സ്വതന്ത്ര സംഗീതത്തിൽ വിപ്ലവം സൃഷ്‌ടിച്ച് അക്സൊമാനിയാക്;

0
77

അക്കി വിനായക്

സ്വതന്ത്ര സംഗീത ലോകത്ത് തൻ്റേതായ മുഖമുദ്ര പതിപ്പിച്ച് ദേശീയ ശ്രദ്ധ നേടുകയാണ് തിരുവനന്തപുരം സ്വദേശിയായ ആറോൺ കൊല്ലശാനി സെലസ്റ്റിൻ, അഥവാ അക്സൊമാനിയാക്. കൗതുകം നിറഞ്ഞ പേരുപോലെ തന്നെ അദ്ദേഹത്തിൻ്റെ സംഗീതവും വ്യത്യസ്തമാണ്. ‘കൺമഷി’, ‘പാപം’ തുടങ്ങിയ ആൽബങ്ങളിലൂടെ സംഗീത പ്രേമികളുടെ ഇടയിൽ സ്വന്തം ഇടം ഉറപ്പിച്ച ഈ കലാകാരൻ,

ആരാണ് അക്സൊമാനിയാക്? പേരിന് പിന്നിലെ കൗതുകം

സംഗീത ജീവിതം തുടങ്ങുന്നതിന് മുൻപ് ഇൻസ്റ്റാഗ്രാമിനായി ഒരു കൗതുകമുള്ള പേര് തേടിയപ്പോഴാണ് ആറോൺ ‘അക്സൊമാനിയാക്’ ആയി മാറുന്നത്. സ്വന്തം പേരിൻ്റെ ആദ്യത്തെ മൂന്ന് അക്ഷരവും, അമ്മയുടെ പേരിൻ്റെ ഒരു ഭാഗവും, ഒപ്പം ‘മാനിയാക്’ എന്ന വാക്കും കൂട്ടിച്ചേർത്താണ് ഈ പേര് സൃഷ്ടിച്ചത്. പിൽക്കാലത്ത് സംഗീതം ജീവിതമായപ്പോഴും ആ പേര് ഒപ്പം കൂട്ടുകയായിരുന്നു. 2021 മുതലാണ് സ്വതന്ത്ര സംഗീതത്തിൽ പരീക്ഷണങ്ങൾ നടത്താൻ തീരുമാനിക്കുന്നത്. അപ്പോഴേക്കും കോളജ് വിദ്യാഭ്യാസകാലവും ആരംഭിച്ചിരുന്നു. വർഷാവർഷം ഓരോ ട്രാക്ക് വീതം പുറത്തിറക്കി. ഒട്ടുമിക്ക ഗാനങ്ങളും ഇംഗ്ലീഷിൽ ഉള്ളതായിരുന്നു.

മലയാളിയായിട്ടും മലയാളത്തിൽ പാട്ടുകൾ ചെയ്യാത്തതിന് കാരണം? പലരും ഈ ചോദ്യം ചോദിച്ചിട്ടുണ്ടാകുമല്ലോ.

തീർച്ചയായും! ‘മലയാളിയായിട്ട് മലയാളം അറിയില്ലേ’ എന്ന ചോദ്യം പലരും ചോദിച്ചിട്ടുണ്ട്. എൻ്റെ വിദ്യാഭ്യാസം കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു. അവിടെ മലയാളം ഒരു പഠനവിഷയമായിരുന്നില്ല. അതുകൊണ്ട് തന്നെ മലയാള ഭാഷയിലുള്ള എൻ്റെ പരിജ്ഞാനം കുറവായിരുന്നു. അതാണ് മലയാള ഗാനങ്ങൾ ചെയ്യുന്നതിൽ എനിക്ക് വിലങ്ങുതടിയായത്. എങ്കിലും, എൻ്റെ സ്വപ്‌നങ്ങൾ മുൻനിര ലേബലുകളിൽ എത്തണമെന്ന ആഗ്രഹത്തോടെ, ഞാൻ ചെയ്ത ട്രാക്കുകൾ സ്ഥിരമായി അവർക്ക് അയച്ചുകൊടുക്കുമായിരുന്നു.

