സരിക ജയിന്‍റെ ഗോ ധാം എന്ന സംരംഭം മതപരമായ പല കലാ രൂപങ്ങളും ഉണ്ടാക്കുന്നയിടമാണ്. പൂര്‍ണമായും ചാണകം ഉപയോഗിച്ചാണ് നിര്‍മ്മാണം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പരിസ്ഥിതി അവബോധത്തിനൊപ്പം സരിഗയ്ക്ക് വരുമാന മാര്‍ഗം കൂടിയാണിത്.
ഭുവനേശ്വര്‍: ഗണേശോത്സവത്തിന് നിര്‍മ്മിക്കുന്ന രാസ വസ്‌തുക്കള്‍ ചേര്‍ത്ത വിഗ്രഹങ്ങള്‍ വലിയ പാരിസ്ഥിതിക ആശങ്ക ഉയര്‍ത്തുന്നവയാണ്. ഇതിന് ഒരു പരിഹാരവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പരിസ്ഥിതി സൗഹൃദ ഗണേശ വിഗ്രഹങ്ങളുമായി സരിഗ ജെയിന്‍. സരിഗ ചാണകത്തില്‍ നിന്നാണ് മനോഹര ഗണേശ വിഗ്രങ്ങളുണ്ടാക്കുന്നത്.
ഭുവനേശ്വറിലെ തിരക്കേറിയ ലക്ഷ്‌മി നഗറില്‍ സരിക സ്വന്തം വീടിനെ ഒരു പണിശാലയാക്കി മാറ്റിയിരിക്കുന്നു. പരിസ്ഥിതി ബോധത്തോടെയുള്ള പരമ്പരാഗത ആചാരങ്ങള്‍ക്ക് ഇവര്‍ മാറ്റു കൂട്ടുന്നു. ഗോധാം എന്ന സ്വന്തം പ്രസ്ഥാനത്തിലൂടെ കഴിഞ്ഞ നാല് വര്‍ഷമായി അവര്‍ പൂര്‍ണമായും ചാണകം കൊണ്ട് ദൈവങ്ങളെ സൃഷ്‌ടിക്കുന്നു. മിക്കവര്‍ക്കും ചാണകം കൃഷിയാവശ്യത്തിനുള്ള വളം മാത്രമാണ്. ഇതില്‍ നിന്നാണ് മനോഹരമായ പരിസ്ഥിതി സൗഹൃദ ദൈവങ്ങളെ സരിക തീര്‍ക്കുന്നത്.
പരമ്പരാഗത വരുമാന മാര്‍ഗങ്ങള്‍ നിലച്ച കോവിഡ് മഹാമാരിക്കാലത്താണ് സരിഗ ഇത്തരം ഒരു ഉദ്യമത്തിലേക്ക് തിരിഞ്ഞത്. ഛത്തീസ്‌ഗഡിലെ റായ്‌പൂര്‍ സ്വദേശിയാണ് ശരിക്കും സരിക. ആദ്യം പരീക്ഷണമെന്ന നിലയിലാണ് സരികഇത് തുടങ്ങിയത്. ക്രമേണ ഇവര്‍ക്ക് ഇതൊരു സുസ്ഥിര വ്യവസായമായി മാറ്റാനായി. സാമ്പത്തിക ആവശ്യങ്ങള്‍ പരിഹരിക്കുന്നതോടൊപ്പം പാരിസ്ഥിതിക ആശങ്കകള്‍ക്കും ഈ വിഗ്രഹങ്ങള്‍ പരിഹാരമാകുന്നു.
ഗണേശ പൂജ സമയത്ത് അവര്‍ എണ്‍പത് ശതമാനം ചാണകവും 20 ശതമാനം കളിമണ്ണും ചേര്‍ത്താണ് ഗണേശ വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നത്. അതിനാല്‍ തന്നെ ഇവയ്ക്ക് ഭാരക്കുറവുണ്ടാകുന്നു. അതിന് പുറമെ പ്രകൃതി സൗഹൃദവുമാകുന്നു. മൂന്ന് ഇഞ്ച് വലിപ്പമുള്ള അലങ്കാര പ്രതിമകള്‍ മുതല്‍ 12 ഇഞ്ച് വലിപ്പമുള്ള ബിംബങ്ങള്‍ വരെയുണ്ടാക്കുന്നു. അന്‍പത് രൂപ മുതല്‍ അയ്യായിരം രൂപ വരെയാണ് ഇവയുടെ വില.
കളിമണ്ണ് കൊണ്ടുള്ള പരമ്പരാഗത വിഗ്രഹങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയ്ക്ക് ഭാരം വളരെ കുറവാണെന്നും സരിക പറയുന്നു. ഇവ നിമജ്ജന വേളയില്‍ പുഴകളെയും കടലിനെയും മലിനമാക്കുന്നുമില്ലെന്നും സരിക പറയുന്നു.
സ്വഭാവികമായി ജീര്‍ണിക്കുന്നു എന്നതിനപ്പുറമാണ് ഇവയുടെ മേന്‍മകള്‍. രാസ വര്‍ണങ്ങളും ജീര്‍ണിക്കാത്ത വസ്‌തുക്കളും ഉപയോഗിക്കുന്ന പ്രതിമകളെ പോലെയല്ല ഇവ. ചാണക പ്രതിമകള്‍ പരിസ്ഥിതിക്ക് ദോഷമില്ലാതെ സ്വയം ഇല്ലാതാകുന്നു. ഇവ വീടുകളിലോ പൂന്തോട്ടങ്ങളിലോ സ്ഥിരമായി സൂക്ഷിക്കുകയും ചെയ്യാം. യാതൊരു പാരിസ്ഥിതിക ആശങ്കകളും ഇവ ഉണ്ടാക്കുന്നുമില്ല.
