അമൃതം പൊടി ഇനി മൂന്ന് തരം: കുട്ടികൾക്ക് പ്രായമനുസരിച്ച് പുതിയ ന്യൂട്രി മിക്‌സ്; ചെറുധാന്യങ്ങളും ശർക്കരയും ചേർത്ത ഉത്പന്നങ്ങൾ വരുന്നു

0
33

കുട്ടികളുടെ പോഷകാഹാര രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന അമൃതം ന്യൂട്രി മിക്‌സിൻ്റെ (അമൃതം പൊടി) മൂന്നുതരം പുതിയ ന്യൂട്രി മിക്‌സുകൾകൂടി പുറത്തിറക്കുന്നു. ആറു മാസം മുതൽ മൂന്നു വയസുവരെയുള്ള കുട്ടികൾക്ക് നൽകുന്ന അമൃതം പൊടിയിൽനിന്ന് വ്യത്യസ്തമായി, പുതിയ ന്യൂട്രി മിക്‌സുകൾ പ്രായത്തിൻ്റെ അടിസ്ഥാനത്തിലാണ് കുട്ടികൾക്ക് നൽകുക.

ആറു മാസം മുതൽ ഒരു വയസുവരെ കുറുക്ക് മാതൃകയിലും ഒരു വയസു മുതൽ രണ്ടു വയസുവരെ സ്‌പെഷ്യൽ അമൃതം ന്യൂട്രി മിക്‌സായും രണ്ടു മുതൽ മൂന്നു വയസുവരെയുള്ളവർക്ക് മറ്റൊരു രീതിയിലുമാണ് പുതിയ ഉല്പന്നങ്ങൾ ഉണ്ടാകുക. കുട്ടികളിലെ ധാതുക്കളുടെയും (മിനറൽസ്) ജീവകങ്ങളുടെയും (വൈറ്റാമിൻസ്) പ്രാധാന്യം വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ പുതിയ ന്യൂട്രി മിക്‌സുകൾ ചെറുധാന്യങ്ങൾ ചേർത്താണ് തയ്യാറാക്കിയിട്ടുള്ളത്, മധുരത്തിനായി ശർക്കരയാണ് ഉപയോഗിച്ചിരിക്കുന്നത്.

പുതിയ ന്യൂട്രി മിക്‌സിൻ്റെ വികസനം

അമൃതം പൊടി കണ്ടുപിടിച്ച ഡോ. നിലോഫർ ഇല്യാസും ഗവേഷകരുമാണ് പുതിയ മൂന്നുതരം ന്യൂട്രി മിക്‌സുകളും വികസിപ്പിച്ചെടുത്തത്. വുമൺ ആൻഡ് ചൈൽഡ് ഡെവലപ്‌മെൻ്റിൻ്റെ ആവശ്യപ്രകാരമാണ് ഗവേഷണം നടത്തി ഈ ന്യൂട്രി മിക്‌സുകൾ പുറത്തിറക്കുന്നത്. ഇതിൻ്റെ പരീക്ഷണം പൂർത്തിയായതായി ഗവേഷകർ അറിയിച്ചു.

പുതുതായി കണ്ടുപിടിച്ച ഈ മൂന്ന് ഉത്പന്നങ്ങളിൽ നിന്നും കൂടുതൽ വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കും. വുമൺ ആൻഡ് ചൈൽഡ് ഡെവലപ്‌മെൻ്റ് ഇത് അംഗീകരിച്ചാൽ ഉടൻതന്നെ നിർമാണ പരിശീലനം നടത്തുകയും ന്യൂട്രി മിക്‌സ് ഉണ്ടാക്കാൻ ആരംഭിക്കുകയും ചെയ്യും. തുടർന്ന് ഈ പോഷകാഹാരം അങ്കണവാടികൾ വഴി കുട്ടികൾക്ക് വിതരണം ചെയ്യും.

നേരത്തെ കുട്ടികളിലെ ഭാരക്കുറവ്, ഉന്മേഷക്കുറവ്, ദഹനപ്രശ്‌നങ്ങൾ എന്നിവ വലിയ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിനു പരിഹാരമായാണ് അമൃതം പൊടി അവതരിപ്പിച്ചത്, അതുവഴി ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാൻ സാധിച്ചു. നിലവിൽ കുട്ടികളിലെ മിനറൽസ്, വൈറ്റാമിൻസ് എന്നിവയുടെ അളവ് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ന്യൂട്രി മിക്‌സുകൾ പുറത്തിറക്കുന്നത്.

കുട്ടികൾക്ക് അമൃതായ അമൃതം പൊടി

കേരളത്തിലെ കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട പോഷകാഹാരമാണ് ‘അമൃതം’ ന്യൂട്രിമിക്‌സ്. ഡോ. നിലോഫർ ഇല്യാസ്കുട്ടിയാണ് ഈ പോഷകാഹാരം വികസിപ്പിച്ചെടുത്തത്. സംസ്ഥാനത്തെ ഏഴ് ലക്ഷത്തിലധികം വരുന്ന കുഞ്ഞുങ്ങൾക്ക് ഇപ്പോഴും അമൃതം ന്യൂട്രി മിക്‌സ് നൽകുന്നുണ്ട്.

ഡോ. നിലോഫർ ഇപ്പോൾ കാസർകോട് സിപിസിആർഐയുടെ കൃഷിവിജ്ഞാന കേന്ദ്രം ചീഫ് ടെക്‌നിക്കൽ ഓഫിസറാണ്. രണ്ട് പതിറ്റാണ്ട് മുൻപ് ഡോ. നിലോഫർ നടത്തിയ പരീക്ഷണങ്ങളിലൂടെയാണ് അമൃതം ന്യൂട്രി മിക്‌സ് വികസിപ്പിച്ചെടുത്തത്. ആദ്യമായി കാസർകോട് ബേഡഡുക്ക പഞ്ചായത്തിൽ ആരോഗ്യ വകുപ്പിൻ്റെ അനുമതിയോടെ ഇത് പരീക്ഷിച്ചു.

സംസ്ഥാനത്തെ മുന്നൂറിലധികം കുടുംബശ്രീ യൂനിറ്റുകൾ മുഖാന്തിരം പ്രതിവർഷം 2500 ടണ്ണിലധികം അമൃതം പൊടി ഉൽപാദിപ്പിക്കുന്നുണ്ട്. അങ്കണവാടി കുട്ടികൾക്കുള്ള അമൃതം ന്യൂട്രിമിക്‌സിന് പുറമെ കൗമാരപ്രായക്കാർക്കായി സമ്പൂർണ പോഷകാഹാരവും വികസിപ്പിച്ചെടുത്തിരുന്നു. കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കായി സംസ്ഥാനത്തെ നാല് ജില്ലകളിലാണ് ‘സബല’ പദ്ധതിയിലൂടെ ഇരുമ്പുസത്തടങ്ങിയ ഈ ന്യൂട്രിമിക്‌സ് വിഭവമായി ഒരുക്കിയത്. ഇത് 12 മുതൽ 18 വയസുവരെയുള്ള പെൺകുട്ടികളെ ഉദ്ദേശിച്ചാണ് വികസിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here