യാത്ര ചെയ്യുമ്പോഴും വ്യായാമം ചെയ്യുമ്പോഴും പാചകം ചെയ്യുമ്പോഴും എല്ലാം പ്ലേലിസ്റ്റിലെ ഗാനങ്ങളാണോ നിങ്ങളുടെ കൂട്ട്? പലപ്പോഴും മനസിനെ സന്തോഷിപ്പിക്കാനും ഒരൽപം റിലീഫ് കിട്ടാനുമൊക്കെ സംഗീതമെന്ന മഹാസാഗരത്തെ കൂട്ടുപിടിക്കുന്നവർ തന്നെയാണ് നമ്മളിൽ ഭൂരിഭാഗം പേരും. പാട്ട് കേട്ടാൽ ചെയ്യുന്ന കാര്യത്തിൽ നിന്നും ശ്രദ്ധ മാറില്ലേ എന്ന ചിന്തയൊക്കെ ഇപ്പോള്‍ മാറി.
പാട്ട് കേട്ടാൽ ഓർമ ശക്തിയും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവുമൊക്കെ വർധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പുതിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.
സംഗീതം പഠിക്കുന്നതും പരിശീലിക്കുന്നതും സർഗാത്മകത മെച്ചപ്പെടുത്തുക മാത്രമല്ല, ദൈനംദിന ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, ഓർമശക്തി, പ്രശ്‌നപരിഹാര കഴിവുകൾ എന്നിവ വർധിപ്പിക്കാനും തലച്ചോറിനെ പാകപ്പെടുത്തുന്നു എന്നാണ് പഠനം പറയുന്നു. ഇവ ധ്യാനവും ബ്രെയിൻ ഗെയിമുകളും പോലെ തന്നെ ഏകാഗ്രത വർധിക്കാൻ സഹായിക്കുമെന്നും പഠനം പറയുന്നു.
ശബ്‌ദമുഖരിതമായ ചുറ്റുപാടിൽ ഒരു ശബ്‌ദത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സംഗീതജ്ഞർക്ക് എളുപ്പമാണെന്ന് പഠനം കാണിക്കുന്നു. അവരത് പരിശീലനത്തിലൂടെ നേടിയെടുക്കുന്നതാണ്. സംഗീത പരിശീലനം ശ്രദ്ധയും അറിവും മെച്ചപ്പെടുത്തും. സപ്‌തസ്വരങ്ങള്‍ തന്നെ ഇക്കാര്യത്തിൽ മികച്ച പരിശീലനമാണ് നൽകുന്നതെന്ന് കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കൽ ന്യൂറോ സയൻസ് വകുപ്പിലെ ഗവേഷകയും എഴുത്തുകാരിയുമായ കാസിയ ലോ മാൻ്റിംഗ് പറയുന്നു.
ഒരേ സമയം വ്യത്യസ്‌ത പിച്ചുകളുള്ള രണ്ട് മെലഡികൾ ശ്രവിച്ച് അവയൊന്നിലെ പിച്ച് മാറ്റങ്ങൾ പിന്തുടരുക എന്നതായിരുന്നു ‘പഠന സാമ്പിളു’കള്‍ക്ക് നൽകിയ ചുമതല. ഫ്രീക്വൻസി ടാഗിങ് എന്ന രീതി ഉപയോഗിച്ച് തലച്ചോർ ഓരോ മെലഡിക്കും എങ്ങനെ പ്രതികരിക്കുന്നു എന്ന് ഗവേഷകർ അളന്നു.
അതിൽ മികച്ച സംഗീതജ്ഞർ ശക്തമായ തലച്ചോർ സിഗ്നലുകൾ കിട്ടിയത് വഴി ഉയർന്ന പിച്ചുള്ള മെലഡി പിന്തുടർന്നു. മറ്റുള്ളവരുടെ ശ്രദ്ധ വ്യതിചലിച്ചു.