താങ്കളുടെ ജീവിത്തിലെ വഴിത്തിരിവായി മാറിയ വർഷം 2024 ആണോ?

അതേ. 2024 ഓടുകൂടി സ്പോട്ടിഫൈയിൽ മലയാളം ഗാനങ്ങൾ കേൾക്കുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചു. അതേ വർഷം തന്നെ ഇത് മ്യൂസിക് മാധ്യമത്തിലൂടെ സ്വതന്ത്ര സംഗീതം കേൾക്കുന്നവരുടെ എണ്ണവും ഇന്ത്യയ്ക്ക് പുറത്ത് അധികരിക്കുകയുണ്ടായി. ബോളിവുഡ് സംഗീതത്തിനും ഹിന്ദി ഗാനങ്ങൾക്കും അധിഷ്ഠിതമായി നിലകൊണ്ടിരുന്ന മ്യൂസിക് സ്ട്രീമിംഗ് ഇൻഡസ്ട്രി വിപ്ലവാത്മകമായ മാറ്റത്തിന് സാക്ഷ്യം വഹിച്ച വർഷം കൂടിയായിരുന്നു 2024. അതേ വർഷം തന്നെ സോണി അടക്കമുള്ള നിരവധി മ്യൂസിക് ലേബലുകൾ അറോണുമായി ചേർന്നു പ്രവർത്തിക്കാൻ സന്നദ്ധത പ്രകടിപ്പിക്കുന്നു. അതോടെ കോളജ് വിദ്യാഭ്യാസം പകുതിയിൽ നിർത്തി മുംബൈയ്ക്ക് വണ്ടി കയറുകയായിരുന്നു.

സംഗീതമാണ് ജീവിതം എന്ന് തിരിച്ചറിയുന്നത് എപ്പോഴാണ്?

വളരെ ചെറിയ പ്രായത്തിൽ തന്നെ കർണാട്ടിക് സംഗീതം പഠിക്കാൻ വീട്ടിൽനിന്ന് പ്രചോദനം ഉണ്ടായി. ആ സമയത്ത് എൻ്റെ ചേച്ചി കർണാട്ടിക് സംഗീതം പഠിക്കുന്നുണ്ട്. നമ്മുടെ ഒരു സംസ്കാരം അനുസരിച്ച് നമ്മുടെ മൂത്ത സഹോദരനോ സഹോദരിയോ എന്തെങ്കിലും പഠിക്കാൻ പോയാൽ അനിയനും ഒപ്പം പോകണം എന്നൊരു രീതിയുണ്ടല്ലോ. അതേ രീതി പിന്തുടർന്ന് തന്നെയാണ് എൻ്റെ സംഗീത പഠനവും. ക്ലാസിൽ ചേച്ചി പഠിക്കും, ഞാനൊരു വശത്തിരുന്ന് ഉറങ്ങും. ചേച്ചി സംഗീത പഠനം നിർത്തിയപ്പോൾ ഞാനും നിർത്തി. എൻ്റെ സംഗീത പഠനത്തിൻ്റെ അടിസ്ഥാനം അങ്ങനെയാണ്. പിന്നീട് തബല പഠിക്കാൻ പോകാൻ തീരുമാനിച്ചു. അധികം വൈകാതെ ആ പഠനവും പാതിവഴിയിൽ മുടങ്ങി. പിന്നീട് കീബോർഡ് പഠിക്കാൻ തീരുമാനിച്ചു. അതിനെയും അഭിനിവേശത്തോടെ സമീപിക്കാൻ എനിക്ക് സാധിച്ചില്ല. പക്ഷേ സംഗീത ജീവിതത്തിൽ ഒരു വഴിത്തിരിവ് ഉണ്ടാക്കുന്നത് ആ കീബോർഡ് ക്ലാസിൽ വച്ച് തന്നെയാണ്. ഏതു കാര്യത്തെയും സീരിയസായി സമീപിക്കാൻ അന്നത്തെ പ്രായമാണ് വിലങ്ങു തടിയായത്.

