തുമ്മൽ പിടിച്ചു നിർത്താറുണ്ടോ ? കാത്തിരിക്കുന്നത് ഗുരുതര പ്രശ്‌നങ്ങൾ

0
52

തുമ്മൽ തടഞ്ഞ് നിർത്തുന്നത് ചെവിക്കും തൊണ്ടയ്ക്കും ഗുരുതരമായ കേടുപാടുകൾ ഉണ്ടാക്കാൻ കാരണമാകും.

കാലാവസ്ഥ ഏതായാലും രാവിലെ ഉറക്കമുണർന്ന ഉടൻ രാത്രി ഉറങ്ങുന്നത് വരെ തുമ്മുന്ന ചില ആളുകളുണ്ട്. അലർജിയോ മറ്റേതെങ്കിലും രോഗങ്ങളോ ആണ് ഇതിന് പിന്നിലെ രണ്ട് പ്രധാന കാരണങ്ങൾ. പലരും ഇതിനെ വളരെ നിസാരമായി തള്ളിക്കളയുന്നവരാണ്. പനി, മൂക്കിൽ ദശയോ മുഴയോ വളരൽ, മൂക്കിന്‍റെ പാലത്തിലെ വളവ്, നെറ്റിയിലെ കഫക്കെട്ട്, ടോൺസലൈറ്റ്സ്, ആസ്‌മ, ചുമ തുടങ്ങിയ അവസ്ഥകൾ ഉണ്ടെങ്കിൽ തുമ്മൽ അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നാൽ നീണ്ടുനിൽക്കുന്ന തുമ്മൽ ശ്വാസകോശത്തിൽ നീർക്കെട്ടുണ്ടാകാൻ കാരണമാകും. പലപ്പോഴും തുമ്മാൻ വരുമ്പോൾ മൂക്കും വായയും പൊത്തിപിടിച്ച് അതിനെ തടയാൻ ശ്രമിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ ഇങ്ങനെ ചെയ്യുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. രക്തക്കുഴലുകൾ പൊട്ടനും ചെവിക്ക് കേടുപാടുകൾ സംഭവിക്കാനും വരെ ഇത് കാരണമാകും. അത്തരത്തിൽ തുമ്മൽ തടയുന്നത് കൊണ്ടുണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങൾ എന്തൊക്കെയെന്ന് അറിയാം.

ചെവിക്ക് കേടുപാടുകൾ
ചെവിയും മൂക്കും തൊണ്ടയുമെല്ലാം പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നവയാണ്. ശക്തമായ തുമ്മൽ തടഞ്ഞു നിർത്തുമ്പോൾ വായുവും മർദ്ദവും മധ്യകർണ്ണത്തിലേക്ക് തള്ളിവിടുകയും കർണപടലം പൊട്ടിപ്പോകാൻ കാരണമാവുകയും ചെയ്തേക്കാം. വേദന, കേൾവിക്കുറവ്, അണുബാധ തുടങ്ങിയവ ഉണ്ടാകാനും ഇത് ഇടയാക്കും.

നെഞ്ചിലെ മർദ്ദം
പെട്ടെന്ന് ഉയരുന്ന വായു മർദ്ദം നെഞ്ചിലെ പേശികളെ ദുർബലമാക്കും. അപൂർവമായി വാരിയെല്ലുകൾ ഓടിയാനും ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവരിൽ ഹൃദയത്തിൽ സമ്മർദ്ദം ചെലുത്താനും ഇത് കാരണമാകും.

രക്തക്കുഴലുകൾക്ക് കേടുപാടുകൾ
ആന്തരിക മർദ്ദം പെട്ടന്ന് വർധിക്കുന്നത് കണ്ണ്, മൂക്ക്, കർണപടം എന്നിവിടങ്ങളിലേക്കുള്ള ചെറിയ രക്തക്കുഴലുകൾ പൊട്ടാൻ ഇടയാക്കും. തുമ്മൽ തടഞ്ഞുനിർത്തുമ്പോൾ ചില ആളുകളിൽ കൺജങ്ക്റ്റിവൽ രക്തസ്രാവം (കണ്ണുകളുടെ വെള്ളയിൽ ചുവന്ന പാടുകൾ), മൂക്കിൽ നിന്നും രക്തസ്രാവം എന്നിവ അനുഭവപ്പെട്ടേക്കാം.

തൊണ്ടയ്ക്കുണ്ടാകുന്ന കേടുപാടുകൾ
ശക്തമായ തുമ്മൽ പിടിച്ചുനിർത്താൻ ശ്രമിച്ചാൽ തൊണ്ടയിലെ ടിഷ്യു പൊട്ടുകയോ സൈനസുകൾക്ക് കേടുപാടുകൾ സംഭവിച്ചക്കുകയോ ചെയ്തേക്കാമെന്ന് ആരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

അണുബാധ
തുമ്മൽ പിടിച്ചുവയ്ക്കാൻ ശ്രമിക്കുന്നത് മൂക്കിന്‍റെ ഭാഗങ്ങളിൽ അണുക്കൾ പെരുകാനും കഫം വർധിക്കാനും കാരണമാകും. ഇത് ചെവിയെ മൂക്കിൻ്റെ പിൻഭാഗവുമായി ബന്ധിപ്പിക്കുന്ന യൂസ്റ്റാച്ചിയൻ ട്യൂബുകളിലേക്ക് തള്ളിവിടാനുള്ള സാധ്യത വർധിപ്പിക്കുകയും ചെവിയിൽ അണുബാധ ഉണ്ടാകാൻ ഇടയാക്കുകയും ചെയ്യും.

സൈനസ് പ്രശ്‌നങ്ങൾ
തുമ്മൽ പിടിച്ചു നിർത്തുമ്പോൾ ദോഷകരമായ വസ്‌തുക്കളും അണുക്കളും മൂക്കിനുള്ളിൽ കുടുങ്ങിക്കിടക്കാൻ ഇടയാക്കും. ഇത് സൈനസ് അണുബാധകൾ വഷളാക്കാൻ കാരണമാകും.

തുമ്മൽ വന്നാൽ എന്തുചെയ്യണം?
ഒരു കാരണവശാലും തുമ്മൽ തടഞ്ഞു നിർത്താൻ പാടില്ലെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു. പിടിച്ചു നിർത്തുന്നതിന് പകരം സുരക്ഷിതമായി തുമ്മാൻ ശ്രദ്ധിക്കുകയാണ് വേണ്ടത്. അതിനായി ചെയ്യേണ്ടത് എന്തൊക്കെയെന്ന് നോക്കാം.

  • തുമ്മാൻ വരുമ്പോൾ ഒരു ടിഷ്യു ഉപയോഗിക്കാം. ശേഷം കൈകൾ സാനിറ്റൈസറോ, സോപ്പോ ഉപയോഗിച്ച് വൃത്തിയാക്കുക.
  • ടിഷ്യു ഇല്ലെങ്കിൽ അണുക്കൾ പ്രതലങ്ങളിലേക്ക് പടരുന്നത് തടയാൻ തുമ്മുമ്പോൾ കൈമുട്ടുകൾ കൊണ്ട് കവർ ചെയ്യുക.
  • പൊതുവിടങ്ങളിലോ തിരക്കേറിയ സ്ഥലങ്ങളിലോ പോകുമ്പോൾ മാസ്‌ക് ധരിക്കാൻ ശ്രദ്ധിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here