൈസ് പരിശോധനയില്‍ ഭര്‍ത്താവ് പിടിയിലായപ്പോള്‍ ഭാര്യ ഓടി രക്ഷപെട്ടു. 41 കുപ്പി വിദേശമദ്യവും പണവും ഇവിടെ നിന്നും പിടികൂടി. ഉടുമ്പന്‍ചോല എക്‌സൈസ് സംഘം ഓണത്തിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് ദമ്പതിമാര്‍ പിടിയിലായത്.
വണ്ടന്‍മേട് കടശ്ശിക്കടവ് ഉഷ ഭവനത്തില്‍ സുരേഷ് കുമാര്‍, ഇയാളുടെ ഭാര്യ അജിത സുരേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവരുടെ ഉടമസ്ഥതയിലുള്ള കടശ്ശിക്കടവ് ജംഗ്ഷനിലുള്ള ഹോട്ടലിലാലാണ് ഇവര്‍ മദ്യ വില്‍പ്പന നടത്തിയിരുന്നത്. ഓണക്കാലത്തോടനുബന്ധിച്ചായിരുന്നു സമാന്തര ബാറില്‍ മദ്യവില്‍പ്പന. ചായക്കടയില്‍ നിന്നും 41 കുപ്പികളിലായി വില്‍പ്പനയ്ക്കായ് സൂക്ഷിച്ചിരുന്ന മദ്യം കസ്റ്റഡിയിലെടുത്തു. മദ്യ വില്‍പ്പനയിലൂടെ ലഭിച്ച പണവും ഇവരില്‍ നിന്നും എക്‌സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.
സംഭവത്തിൽ ഒന്നാം പ്രതിയായ സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്‌തെന്നും രണ്ടാം പ്രതി സജിത സുരേഷ്‌കുമാര്‍ ഓടി പോയതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ലന്നും എക്‌സൈസ് സംഘം അറിയിച്ചു.