രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലേക്കും 4ജി സേവനങ്ങൾ വ്യാപിപ്പിക്കുന്ന ബി.എസ്.എൻ.എല്ലിന്‍റെ പദ്ധതിക്ക് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീഷയിൽ ഔപചാരിക തുടക്കം കുറിക്കും. രാജ്യവ്യാപകമായി ഏകദേശം ഒരു ലക്ഷം ടവറുകളിൽ 4ജി സേവനം ലഭ്യമാകും. ഉദ്ഘാടനം നടക്കുന്ന ചടങ്ങിനൊപ്പം എൻഡിഎ ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലുമുള്ള പരിപാടികളിൽ കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുക്കുമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.
ബിഎസ്എൻഎൽ ഉപയോഗിക്കുന്നത് പൂർണമായും ഇന്ത്യൻ കമ്പനികൾ വികസിപ്പിച്ച 4ജി ഉപകരണങ്ങളാണ്. മുൻപ് നോക്കിയ, എറിക്സൺ പോലുള്ള വിദേശ കമ്പനികളുടെ ഉപകരണങ്ങൾ ആശ്രയിച്ചിരുന്നെങ്കിലും ഇപ്പോൾ സി-ഡോട്ട്, തേജസ് നെറ്റ്‌വർക്കുകൾ തുടങ്ങിയ ഇന്ത്യൻ സ്ഥാപനങ്ങൾ വികസിപ്പിച്ച സംവിധാനങ്ങളാണ് വിന്യസിച്ചിരിക്കുന്നത്. വിദേശ ആശ്രയത്വം ഒഴിവാക്കുന്നതിന്‍റെ ഭാഗമായി ‘ആത്മനിർഭർ ഭാരത്’ ദർശനത്തിന് ശക്തി പകരുന്നതാണിതെന്നും മന്ത്രി പറഞ്ഞു.
ബിഎസ്എൻഎല്ലിന്‍റെ 4ജി സ്റ്റാക്ക് പൂർണമായും സോഫ്റ്റ്‌വെയർ-അധിഷ്ഠിതവും ക്ലൗഡ്-അധിഷ്ഠിതവുമാണ്. ഭാവിയിൽ 5ജിയിലേക്ക് മാറുന്നതിനായി പുതിയ ഉപകരണങ്ങൾ സ്ഥാപിക്കേണ്ടതില്ല. നിലവിലെ സംവിധാനങ്ങൾ തന്നെ ‘5ജി റെഡി’ ആയതിനാൽ തടസമില്ലാതെ അപ്‌ഗ്രേഡ് ചെയ്യാൻ കഴിയും. 100 ശതമാനം 4ജി സാച്ചുറേഷൻ പദ്ധതി, പ്രത്യേകിച്ച് ഗ്രാമീണവും സേവനം കുറഞ്ഞ പ്രദേശങ്ങളും ഉൾപ്പെടുത്തിയാണ് മുന്നോട്ട് പോകുന്നത്. 98,000-ത്തിലധികം സൈറ്റുകളിൽ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനാൽ രാജ്യത്തെ ഏതൊരു ഗ്രാമവും ഇനി ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമാകും.
ബി.എസ്.എൻ.എല്ലിന്‍റെ ഭാവി വളർച്ചയ്ക്കായി സൈറ്റുകൾ വികസിപ്പിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുകയും ചെയ്യുന്ന വലിയ മൂലധന ചെലവ് പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം ഏകദേശം ₹25,000 കോടി നിക്ഷേപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. വില സംബന്ധിച്ച ചോദ്യം ഉന്നയിക്കപ്പെട്ടപ്പോൾ, നിരക്ക് നിശ്ചയിക്കുന്നത് ഓപ്പറേറ്റർമാരുടെ ഉത്തരവാദിത്വമാണെന്നും ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ ടെലികോം സേവനങ്ങൾ ഇന്ത്യയിൽ ലഭ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സിസ്കോ, എറിക്സൺ, ഡിക്സൺ, വിവിഡിഎൻ തുടങ്ങിയ ആഗോള കമ്പനികൾ ഇന്ത്യൻ നിർമ്മാതാക്കളുമായി കൈകോർക്കുന്നതോടെ ഇന്ത്യ ടെലികോം ഉപകരണ നിർമ്മാണ കേന്ദ്രമായി വളർന്നു വരികയാണെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. “ഈ സംരംഭങ്ങൾ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലേക്കും ഡിജിറ്റൽ ആക്‌സസ് വികസിപ്പിക്കുന്നതിനൊപ്പം, ഇന്ത്യയെ ആഗോള ടെലികോം നിർമ്മാണ നേതാവായി ഉയർത്തുന്ന ഒരു പുതിയ അധ്യായം തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





