മ്യാന്മാർ തീരത്തോട് ചേർന്ന് രൂപപ്പെട്ട ചക്രവാതച്ചുഴി പടിഞ്ഞാറോട്ട് നീങ്ങി മണിക്കൂറുകൾക്കുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി രൂപപ്പെടും. ഇത് നാളെ അതിതീവ്ര ന്യൂനമർദമായി മാറും. ഇതിൻ്റെ ഫലമായി ഇന്ന് മുതൽ കേരളത്തിൽ പരക്കെ അതി ശക്തമായ മഴയ്ക്കു സാധ്യത ഉണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ഇന്ന് മുതൽ 27 വരെ ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മേധാവി നീത കെ ഗോപാൽ പറഞ്ഞു. 30-40 കിലോ മീറ്റർ വേഗതയിലും ചില സന്ദർഭങ്ങളിൽ ഇത് 40-50 കിലോമീറ്റർ വേഗതിയിലും കാറ്റ് വീശാൻ സാധ്യത ഉണ്ടെന്നും അവർ വ്യക്തമാക്കി. മൺസൂൺ ദുർബലമാകുന്ന സാഹചര്യത്തിൽ അതി തീവ്ര മഴയ്ക്ക് സാധ്യത ഇല്ലെന്നും നീത കെ ഗോപാൽ പറഞ്ഞു.
ന്യൂനമർദം രൂപപ്പെടുന്നതോടെ കേരളത്തിൻ്റെ തെക്കൻ ജില്ലകളിൽ ശക്തമാകുന്ന മഴ മധ്യ കേരളത്തിലേക്കും പതുക്കെ വടക്കൻ കേരളത്തിലേക്കും നീങ്ങും. കേരളത്തിൽ ഇന്ന് എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകൾ മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്. നാളെ (സെപ്റ്റംബര്‍ 26) തൃശൂർ, എറണാകുളം, ഇടുക്കി,കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും ശനിയാഴ്‌ച (സെപ്റ്റംബര്‍ 27 ) കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്.
ഈ വർഷത്തെ മൺസൂണിലെ അവസാന ന്യൂനമർദമാണ് ഇന്ന് രൂപപ്പെടുന്നത് എന്ന പ്രത്യേകത കൂടി ഉണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം ആന്ധ്രാ തീരത്തേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 28 മുതൽ മഴയുടെ ശക്തി കുറയുമെന്നും വിലയിരുത്തുന്നു. സെപ്‌തംബർ 30ന് ആണ് മൺസൂൺ അവസാനിക്കുന്നത്. കഴിഞ്ഞ വർഷവും കേരളത്തിൽ സെപ്‌തംബർ അവസാന വാരം ശക്തമായ മഴ പെയ്‌തിരുന്നു.
ഈ വർഷത്തെ മൺസൂൺ അവസാനിക്കുന്നു
ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 30വരെ നീണ്ടു നിൽക്കുന്ന മൺസൂൺ കണക്കു പ്രകാരം അഞ്ചു ദിവസം കൊണ്ട് അവസാനിക്കും. സമീപ വർഷങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ഒരു മൺസൂൺ കൂടിയാണ് കടന്നു പോകുന്നത്. പതിവിന് വിപരീതമായി നേരത്തെ കേരളത്തിൽ എത്തിയ മൺസൂൺ വലിയ നാശ നഷ്‌ടങ്ങളൊന്നും വരുത്തതെ റെക്കോഡ് മഴ സമ്മാനിച്ചു. കർഷകർക്കും ഇത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
ഇനി ലഭിക്കാനുള്ളത് തുലാവർഷ മഴയാണ്. ജൂൺ ഒന്ന് മുതലാണ് മൺസൂൺ കേരളത്തിൽ എത്താറുള്ളതെങ്കിലും മൺസൂൺ കാറ്റിൻ്റെ വേഗതയും മറ്റ് അനുകൂല ഘടകങ്ങളും കാരണം പലപ്പോഴും മെയ് മാസം തന്നെ കേരളത്തിൽ കാലവർഷം എത്താറുണ്ട്. എന്നാൽ ഇത്തവണ ഏഴ് ദിവസം മുന്നേ ആണ് കാലവർഷം എത്തിയത്. തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപ്, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മേയ് 13ന് കാലവർഷം എത്തിച്ചേർന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.
പിന്നാലെ കേരള തീരത്തും മേഘ രൂപീകരണം തുടങ്ങി. കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴയ്ക്ക് മുന്നോടിയായുള്ള മുന്നറിയിപ്പുകളും നൽകിയിരുന്നു. മെയ് 24 മുതൽ തുടങ്ങിയ മഴ മെയ് 31നാണ് അൽപമൊന്നു കുറഞ്ഞത്. ഈ സമയത്ത് 440.5 മില്ലിമീറ്റർ മഴ ലഭിച്ചു. തുടർന്ന് ജൂൺ അഞ്ച് മുതൽ വീണ്ടും മഴയെത്തി. പതിവുപോലെ വടക്കൻ കേരളത്തിൽ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ ഒഴിച്ച് ബാക്കി എല്ലാ ദിവസവും മഴ ലഭിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചതും വടക്കൻ കേരളത്തിൽ തന്നെ.