സംഗീത ജീവിതത്തിൽ ഒരു വഴിത്തിരിവ് ഉണ്ടാക്കുന്നത് ആ കീബോർഡ് ക്ലാസിൽ വച്ചാണെന്നു പറഞ്ഞല്ലോ, എന്തായിരുന്നു ആ സംഭവം

നിന്നിലൊരു തിളക്കം കാണുന്നുണ്ട് സ്വന്തമായി ഒരു പിയാനോ വാങ്ങിയാൽ സംഗീതത്തെ കുറച്ചുകൂടി സീരിയസായി സമീപിക്കാൻ ആകുമെന്ന് എൻ്റെ കീബോർഡ് അധ്യാപകൻ ഉപദേശിച്ചു.

ഒരു ഹോം പിയാനോ വാങ്ങുന്നതിന് ഏകദേശം രണ്ട് ലക്ഷം രൂപ ചെലവുണ്ട്. സംഗീത പഠനത്തെ ഗൗരവമായി കാണാത്ത എനിക്ക് എന്ത് അടിസ്ഥാനത്തിലാണ് വീട്ടുകാർ പിയാനോ വാങ്ങി തരിക. ഇനി പിയാനോ വാങ്ങണമെങ്കിൽ തന്നെ ലോൺ എടുക്കേണ്ട അവസ്ഥയാണ്. പക്ഷേ വീട്ടുകാർ എനിക്കൊരു പിയാനോ വാങ്ങിത്തന്നു. അത് എന്തു വിശ്വസിച്ചിട്ടാണ് എന്ന് എനിക്ക് ഇപ്പോഴും ധാരണയില്ല.

എൻ്റെ കീബോർഡ് അധ്യാപകൻ പറഞ്ഞതുപോലെ ആ നിമിഷം മുതൽ ജീവിതം വേറൊരു രീതിയിൽ വഴി തിരിഞ്ഞ് സഞ്ചരിക്കാൻ ആരംഭിക്കുകയായിരുന്നു. ദിവസവും 9 മണിക്കൂർ ഞാൻ പ്രാക്ടീസ് ചെയ്യും. എൻ്റെ ഉയരം ഇപ്പോൾ അഞ്ചടി ആറിഞ്ച് ആണ്. എനിക്ക് ആദ്യമായി പിയാനോ ലഭിക്കുന്ന പ്രായത്തിൽ ഇത്രയും ഉയരവും വണ്ണവുമില്ല. എന്നെ സംബന്ധിച്ചിടത്തോളം എൻ്റെ മുന്നിലിരിക്കുന്നത് വലിയൊരു സംഗീത ഉപകരണം ആണ്.

ലാർജ് ദാൻ ലൈഫ് എന്നൊക്കെ തോന്നുന്ന ഒരു പ്രതീതിയായിരുന്നു എനിക്ക് ആ പിയാനോയുടെ മുന്നിലിരിക്കുമ്പോൾ. എന്നെക്കാൾ വലുപ്പമുള്ള ഒരു സംഗീത ഉപകരണത്തിൻ്റെ മുന്നിലിരുന്ന് പ്രാക്ടീസ് ചെയ്യുമ്പോൾ ഒരു പ്രത്യേക പോസിറ്റീവ് എനർജി എന്നിലേക്ക് പ്രവേശിക്കുന്നതായി തോന്നി.

താങ്കളുടെ സംഗീതത്തെ ‘ആർ ആൻഡ് ബി’ (R&B) ഴോണറിൽ ഇൻഡിപെൻഡൻ്റ് മ്യൂസിക് ചെയ്യുന്ന ഒരാളായിട്ടാണ് സ്വയം വിശേഷിപ്പിക്കുന്നത്. എന്തുകൊണ്ടാണ് നിങ്ങൾ ഈ ശൈലി തിരഞ്ഞെടുത്തത്?

ഞാൻ മലയാളം ആർ ആൻഡ് ബി ഴോണറിൽ ഇൻഡിപെൻഡൻ്റ് മ്യൂസിക് ചെയ്യുന്ന ഒരു മ്യുസിഷ്യനാണ്. ഈ ശൈലി തിരഞ്ഞെടുക്കുന്നതിൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് മലയാള സിനിമയിലെ സംഗീത സംവിധായകർ തന്നെയാണ്. സത്യം പറഞ്ഞാൽ, ഏകദേശം 17 വയസ്സുവരെ വീട്ടിൽ മലയാളം പാട്ടുകൾ കേട്ടാണ് ഞാൻ വളർന്നത്. എൻ്റെ വീട്ടിലുള്ളവർക്ക് ഇംഗ്ലീഷ് സിനിമകളോ പാട്ടുകളോ അധികം ഇഷ്ടമായിരുന്നില്ല.

