ഇന്ത്യൻ റെയിൽവേ ഓൺ പവർ; വന്ദേ ഭാരത് 4.0, അമൃത് ഭാരത് 4.0 ഉടൻ വരും, ലക്ഷ്യം വേഗതയേറിയ സുരക്ഷിത യാത്ര

0
31

ഇന്ത്യയുടെ ഫ്ലാഗ്ഷിപ്പ് സെമി-ഹൈ-സ്‌പീഡ് ട്രെയിനിൻ്റെ അടുത്ത തലമുറ പതിപ്പായ വന്ദേ ഭാരത് 4.0, അമൃത് ഭാരത് 4.0 എന്നിവ വികസിപ്പിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ഇന്ത്യയെ ആഗോള നിലവാരത്തിലേയ്‌ക്ക് ഉയർത്താനും വേഗമേറിയതും സുരക്ഷിതവുമായ യാത്ര സൗകര്യം ഒരുക്കാനുമാണ് ഇതിലൂടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പതിനാറാമത് അന്താരാഷ്ട്ര റെയിൽവേ ഉപകരണ പ്രദർശനം (IREE) 2025ൻ്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അശ്വിനി വൈഷ്‌ണവ്.

ഇന്ത്യയിലെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും നൂതനമായ ട്രെയിനായിരിക്കും വന്ദേ ഭാരത് 4.0. ആഗോള നിലവാരമുള്ള സംവിധാനങ്ങളും സാങ്കേതികവിദ്യയുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. മികച്ച ടോയ്‌ലറ്റുകൾ, മെച്ചപ്പെട്ട ഇരിപ്പിടങ്ങൾ, മികച്ച കോച്ച് ഡിസൈൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

വരും വർഷങ്ങളിൽ രണ്ട് പുതിയ ട്രെയിനുകൾ

അടുത്ത 18 മാസത്തിനുള്ളിൽ വന്ദേ ഭാരത് 4.0ൻ്റെ പ്രവർത്തനം ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അശ്വിനി വൈഷ്‌ണവ് പറഞ്ഞു. ഇന്ത്യയിലെ നിലവിലുള്ള വന്ദേ ഭാരത് 3.0 ട്രെയിനുകൾ ഇതിനോടകം ലോകശ്രദ്ധ നേടുകയും മുൻനിരയിൽ എത്തുകയും ചെയ്‌തു. ജപ്പാനിലെയും യൂറോപ്പിലെയും മികച്ച മറ്റ് ട്രെയിനുകൾ 54 സെക്കൻഡ് എടുക്കുമ്പോൾ ഇവിടെ വെറും 52 സെക്കൻഡിനുള്ളിൽ 0 മുതൽ 100 ​​കിലോമീറ്റർ വരെ വേഗത കൈവരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് വേഗതയിലും ശബ്‌ദത്തിലും വന്ദേ ഭാരതാണ് മുന്നിൽ. എന്നാലും വരാനിരിക്കുന്ന വന്ദേ ഭാരത് 4.0യിലൂടെ ഇന്ത്യൻ റെയിൽ സാങ്കേതികവിദ്യയെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ സാധിക്കുമെന്ന് അശ്വിനി വൈഷ്‌ണവ് കൂട്ടിച്ചേർത്തു. വന്ദേ ഭാരതിന് പുറമെ അമൃത് ഭാരത് ട്രെയിനുകളും വികസിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുകയാണ്.

അമൃത് ഭാരത് 2.0 ട്രെയിനാണ് നിലവിലുള്ളത്. അത് അമൃത് ഭാരത് 4.0ലേക്ക് വികസിപ്പിക്കാൻ റെയിവേ ലക്ഷ്യമിടുന്നുവെന്ന് അശ്വിനി വൈഷ്‌ണവ് പറഞ്ഞു. പുഷ്-പുൾ സീറ്റും നൂതന കോച്ചുകളും ലോക്കോമോട്ടീവുകളും ഇതിൽ ഉൾപ്പെടുന്നു. അടുത്ത 36 മാസത്തിനുള്ളിൽ പുതിയ പതിപ്പ് ആരംഭിക്കനാണ് തീരുമാനമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

കവാച്ച് 4.0 ഉടൻ വരും

സുരക്ഷാ രംഗത്ത് ഇന്ത്യയുടെ തദ്ദേശീയ ഓട്ടോമാറ്റിക് ട്രെയിൻ സംരക്ഷണ സംവിധാനമായ കവാച്ച് 4.0 അംഗീകരിച്ചിട്ടുണ്ടെന്നും ഉടൻ നടപ്പിലാക്കുമെന്നും അശ്വിനി വൈഷ്‌ണവ് പറഞ്ഞു. അടുത്ത 4–5 വർഷത്തിനുള്ളിൽ റെയിൽവേ ശൃംഖല ഇതുമായി യോജിപ്പിക്കും. അടുത്ത പതിപ്പായ കവാച്ച് 5.0, 350 കിലോമീറ്റർ വേഗതയിൽ രൂപകൽപ്പന ചെയ്‌ത ട്രെയിനുകളുമായി സംയോജിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രെയിൻ സുരക്ഷ വർധിപ്പിക്കുകയും കൂട്ടിയിടികൾ തടയുകയും ചെയ്യുന്ന ഇന്ത്യൻ റെയിൽവേയുടെ തദ്ദേശീയ ഓട്ടോമാറ്റിക് ട്രെയിൻ സംരക്ഷണ സംവിധാനത്തിൻ്റെ നൂതന പതിപ്പാണ് കവാച്ച് 4.0. 2024 ജൂലൈയിൽ റിസർച്ച് ഡിസൈൻസ് ആൻഡ് സ്‌റ്റാൻഡേർഡ്‌സ് ഓർഗനൈസേഷൻ (RDSO) അംഗീകാരം ലഭിക്കുകയും ചെയ്‌തു.

ഗുണനിലവാരത്തിലും സുരക്ഷയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർമാതാക്കളോട് അശ്വിനി വൈഷ്‌ണവ് ആവശ്യപ്പെട്ടു. കർശനമായ പരിശോധനകൾ നടത്തുമെന്നും നിലവാരമില്ലാത്ത വസ്‌തുക്കൾ നൽകുന്ന വിതരണക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറക്കുമതിയെ ആശ്രയിക്കാതെ ഇന്ത്യയില്‍ തന്നെ പൂർണമായി നിർമിക്കനാണ് ലക്ഷ്യം.

2400 കുതിര ശക്തിയുള്ള ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ഒരു ട്രെയിൻ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ഇന്ത്യൻ റെയിവേയെ സംബന്ധിച്ചിടത്തോളം ഈ നേട്ടം ഒരു നാഴികക്കല്ലാണെന്നും അശ്വിനി വൈഷ്‌ണവ് പറഞ്ഞു. ആധുനിക രാഷ്ട്രത്തിൻ്റെ അഭിലാഷങ്ങൾ നിറവേറ്റുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here