തിരുവനന്തപുരം: സംസ്ഥാനത്ത് പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം അവതാരങ്ങളുടെ കാലമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ. സ്വപ്ന. പിഡബ്ല്യുസിയിലെ റെജി പിള്ള പ്രതാപ് മോഹൻ നായർ, റെജി ലൂക്കോസ്, സ്വിറ്റ്സർലന്റിൽ നിന്നൊരാളും അടക്കം 15 അവതാരങ്ങളുണ്ട്. ഇവരുടെ നടുവിലാണ് മുഖ്യമന്ത്രിയെന്ന് തിരുവഞ്ചൂർ പറഞ്ഞു.
സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത് കൺസൾട്ടൻസി രാജാണ്. മന്ത്രിമാർ നിരുപദ്രവകാരികൾ. കൊവിഡ് കാലത്ത് 108 ദിവസവും പത്രസമ്മേളനത്തിൽ ഒരക്ഷരം മിണ്ടിയിട്ടില്ല. കേരളത്തിലെ പൊതുഗതാഗതത്തെ കച്ചവടം ചെയ്യുന്നു. 2400 കോടി രൂപ കേരളത്തിൽ നിന്നും പുറത്തേക്ക് ഒഴുകുന്നതായിരുന്നു ഇ-ബസ് പദ്ധതി.
മാധ്യമപ്രവർത്തകരെ കുറ്റപ്പെടുത്തുന്നതിൽ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുണ്ട്. അദ്ദേഹത്തിന് സർക്കാരാണ് ശമ്പളം നൽകുന്നത്. അദ്ദേഹം ഒരു മാധ്യമപ്രവർത്തകയെ കുറിച്ച് പറഞ്ഞത് എനിക്ക് നാവ് കൊണ്ട് പറയാനാവില്ല. ഒരിക്കൽ പോലും മുഖ്യമന്ത്രി പ്രസ് സെക്രട്ടറി അടക്കമുള്ള ആരെയും തിരുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ വന്നിട്ടും നിയമനം കൊടുക്കുന്നില്ല. കാലങ്ങൾ കാത്തിരിക്കേണ്ട സ്ഥിതി. ഒന്നാം റാങ്കിലുള്ള ആളെപ്പോലും നിയമിക്കുന്നില്ല. കെടി ജലീൽ മാർക്ക് ദാനം നടത്തി. മുൻപൊന്നും വിദ്യാഭ്യാസ മന്ത്രിമാർ ചെയ്യാത്തതാണിത്. മാന്യമായി ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകരെയടക്കം നിരത്തിവെട്ടുന്നു. കലിതുള്ളി നിൽക്കുകയാണ് സംസ്ഥാന സർക്കാർ. എതിരായി നിൽക്കുന്നവരുടെ തലവെട്ടുന്ന രീതിയാണ് നടന്നുകൊണ്ടിരിക്കുന്നത്.
ധനകാര്യ മന്ത്രി നാല് വർഷത്തിൽ ബജറ്റിൽ പറഞ്ഞ 34 കാര്യങ്ങളിൽ ഒരെണ്ണം പോലും തൊടാൻ പോലും സാധിച്ചിട്ടില്ല. വിമർശനങ്ങളിൽ നിന്ന് സർക്കാർ ഒളിച്ചോടുന്നു. മുഖ്യമന്ത്രി കാര്യമില്ലാതെ ദേഷ്യപ്പെടുന്നു. വിമർശനം ജനാധിപത്യത്തിന്റെ ഭാഗം.
രംഗനാഥ് സിപിഐയുടെ ബുദ്ധിജീവിയാണ്. അദ്ദേഹത്തിന്റെ ജനയുഗം പത്രത്തിലെ ലേഖനത്തിൽ ഐഎസ്ആർഒ രഹസ്യം ചോർത്തിയെന്നാണ് ആരോപിക്കുന്നത്. അവശേഷിക്കുന്ന നാലഞ്ച് മാസം കൂടി സംസ്ഥാന സർക്കാർ ഈ നിലയ്ക്ക് പ്രവർത്തിക്കാതിരിക്കാനാണ് ശ്രമം. അവിശ്വാസ പ്രമേയത്തിലൂടെ സർക്കാർ താഴെ വീഴില്ല. അത് നന്നായിട്ട് അറിയാം. ജനത്തിന്റെ പൊതുവികാരം കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകരുതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതമായി നിൽക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സിസിടിവി ദൃശ്യങ്ങൾ എൻഐഎക്ക് നൽകാത്തത് എന്തുകൊണ്ടാണ്. അത് കൊടുത്താൽ കൂടുതൽ കുഴപ്പത്തിലാകും. കേരളത്തിൽ വല്ലാത്ത അന്തരീക്ഷമാണ്. ജനങ്ങൾ ഇരുകൈയ്യും ഉയർത്തി ഈ സ്ഥിതിയെ എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.