ദീപക് ദേവ്,വിദ്യാസാഗർ, ഗോപി സുന്ദർ തുടങ്ങിയ സംഗീതസംവിധായകരുടെ മലയാളം ഗാനങ്ങൾക്ക് ഒരു ആർ ആൻഡ് ബി സ്പർശം ഉണ്ടായിരുന്നു. അതുപോലെതന്നെ എടുത്തു പറയേണ്ട മറ്റൊരു പേരാണ് സംഗീത സംവിധായകൻ സുരേഷ് പീറ്റേഴ്സ്. മലയാളത്തിൽ ഒരുപാട് സിനിമകൾ അദ്ദേഹം ചെയ്തിട്ടില്ല എങ്കിലും ചെയ്തതൊക്കെ കാലോചിതമായി നിലനിൽക്കുന്നതായിരുന്നു. ഇവരുടെയൊക്കെ പാട്ടുകൾ തന്നെയായിരുന്നു വലിയ ഇൻസ്പിരേഷൻ. മുംബൈയിൽ എത്തിയശേഷം പബ്ബിലും പാർട്ടിക്കും ഒക്കെ പോകുമ്പോൾ കേൾക്കുന്ന പല ഹിന്ദി ഇംഗ്ലീഷ് പാട്ടുകൾ എനിക്ക് അന്യമായിരുന്നു. പിന്നീട് സംഗീത ജീവിതം കൂടുതൽ ഗൗരവമായപ്പോഴാണ് കുട്ടിക്കാലത്ത് ഞാൻ കേട്ട് ആസ്വദിച്ച ഗാനങ്ങൾക്ക് പിന്നിലെ മാജിക് എന്താണെന്ന് അന്വേഷിക്കുന്നത്, കുഞ്ഞ് ആറോണിനെ ആകർഷിച്ച ആ പാട്ടിലെ ഘടകങ്ങൾ എന്തൊക്കെ എന്ന്. സ്വന്തമായി പാട്ടുകൾ ചെയ്യാൻ തുടങ്ങിയതോടെ സംഗീതത്തെക്കുറിച്ചും അതിൻ്റെ പ്രത്യേകതകളെക്കുറിച്ചും ഒക്കെ മനസ്സിലാക്കാനുള്ള സാങ്കേതിക ധാരണ കൈവന്നു. അത്തരം ഒരു ധാരണ പുറത്താണ് മലയാളത്തിൽ സംഭവിച്ചിട്ടുള്ള ആർ ആൻഡ് ബി സ്പർശമുള്ള ഗാനങ്ങളെക്കുറിച്ച് ഞാൻ കൂടുതൽ പഠിക്കുന്നത്.

ഏറ്റവും ശ്രദ്ധ നേടിയ ആൽബങ്ങളിൽ ഒന്നാണ് കൺമഷി. ആ ആൽബത്തെക്കുറിച്ച് സംസാരിക്കാമോ?

ഞാൻ ചെയ്തിട്ടുള്ള പാട്ടുകളിൽ ഏറ്റവും ബുദ്ധിമുട്ടി എഴുതിയതാണ് കണ്‍മഷി. ഈ കണ്ണിൽ കൺമഷി എന്നു തുടങ്ങുന്ന ആദ്യ വരി വളരെ പെട്ടെന്ന് തന്നെ മനസ്സിലേക്ക് കടന്നുവന്നു. എന്നോട് ചോദ്യങ്ങൾ ചോദിക്കുന്ന കൺമഷി.. അങ്ങനെ ഒരു കോൺസെപ്റ്റിൽ ആദ്യത്തെ നാലുവരി വളരെ ലളിതമായി മനസ്സിലേക്ക് കടന്നുവന്നു.

