ഇത്തവണ നവരാത്രി ആരംഭിച്ച് 11-ാം ദിവസമാണ് വിജയദശമി. പുസ്‌തക പൂജ നാല് ദിവസം.
രാജ്യമെങ്ങും ഭക്തിയുടെ നിറവില്‍ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. വീടുകളിലും ക്ഷേത്രങ്ങളിലുമെല്ലാം നവരാത്രി മണ്ഡപങ്ങള്‍ ഒരുക്കിയാണ് ആദിപരാശക്തിയുടെ ഒന്‍പത് അവതാരങ്ങളെ ഒന്‍പത് ദിവസങ്ങളിലായി ആരാധിക്കുന്നത്. ആരാധനയുടേയും വിദ്യാരംഭത്തിൻ്റെയും കലകളുടെയും ഉത്സവമാണ് നവരാത്രി. ഒൻപത് രാത്രികൾ എന്നർത്ഥം വരുന്ന നവരാത്രിയില്‍ ദുർഗ, ലക്ഷ്‌മി, സരസ്വതി എന്നീ ദേവിമാരെ ഭക്തിപൂർവ്വം ആരാധിക്കുന്നു. ദുർഗ്ഗാദേവി അടക്കമുള്ള ദേവതകൾക്ക് പൂജകൾ അർപ്പിക്കുന്നതാണ് ഈ ദിവസങ്ങളിലെ പ്രധാന ചടങ്ങ്.
നവരാത്രി നന്മയുടെ വിജയത്തെയും ജ്ഞാനത്തെയും ശക്തിയെയും പ്രതിനിധീകരിക്കുന്ന ഒരു ഉത്സവം കൂടിയാണ്. ഒൻപത് ദിവസങ്ങളിൽ ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങൾക്കാണ് ആരാധന നടത്തുന്നത്. ഈ വർഷം നവരാത്രി ആരംഭിച്ച് പത്താം ദിവസം മഹാനവമിയും പതിനൊന്നാം ദിവസം വിജയദശമിയും ആഘോഷിക്കുന്നു. പുസ്‌തക പൂജ നാല് ദിവസം.
ഒക്ടോബർ ഒന്നിന് മഹാനവമിയും ഒക്ടോബർ രണ്ടിന് വിജയദശമിയും ആഘോഷിക്കുന്നു. ഒൻപത് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന നവരാത്രി ഉത്സവത്തോടനുബന്ധിച്ച് പൂജകൾക്കും ദർശനത്തിനുമായി ക്ഷേത്രങ്ങളിൽ വലിയ തിരക്കാണ് ഇനിയുള്ള ദിവസങ്ങൾ. നവരാത്രി ഉത്സവം അതിൻ്റെ പ്രാധാന്യത്തോടെ അതിഗംഭീരമായി ആഘോഷിക്കുന്ന ഇന്ത്യയിലെ തന്നെ പ്രശസ്‌തമായ ഒരു ക്ഷേത്രമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം. കര്‍ണാടകയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ നവരാത്രിക്കു പുറമെ എല്ലായ്‌പ്പോഴും ഭക്തജനതിരക്കാണ്.
വിശേഷ മുഹൂർത്തങ്ങളിലും വിജയദശമി ദിനത്തിലും കുട്ടികളെ ആദ്യാക്ഷരം കുറിപ്പിക്കുന്നതിനായി ധാരാളം ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. ഇവിടെ ഒൻപത് ദിവസവും ദേവിയുടെ ഒൻപത് രൂപങ്ങളെ ആരാധിച്ച് പ്രത്യേക പൂജകൾ നടക്കുന്നു. മഹാനവമിയിലും വിജയദശമിയിലും ക്ഷേത്രത്തിൽ വലിയ ഉത്സവാഘോഷങ്ങളുടെ നാളുകളാണ്
കേരളത്തിൽ സരസ്വതിപൂജയും വിദ്യാരംഭവും പ്രധാനമാണ്. ഭഗവതി ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളാണ് നവരാത്രി. വീടുകളില്‍ ബൊമ്മുക്കൊലു ഒരുക്കി വിശ്വാസികള്‍ ആരാധനകള്‍ നടത്തുന്നു. നവരാത്രിയുടെ ഭാഗമായി ദേവി ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും ഭഗവതിപൂജയും നടത്തുന്നു. കുട്ടികളെ എഴുത്തിനിരുത്തുന്നതിനും കലകൾക്ക് അരങ്ങേറ്റം കുറിക്കുന്നതിനുമായി പ്രത്യേക ക്ഷേത്രങ്ങളുണ്ട്. പല ക്ഷേത്രങ്ങളിലും ഉത്സവം, പൂരം, ദേവി ഭാഗവത നവാഹ യജ്ഞം, ഐശ്വര്യപൂജ എന്നിവ ഇതിനോടനുബന്ധിച്ച് നടക്കും.
