കോഴിക്കോട്: കൊടിയത്തൂർ പന്നിക്കോട് എയുപി സ്‌കൂളിലെ വിദ്യാർഥികൾ പുസ്‌തകത്താളുകളിലെ അക്ഷരങ്ങൾക്കൊപ്പം കൃഷിപാഠം കൂടിയാണ് പഠിക്കുന്നത്. ഇവിടെ പഠിക്കുന്ന കുട്ടികൾക്ക് കാർഷിക അറിവിനൊപ്പം പ്രായോഗിക പരിശീലനവും ലഭിക്കുന്നു.
വിദ്യാർഥി അധ്യാപക കർഷക കൂട്ടായ്‌മ ആണ് സ്‌കൂളിൽ കൃഷി ഇറക്കി പരിപാലിക്കുന്നത്. പഞ്ചായത്തംഗങ്ങളടക്കം നിരവധി ആളുകൾ കൃഷിയിടത്തിലെ പങ്കാളികളാണ്. എന്നാൽ എല്ലായിടത്തെയും പോലെ സാധാരണ കൃഷി രീതിയിലല്ല ഇവിടെ കൃഷിയിറക്കിയത്. മഴയും വെയിലും ഏൽക്കാതെ ഏതുകാലത്തും കാർഷിക ഉത്‌പന്നങ്ങൾ വിളയിച്ചെടുക്കാൻ പാകത്തിനുള്ള പോളി ഹൗസ് സംവിധാനത്തിലാണ് കൃഷി ഇറക്കിയത്.
കുട്ടികൾക്ക് വേണ്ട മാർഗനിർദേശം നൽകുന്നതും കൃഷിക്കൊപ്പം കൂടുന്നതും സ്‌കൂളിനോട് ചേർന്നുള്ള കർഷകനായ സുനീഷാണ്. സുനീഷിൻ്റെ മനസിൽ തോന്നിയ ചെറിയ ആശയമാണ് പോളി ഹൗസ് കൃഷിരീതിക്ക് തുടക്കമായത്. അതിനൊപ്പം കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് എന്നും നല്ല പച്ചക്കറികൾ ലഭ്യമാക്കണം എന്ന തോന്നലും കൂടി കൃഷിരീതിക്ക് കാരണമായി.
പോളി ഹൗസ് കൃഷിരീതി എന്ന ആശയം അറിഞ്ഞ് കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കും സഹായവുമായി മുന്നിൽ നിന്നു. കൃഷിക്കാവശ്യമായ തൈകൾ നൽകിയത് സർവീസ് സഹകരണ ബാങ്കാണ്. കൊടിയത്തൂർ കൃഷി ഭവനും കൊടിയത്തൂർ ഗ്രാമപഞ്ചായത്തും കുട്ടികളുടെ കൃഷിക്ക് വേണ്ട എല്ലാ പിന്തുണയുമായി മുന്നിലുണ്ട്.
സ്‌കൂളിലേക്ക് വരുന്ന വഴിയിലും മറ്റിടങ്ങളിലുമെല്ലാം കൃഷിയും കർഷകരെയും കാണുമ്പോൾ കൗതുകത്തോടെ നോക്കി നിൽക്കുമായിരുന്നു കുട്ടികൾ. എന്നാൽ ഇന്ന് സ്വന്തമായി കൃഷിയിലേക്ക് ഇറങ്ങാനും കൃഷിയെക്കുറിച്ച് അടുത്തറിയാനും സാധിച്ചപ്പോൾ വലിയ മാനസിക ഉല്ലാസമാണ് ലഭിക്കുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു.