എല്ലാ പദങ്ങളും കരുതി ഞാൻ തീർന്നിതാ മന്മഥൻ തഴുകിടാൻ” എന്ന തരത്തിൽ ഒരു വരി പാട്ടിനിടയിൽ കടന്നുവരുന്നുണ്ട്. ആ ഒരു ഭാഗം മനസ്സിൽ ഉരുത്തിരിയാൻ ഒട്ടേറെ ബുദ്ധിമുട്ടി. മലയാളഭാഷാ പഠിച്ചിട്ടില്ലാത്തതിൻ്റെ എല്ലാ പ്രശ്നങ്ങളും ഞാൻ അവിടെ നേരിടുകയായിരുന്നു.

കൺമഷിയുടെ കോൺസെപ്റ്റ് ലൈംഗികതയെക്കുറിച്ചായിരുന്നു. ഈ വിഷയം സ്വതന്ത്ര സംഗീതത്തിൽ തിരഞ്ഞെടുക്കാൻ എന്താണ് കാരണം?

അതെ, കൺമഷി എന്ന ഗാനത്തിൻ്റെ അടിസ്ഥാന ആശയം ലൈംഗികതയാണ്. ലൈംഗികത എന്ന വിഷയത്തെ ആസ്പദമാക്കി സമൂഹത്തിൽ സംസാരിക്കേണ്ട വിഷയങ്ങളെ പ്രതിപാദിച്ചുകൊണ്ട് ഇതുവരെ ഇവിടെ അധികം ഗാനങ്ങൾ ഇറങ്ങിയിട്ടില്ല. മലയാള സിനിമ ഒരു പരിധിവരെ ഈ വിഷയം കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷേ സംഗീതത്തിൻ്റെ പാതയ്ക്ക് ഈ വിഷയം അന്യം തന്നെ. ഞാൻ കേട്ടിട്ടുള്ള പാട്ടുകളിൽ വളരെ ആഴത്തിൽ ലൈംഗികതയെ പരാമർശിക്കുന്ന ആശയങ്ങൾ ഇല്ല. ലൈംഗികത എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കേണ്ട ഗൗരവപരമായ കാര്യങ്ങൾ ഈ വിഷയത്തെക്കുറിച്ച് പാട്ട് എഴുതിയിട്ടും പൂർണരൂപത്തിൽ എനിക്കും പറയാൻ സാധിച്ചിട്ടില്ല.

ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്നതിലെ ഗൗരവപരമായ സമീപനം എങ്ങനെയായിരുന്നു?

ഒരു പുരുഷൻ പ്രത്യേകിച്ചും കേരളീയ സമൂഹത്തിൽ ജീവിക്കുന്ന ഒരാൾ. അയാളുടെ ലൈംഗികപരമായ ചിന്തകളുടെ അപകർഷത്തെക്കുറിച്ച് എങ്ങനെയാണ് ഒരു പാട്ടിലൂടെ സംസാരിക്കേണ്ടത് എന്ന് എനിക്ക് ആദ്യം അറിവുണ്ടായിരുന്നില്ല. ഏകദേശം ഒന്നരമാസത്തോളം ചിന്തിച്ച് പഠിച്ചാണ് ഞാനീ ആശയത്തിൻ്റെ ഘടനയിലേക്ക് എത്തുന്നത്. കൊല്ലത്ത് കോളജിൽ പഠിക്കുന്ന സമയത്താണ് ഈ ഗാനത്തിൻ്റെ വരികൾ ഞാൻ എഴുതുന്നത്. അവിടെയുള്ള ഒരു കോഫി ഷോപ്പിൽ 40 രൂപ വിലയുള്ള ഒരു കോഫിയുടെ പിന്തുണയിൽ പേനയും പേപ്പറും കൺമഷിയുടെ സൃഷ്ടിക്കു വേണ്ടിയുള്ള ആയുധങ്ങൾ ആക്കി മാറ്റി. ആ കോഫി ഷോപ്പിൻ്റെ ഉടമസ്ഥന് എൻ്റെ അവസ്ഥ കൃത്യമായി അറിയാം. രണ്ടുദിവസം മൂന്നുദിവസം കൊണ്ടാണ് രണ്ടു വരിയൊക്കെ എഴുതുന്നത്.