പരിസ്ഥിതി മലിനീകരണ ആശങ്കകളുള്ളതിനാല്‍ സരികയില്‍ നിന്നാണ് അര്‍ത്ഥത്രാണ്‍ ബെഹ്‌റ ഗണപതി വിഗ്രഹം വാങ്ങുന്നത്. യാതൊരു രാസ വസ്‌തുക്കളുമില്ലാത്തതിനാല്‍ ചാണക ഗണേശ വിഗ്രഹം വീടുകളിലേക്ക് ഏറെ നല്ലതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മിക്കവരും പ്ലാസ്റ്റര്‍ ഓഫ് പാരിസില്‍ തീര്‍ത്ത വര്‍ണശബളിതമായ ഗണേശ വിഗ്രഹങ്ങളില്‍ ആകൃഷ്‌ടരാകുന്നു. എന്നാല്‍ ചാണകത്തില്‍ തീര്‍ത്ത വിഗ്രഹങ്ങളുടെ ആത്മീയ പ്രാധാന്യം അവര്‍ക്ക് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
നൂതനതയും പാരമ്പര്യവും ഇടകലര്‍ന്നതാണ് സരികയുടെ വ്യവസായ മാതൃക. ഗ്രാമങ്ങളിലെത്തി നേരിട്ടാണ് ഇവര്‍ ചാണകം വാങ്ങുന്നത്. പണം നല്‍കി തന്നെയാണ് ഇവ എടുക്കുന്നത് എന്നത് കൊണ്ട് അത് കന്നുകാലി കര്‍ഷകര്‍ക്ക് അധിക വരുമാനമാകുന്നു. ഭുവനേശ്വറിലെ പ്രദര്‍ശന ശാലകളില്‍ അവര്‍ തന്‍റെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ഓണ്‍ലൈനിലൂടെയും വില്‍പ്പനയുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ അവര്‍ ഇത് നേരിട്ട് എത്തിക്കുന്നു.
ഗണേശ ചതുര്‍ത്ഥിയിലും ദീപാവലിക്കാലത്തും സരികയുടെ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. രാസവസ്‌തുക്കളടങ്ങിയ പ്രതിമകളെക്കാള്‍ പരിസ്ഥിതി ബോധമുള്ളവര്‍ സരികയുടെ വിഗ്രഹങ്ങള്‍ തെരഞ്ഞെടുക്കുന്നു.
വാണിജ്യ വിജയത്തിനപ്പുറം സരിഗ സാംസ്‌കാരിക സംരക്ഷണത്തിന്‍റെ വക്താവ് കൂടി ആയി മാറിയിരിക്കുന്നു. സനാതന ധര്‍മ്മത്തില്‍ പശുവിനെ ഗോമാതാവായാണ് ആരാധിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ സരിക പശുവിനെ നാം അമ്മയെ പോലെ കരുതുന്നുവെന്നും കൂട്ടിച്ചേര്‍ക്കുന്നു. പശുവിന്‍റെ കറവ വറ്റിയാലും അവ ഗ്രാമീണ ഇന്ത്യയില്‍ മിക്ക വീടുകളിലും ഒരംഗമായി തന്നെ തുടരുന്നു. മുറിച്ച് മാറ്റാനാകാത്ത മനുഷ്യനും പശുക്കളും തമ്മിലുള്ള ഈ ബന്ധത്തെ തന്നെയാണ് തന്‍റെ കലാസൃഷ്‌ടികളിലൂടെ താന്‍ ആഘോഷിക്കുന്നതെന്നും സരിക പറയുന്നു.
ദീപാവലി വിളക്കുകളും പെന്‍ സ്റ്റാന്‍ഡുകളും, പൂച്ചട്ടികളും വീട്ടുസമാനങ്ങളുമെല്ലാം ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. തങ്ങളുടെ പ്രവൃത്തി ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് ആളുകള്‍ ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്. നിമജ്ജന വേളയില്‍ മാലിന്യം കുറയ്ക്കാന്‍ ഇവര്‍ നടപടികള്‍ കൈക്കൊള്ളുന്നു. സിന്തറ്റിക് വസ്‌തുക്കളും പ്ലാസ്റ്റര്‍ ഓഫ് പാരിസും ഉപയോഗിച്ചുള്ള വിഗ്രഹങ്ങള്‍ക്ക് പകരം മിക്കവരും ചാണകം കൊണ്ടുള്ള വിഗ്രഹങ്ങള്‍ ഉപയോഗിക്കുന്നു. പരിസ്ഥിതി സൗഹൃദവും സാമ്പത്തികമായി ചെലവ് കുറവുമാണ്. ഇതാണ് നമ്മുടെ പൂര്‍വികര്‍ പിന്തുടര്‍ന്നിരുന്നത്. ചാണകത്തെ അവര്‍ ഏറെ പരിശുദ്ധമായി കരുതിയിരുന്നുവെന്നും സരിക കൂട്ടിച്ചേര്‍ക്കുന്നു.








