കേന്ദ്ര പുരാവസ്‌തു വകുപ്പ് സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് വിജയ കുമാർ എസ് നായരുടെ സംഘമാണ് പരിശോധന നടത്തിയത്
കാസർകോട്: കോട്ടിക്കുളത്ത് അമൂല്യ പുരാവസ്‌തു ശേഖരം കണ്ടെത്തിയ സംഭവത്തിൽ കേന്ദ്ര പുരാവസ്‌തു വകുപ്പ് പരിശോധന ആരംഭിച്ചു. പരേതനായ പാലക്കുന്ന് മുഹമ്മദ് കുഞ്ഞിയുടെ വീടിനു സമീപത്ത് ഉള്ള മുറിയിലാണ് പരിശോധന നടത്തിയത്. കേന്ദ്ര പുരാവസ്‌തു വകുപ്പ് സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് വിജയ കുമാർ എസ് നായരുടെ സംഘമാണ് പരിശോധന നടത്തിയത്. ഇന്നും നാളെയുമായി പരിശോധന നടത്തുമെന്ന് സംഘം അറിയിച്ചു.
പുരാവസ്തു ശേഖരമെന്ന് സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഘം എത്തിയത്. ബേക്കൽ സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള വാളുകളും തോക്കുകളും സംഘം പരിശോധിച്ചു. തുടർന്നാണ് ഇവ കണ്ടെത്തിയ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിൽ എത്തി പരിശോധന നടത്തിയത്.
ഓഗസ്റ്റ് 18 നു രാത്രി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ബേക്കൽ പൊലീസ് പരേതനായ മുഹമ്മദ് കുഞ്ഞിയുടെയുടെ വീട്ടിൽ എത്തിയത്. ഇവിടെനിന്ന് രാജാക്കന്മാർ ഉപയോഗിച്ചതെന്നു കരുതുന്ന വാളുകളും തോക്കുകളും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അമൂല്യമായ പുരാവസ്തു ശേഖരം എന്ന് സംശയിക്കുന്ന നൂറിലധികം സാധന സാമഗ്രികൾ കണ്ടെത്തുകയായിരുന്നു. വിദേശത്തുനിന്ന് എത്തിച്ചവയും ഇക്കൂട്ടത്തിൽ ഉണ്ടെന്നു പൊലീസ് പറഞ്ഞിരുന്നു.
അബ്‌ദുള്ള കുഞ്ഞി ഏഴു വർഷം മുമ്പ് മരിച്ചിരുന്നു. ഇയാളുടെ വീടിനു സമീപമുള്ള മുറി പൂട്ടികിടക്കുകയായിരുന്നു. ഇതിലാണ് പുരാവസ്തുക്കൾ കണ്ടെത്തിയത്. രാജാക്കന്മാർ ഉപയോഗിച്ചെന്ന് കരുതുന്ന വാളുകൾ, നിരവധി പുരാതനമായ പാത്രങ്ങൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇവ പുരാവസ്തു വകുപ്പ് സംഘം പരിശോധന നടത്തുന്നുണ്ട്. എന്നാൽ ഇതിന് എത്ര വർഷത്തെ പഴക്കം ഉണ്ടെന്നു ഇപ്പോൾ പറയാൻ സാധിക്കില്ലെന്നാണ് പുരാവസ്തു വകുപ്പ് നൽകുന്ന വിവരം. ഉഗ്ര വിഷമുള്ള പാമ്പുകൾ അടക്കം ഇവിടെ ഉണ്ട്. അതുകൊണ്ടു തന്നെ സാധനസാമഗ്രികൾ പരിശോധന നടത്താൻ സമയം എടുക്കുമെന്നാണ് സൂചന.
2000 വർഷങ്ങൾക്ക് മുമ്പുള്ള മഹാശിലാ കാലഘട്ടത്തിൻ്റെ ചരിത്ര ശേഷിപ്പുകൾ നേരത്തെ കാസർകോട് നിന്ന് കണ്ടെത്തിയിരുന്നു.ബന്തടുക്ക മണിമൂലയിൽ മണ്ണുമാന്തിയന്ത്രം കുഴിയെടുത്തതിന് താഴെയായാണ് ചെങ്കല്ലറയും മഹാശിലാ കാലഘട്ടത്തിൻ്റെ ചരിത്ര ശേഷിപ്പുകളും കണ്ടെത്തിയത്. മൺചട്ടികൾ, വലിയ ഒരു പാത്രത്തിൻ്റെ അടപ്പ് പോലുള്ള മൺപാത്രം, അടുപ്പിന് ഉപയോഗിക്കുന്ന രീതിയിൽ നിർമിച്ച മൂന്ന് കല്ലോട് കൂടിയ ഇരുമ്പ് സ്‌റ്റാൻ്റും (stove stand) പേനാക്കത്തി പോലുള്ള ഇരുമ്പായുധങ്ങളുടെ അവശിഷ്‌ടങ്ങളും കണ്ടെത്തിയവയിൽ ഉണ്ടായിരുന്നു. അപൂർവമായി മാത്രമാണ് ചെങ്കല്ലറകളിൽ (rock cut chamber) നിന്ന് അസ്ഥി കഷണങ്ങൾ ദ്രവിച്ച് പോകാതെ ലഭിക്കാറുള്ളതെങ്കിലും മണിമൂലയിൽ നിന്ന് അവശിഷ്‌ടങ്ങളുടെ കൂടെ നിരവധി അസ്ഥി കഷണങ്ങൾ (Cremains / bone fragments) ലഭിച്ചിട്ടുണ്ടെന്നതിന് ചരിത്രപരമായി ഏറെ പ്രാധാന്യമുണ്ട്. മഹാശില ചരിത്ര ശേഷിപ്പുകളായ നന്നങ്ങാടികളിൽ (urn burial) നിന്ന് ദക്ഷിണേന്ത്യയിലെ പല സ്ഥലത്ത് നിന്നും അസ്ഥി കഷണങ്ങൾ ലഭിച്ചിട്ടുണ്ട്.
രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് മനുഷ്യർ അധിവസിച്ചെന്ന് കരുതുന്ന നിരവധി തെളിവുകൾ കാസർകോട് എത്തിയാൽ കാണാം. എങ്ങോട്ട് നോക്കിയാലും ചെങ്കല്ലറകളും ഗുഹകളും പാറയിൽ പല തരത്തിലുള്ള കൊത്തു പണികളുമാണ്. ഒരേക്കർ സ്ഥലത്ത് തന്നെ ഒമ്പത് ചെങ്കല്ലറകൾ കാണാം. ചിലതിന് അടപ്പുണ്ട്, ചിലതിന് ഇല്ല. രണ്ട് സംസ്‌കാരത്തിന്‍റെ തെളിവാണ് ഇത്. ആലിൻകീഴ് പുതുക്കൈ വില്ലേജിലാണ് മുട്ടയ്ക്ക് അടയിരിക്കുന്ന സർപ്പത്തിന്‍റെ ശില ഉള്ളത്.