മലയാളഭാഷ ഒട്ടും വശമില്ലാത്ത ഞാൻ ഒട്ടേറെ ബുദ്ധിമുട്ടിയാണ് ആ പാട്ട് എഴുതിയത്. പക്ഷേ ഞാൻ പറയാൻ ഉദ്ദേശിച്ച ആശയത്തിൻ്റെ അന്തസത്ത ഒട്ടും ചോരാതെ എനിക്ക് ആ പാട്ട് മലയാളത്തിൽ തന്നെ എഴുതി പൂർത്തിയാക്കാൻ സാധിച്ചു. മനസ്സിൽ ഉദ്ദേശിച്ച തരത്തിൽ കണ്‍മഷി എഴുതി പൂർത്തിയാക്കാൻ സാധിച്ചില്ലായിരുന്നുവെങ്കിൽ ഞാനൊരിക്കലും ആ പാട്ട് പുറത്തിറക്കില്ലായിരുന്നു. സംഗീതം മാത്രമല്ല വരികളും ഒരു പാട്ടിൻ്റെ തത്തുല്യമായ ജീവനാണ്. കൺമഷി ഒരുപാട് പേർ കേൾക്കുകയും നല്ല അഭിപ്രായപ്രകടനങ്ങൾ നടത്തുകയും ചെയ്ത കലാസൃഷ്ടിയാണ്.

മൂന്നു മാസങ്ങൾക്കു മുമ്പാണ് പാപം എന്ന ആൽബം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. അതിനെക്കുറിച്ച് കൂടി സംസാരിക്കാമോ?

ആസ്വാദ്യകരമായ സംഗീതമാണ് പാപം എന്ന പാട്ടിനുള്ളത്. അതിൽ യാതൊരു സംശയവുമില്ല. പക്ഷേ പാപം എന്ന പാട്ടിൻ്റെ വരികൾ എഴുതുമ്പോൾ പൂർണ സംതൃപ്തി കിട്ടിയോ എന്ന് ചോദിച്ചാൽ സംശയമുണ്ട്. സ്ത്രീ പുരുഷ ബന്ധത്തിൻ്റെ ഇഴയടുപ്പത്തെ കുറിച്ച് ഒരു പാട്ട് ചെയ്യുമ്പോൾ പുരുഷൻ്റെ ചിന്തകളെക്കുറിച്ചും അവൻ്റെ കാഴ്ചപ്പാടിനെ കുറിച്ചും എനിക്ക് സംസാരിക്കാൻ ആകും. പക്ഷേ ആ ബന്ധത്തിനെ കൃത്യമായി അടിവരയിട്ട് പറയാൻ ഒരു സ്ത്രീക്ക് മാത്രമാണ് സാധിക്കുക. ആത്മാർഥമായി വരികളെ സമീപിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ഒരു സ്ത്രീപക്ഷ ചിന്ത കൃത്യമായി ഉൾക്കൊള്ളാൻ എനിക്ക് ആയിട്ടില്ല. ഒരു സ്ത്രീയുടെ കാഴ്ചപ്പാടും പ്രശ്നങ്ങളും സ്ത്രീക്ക് മാത്രമാണ് പറയാൻ സാധിക്കുന്നത്. അങ്ങനെയൊരു സ്പേസ് ഞാൻ എടുക്കാനും പാടില്ല.