ഗവേഷകർ പറയുന്നത്
സംഗീത പരിശീലനം കേൾവിശക്തിയെ മാത്രമല്ല, കാലക്രമേണ ശ്രദ്ധ നിലനിർത്താനുള്ള തലച്ചോറിൻ്റെ കഴിവിനെയും മെച്ചപ്പെടുത്തുന്നു എന്ന് പറയുന്ന പഠനം, വിദ്യാഭ്യാസത്തിലും മറ്റ് മേഖലകളിലും ഇതിന് പ്രയോജങ്ങൾ ഉണ്ടായേക്കാമെന്നും അവകാശപ്പെടുന്നു.
രണ്ടും തമ്മിലുള്ള ബന്ധം കൃത്യമായി നിർവചിക്കാൻ കഴിയില്ലെങ്കിലും, തലച്ചോറിൻ്റെ വൈജ്ഞാനിക പ്രവർത്തനങ്ങളിൽ സംഗീതത്തിന് ഗുണകരമായ ഫലങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന കണ്ടെത്തലിനെ പഠനം പിന്തുണയ്ക്കുന്നതായി കാസിയ ലോ മാൻ്റിംഗ് പറയുന്നു.
‘സംഗീതത്തിന് തലച്ചോറിൻ്റെ വൈജ്ഞാനിക ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയുമെന്ന ആശയം പുതിയതല്ല. മുമ്പ് ഹാർവാർഡ് മെഡിക്കൽ സ്‌കൂൾ ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു. സംഗീത പാഠങ്ങൾ പഠിച്ച കുട്ടികളുടേയും പഠിക്കാത്തവരുടേയും ഐക്യു സ്‌കോറുകൾ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ഈ പഠനം കാണിക്കുന്നു.
വിനോദത്തിനപ്പുറം വിശാലമായ വൈജ്ഞാനിക നേട്ടങ്ങൾ ഇതിനുണ്ട്. ശബ്‌ദങ്ങൾ പ്രോസസ് ചെയ്യുന്നതിൽ സംഗീതജ്ഞരുടെ തലച്ചോറ് വളരെ ഫലപ്രദമാണെന്ന് നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലെ ന്യൂറോ സയൻ്റിസ്റ്റ് നീന ക്രൗസ് കണ്ടെത്തി. പഠനങ്ങൾ കാണിക്കുന്നത് സംഗീത പരിശീലനം ദൈനംദിന ജീവിതത്തിൽ സ്വാധീനം ചെലുത്തുകയും ശ്രദ്ധയും ഓർമ്മശക്തിയും മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു എന്നാണ്.
സൂപ്പർ പവർ
ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് ഒരു സൂപ്പർ പവർ പോലെയാണ്. മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കായി വിദഗ്‌ധർ മരുന്നുകൾക്ക് മുൻപേ മെഡിറ്റേഷൻ പോലുള്ളവ സജസ്റ്റ് ചെയ്യുന്നു. മ്യൂസിക്ക് തെറാപ്പികളും സുപരിചിതമാണ്. ഇത് വലിയൊരു ശതമാനം ആളുകളിലും ഫലപ്രദമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ധ്യാനം, യോഗ, ബ്രയിൻ ഗെയിമുകൾ എന്നിവയ്‌ക്കൊപ്പം തന്നെയാണ് സംഗീതത്തിൻ്റെ സ്ഥാനവും എന്ന് പഠനങ്ങൾ പറയുന്നു. ഇത് സന്തോഷം, സർഗാത്മകത, അച്ചടക്കം എന്നിവ സംയോജിപ്പിക്കുന്നു. ഒരു സംഗീതോപകരണം വായിക്കാൻ പഠിക്കുക, രാഗങ്ങൾ പരിശീലിക്കുക, വെറുതെ പാടുന്നത് പോലും നിങ്ങൾ നിങ്ങളുടെ തലച്ചോറിനെ പരിശീലിപ്പിക്കുകയാണ്.







