ആദ്യ ജയം ലക്ഷ്യമിട്ട് ഫോഴ്‌സ കൊച്ചി ഇന്ന് കണ്ണൂർ വാരിയേഴ്‌സിനെ നേരിടും;

0
34

സൂപ്പർ ലീഗ് കേരളയില്‍ ഫോഴ്‌സ കൊച്ചി എഫ്‌സി തങ്ങളുടെ ആദ്യ ഹോം മത്സരത്തിനായി ഇന്ന് കളത്തിലിറങ്ങും. മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന പോരാട്ടത്തില്‍ കണ്ണൂർ വാരിയേഴ്‌സ് എഫ്.സിയാണ് കൊച്ചിയുടെ എതിരാളികൾ. കേരളത്തിലെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള ഫുട്ബോൾ വേദികളിൽ ഒന്നാണ് മഹാരാജാസ് കോളേജ് ഗ്രൗണ്ട്. സന്തോഷ് ട്രോഫി ഉൾപ്പടെയുള്ള നിരവധി സംസ്ഥാന തല മത്സരങ്ങൾക്കും ഈ മൈതാനം സാക്ഷ്യം വഹിച്ചിട്ടുണ്ട്.

നഗരത്തിന്‍റെ ഹൃദയഭാഗത്തേക്ക് ഒരിക്കൽക്കൂടി ഫുട്ബോൾ ആവേശം തിരിച്ചെത്തിക്കുന്ന ഫോഴ്‌സ കൊച്ചി എഫ്.സി ഏറെ പ്രതീക്ഷയോടെയാണ് സീസണിലെ ആദ്യ ഹോം മത്സരത്തിനായി തയ്യാറാകുന്നത്. പരിശീലകൻ മിഗ്വൽ ലാഡോ പ്ലാനയുടെ കീഴിൽ ഫോഴ്‌സ കൊച്ചിക്ക് സീസണിന്‍റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ആദ്യ രണ്ട് മത്സരങ്ങളിൽ ടീം മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഒരു വിജയം പോലും നേടാനായിട്ടില്ല. നിലവിൽ പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ഫോഴ്‌സ കൊച്ചി. ഹോം ഗ്രൗണ്ടിലെ കാണികളുടെ പിന്തുണയിൽ സീസണിലെ ആദ്യ വിജയം കൈവരിക്കാനാണ് ടീമിന്‍റെ ലക്ഷ്യം ലക്ഷ്യം.

അതേസമയം, എതിരാളികളായ കണ്ണൂർ മികച്ച ഫോമിലാണ്. ഒരു വിജയവും ഒരു സമനിലയുമായി ഇതുവരെ അവർ തോൽവി അറിയാതെയാണ് സീസണിൽ മുന്നേറുന്നത്. ക്യാപ്റ്റൻ ഏർണസ്റ്റൺ ലാവ്സംബയുടെ നേതൃത്വത്തിൽ വാരിയേഴ്‌സ് മികച്ച പ്രതിരോധവും, ഒഴുക്കുള്ള ആക്രമണവുമാണ് കാഴ്‌ചവെക്കുന്നത്. എവേ മത്സരത്തിലെ മൂന്ന് പോയിന്‍റ് നേടി പട്ടികയിൽ ആദ്യ സ്‌ഥാനം ഉറപ്പിക്കുകയാണ് കണ്ണൂരിന്‍റെ ശ്രമം.

ടൂര്‍ണമെന്‍റില്‍ ആദ്യ ജയം തേടുന്ന ഫോഴ്‌സ കൊച്ചിയും പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനം ലക്ഷ്യമിടുന്ന കണ്ണൂർ വാരിയേഴ്‌സും നേർക്കുനേർ വരുമ്പോൾ തീ പാറുന്ന പോരാട്ടമായിരിക്കും മഹാരാജാസ് ഗ്രൗണ്ട് സാക്ഷിയാകുന്നത്. മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്‌സ്.കോമിലും (sports.com) എന്നിവയില്‍ തൽസമയം കാണാം. യു എ ഇയിൽ ഇത്തിസാലാത്തിന്‍റെ ഇ വിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.

സൂപ്പര്‍ ലീഗ് കേരളയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മലപ്പുറം എഫ്‌സിയും കാലിക്കറ്റ്‌ എഫ്‌സിയും മൂന്ന് ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ഇതോടെ മൂന്ന് കളികളിൽ മലപ്പുറത്തിന് അഞ്ചും കാലിക്കറ്റിന് നാലും പോയന്‍റായി. 22,956 കാണികളായിരുന്നു പയ്യനാട്ട് മത്സരം കാണാനെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here