എൻ്റെ പാട്ടുകൾ ഇഷ്ടമുള്ളവർ മാത്രം കേട്ടാൽ മതി എന്നൊരു ചിന്ത ആദ്യം മുതൽ തന്നെ എനിക്കുണ്ടായിരുന്നില്ല. എൻ്റെ മ്യൂസിക് ആൽബങ്ങളിലൂടെയും അതിൻ്റെ ദൃശ്യഭാഷകളിലൂടെയും നല്ല കഥകൾ പറയാനുള്ള ശ്രമമാണ് നടത്തുന്നത്. ഞാൻ പറയാൻ ശ്രമിക്കുന്ന കഥകൾ ആർക്കൊക്കെ കൃത്യമായി ഉൾക്കൊള്ളാൻ സാധിക്കുമോ അവിടെയാണ് എൻ്റെ വിജയം. പാപം എന്ന സംഗീത ആൽബം പറയുന്ന ആശയം 18 വയസ്സുള്ള ഒരാൾക്കും 70 വയസ്സുള്ള ഒരാൾക്കും ഒരേ രീതിയിൽ മനസ്സിലാകണം. സാമൂഹികപരമായി മുന്നോട്ടുപോകാനാണ് നമ്മൾ ഓരോരുത്തരും ശ്രമിക്കുന്നത്. അതേ ശ്രമം തന്നെയാണ് ഞാൻ എൻ്റെ സൃഷ്ടികളിലൂടെയും ചെയ്യുന്നത്. എൻ്റെ ജീവിതവും രാഷ്ട്രീയവും തന്നെയാണ് പാട്ടുകളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത്. നമ്മുടെ സൃഷ്ടികൾ ജനങ്ങൾ സ്വീകരിക്കുന്നു., ചർച്ച ചെയ്യപ്പെടുന്നു. എൻ്റെ പാട്ടുകളും ഞാൻ എന്ന കലാകാരനും സമൂഹത്തിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിട്ടേയുള്ളൂ. എൻ്റെ സൃഷ്ടികളിൽ മേൽ ധാരാളം ചർച്ചകൾ സംഭവിക്കും. വിമർശിക്കപ്പെടും. സ്വയം പഠിച്ചും ചിന്തിച്ചും മുന്നോട്ട്.

  • പുതിയ വർക്ക്?

    യൂണിവേഴ്സൽ ഇന്ത്യ മ്യൂസിക്കുമായി സഹകരിച്ചുകൊണ്ട് വർത്തമാനം എന്നൊരു അധ്യായമാണ് ഞാനിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. വർത്തമാനം എന്ന അധ്യായത്തിലെ പാട്ടുകളാണ് പാപവും കൺമഷിയും ഒക്കെ. അടുത്തടുത്ത പാട്ടുകൾ ഉടൻ വരും. പ്രാക്ടീസും എഴുത്തും ഒക്കെയായി ജീവിതം മുന്നോട്ടു പോകുന്നു.നൃത്തത്തിന് പ്രാധാന്യം നൽകുന്ന എട്ടോളം ട്രാക്കുകൾ പ്ലാൻ ചെയ്യുന്നു. പാപം എന്ന പുറത്തിറങ്ങിയ ആൽബവും ഒരു ഡാൻസ് നമ്പർ ഗാനം തന്നെയാണ്. ഡാൻസ് നമ്പർ ഗാനങ്ങൾക്ക് ആഴമുള്ള ആശയങ്ങളിൽ ഉപരി ലാളിത്യമുള്ള വിഷയങ്ങളാണ് പൊതുവേ സ്വീകരിക്കുക. അത്തരം സമീപനത്തിൽ നിന്ന് വിഭിന്നമായി ചിന്തിച്ചതാണ് പാപം. പാപം ആഴത്തിലുള്ള ഒരു ആശയവും നൃത്ത സ്വഭാവമുള്ള സംഗീതവുമാണ്. കാമ്പുള്ള ആശയങ്ങൾ നൃത്തത്തിന് പ്രാധാന്യം നൽകുന്ന സംഗീതത്തിലൂടെ പറയാൻ ശ്രമിക്കുകയാണ്.

 

സിനിമകൾ

രണ്ടുമൂന്ന് സിനിമകളുടെ പശ്ചാത്തല സംഗീതത്തിന് പിന്നിൽ പ്രവൃത്തിച്ചിട്ടുണ്ട്. സുഹൃത്തുക്കളുടെ സിനിമകളിലാണ് പൊതുവേ വർക്ക് ചെയ്തിട്ടുള്ളത്. അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിൽ ആ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഗ്രേറ്റ് ഡിപ്രഷൻ എന്ന സിനിമയിലാണ് ഞാൻ ആദ്യമായി പശ്ചാത്തല സംഗീതം ഒരുക്കുന്നത്. 2021ൽ ആയിരുന്നു അത്. ഈ വർഷവും ചെറിയ ചെറിയ സിനിമകളുടെ ഭാഗമാകുന്നു. മെയിൻ സ്ട്രീമിലുള്ള തിയേറ്റർ റിലീസ് ചിത്രങ്ങളുടെ ഭാഗമാകാൻ ഇതുവരെ സാധിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here