- നവരാത്രി ആഘോഷങ്ങളിൽ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ഭഗവതി ക്ഷേത്രം. കേരളത്തിൽ ഏറ്റവുമധികം വിശ്വാസികളെത്തുന്ന ക്ഷേത്രങ്ങളിലൊന്നായ ഇവിടെ മഹാലക്ഷ്‌മിയും വിഷ്‌ണുവുമാണ് പ്രധാന പ്രതിഷ്‌ഠ.
- കോട്ടയം ജില്ലയിലെ പനച്ചിക്കാട് ക്ഷേത്രത്തിലും വലിയ തിരക്കാണ് നവരാത്രി ദിവസങ്ങളിൽ. ദക്ഷിണ മൂകാംബിക’എന്നറിയപ്പെടുന്ന ക്ഷേത്രം വിശ്വാസമനുസരിച്ച് സരസ്വതീദേവിയുടെ സാന്നിധ്യം അനുഭവപ്പെടുന്ന കേരളത്തിലെ ഏക ക്ഷേത്രമാണ്. എല്ലാ മാസവും 1500-ഓളം കുട്ടികളെ എഴുത്തിനിരുത്തുന്നുണ്ട് പനച്ചിക്കാട് ക്ഷേത്രത്തില്‍. മഹാനവമിക്കാലത്ത് അയ്യായിരത്തിലധികം കുട്ടികൾ ഇവിടെ ആദ്യാക്ഷരം കുറിയ്‌ക്കാനെത്തുന്നു. ഇരുപതിലധികം ആചാര്യൻമാരാണ് കുട്ടികളെ ആദ്യാക്ഷരം കുറിപ്പിക്കാനായി എത്തുന്നത്.
- നവരാത്രി ആഘോഷത്തിൽ ഒൻപത് ദിവസങ്ങളിലായി ഉത്സവം നടക്കുന്ന കേരളത്തിലെ മറ്റൊരു ക്ഷേത്രമാണ് ആറ്റുകാൽ. ക്ഷേത്രത്തിൽ ഭദ്രകാളിയാണ് പ്രധാന പ്രതിഷ്‌ഠ. “സ്ത്രികളുടെ ശബരിമല” എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ലോകപ്രസിദ്ധമാണ്.
ഒൻപത് ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിൽ ഓരോ ദിവസവും പ്രത്യേക പരിപാടികളും ആചാരങ്ങളും ചടങ്ങുകളും നടത്തുന്നു.പൂജയെടുപ്പ്, വിദ്യാരംഭം, എഴുത്തിനിരുത്തൽ എന്നിവയും ഈ ദിനങ്ങളിൽ ആഘോഷപരമായി ക്ഷേത്രത്തിൽ നടത്തപ്പെടുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിനേറെ സ്ത്രീകൾ ഈ ഉത്സവത്തിൽ പങ്കെടുക്കുന്നു.
ആശംസകൾ നേർന്ന് പ്രധാനമന്ത്രി
നവരാത്രി ദിനങ്ങളിൽ ജനങ്ങൾക്ക് ഐശ്വര്യവും ആരോഗ്യവും ആശംസിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ” ഇന്ന്, നവരാത്രി ദിവസത്തിൽ ശൈലപുത്രി മാതാവിൻ്റെ ആരാധനയ്ക്കും ആചാരങ്ങൾക്കുമുള്ള പ്രത്യേക ദിവസമാണ്,അമ്മയുടെ അനുഗ്രഹവും കൊണ്ട് എല്ലാവരുടെയും ജീവിതം സൗഭാഗ്യവും ആരോഗ്യവും കൊണ്ട് നിറയട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു” എന്ന് പ്രധാനമന്ത്രി പറഞ്ഞു.







