അയോധ്യയുടെ സാംസ്‌കാരിക പൈതൃകത്തിന് മെഴുക് മ്യൂസിയം ഒരു പുതിയ മാനം നൽകുമെന്ന് ഡിവിഷണൽ കമ്മിഷണർ രാജേഷ് കുമാർ അഭിപ്രായപ്പെട്ടു.
ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തോട് ചേര്‍ന്ന് 7.5 കോടി രൂപയില്‍ നിര്‍മ്മിക്കുന്ന മെഴുക് പ്രതിമ മ്യൂസിയം ഉദ്‌ഘാടനത്തിനൊരുങ്ങുന്നു. കയ്യൊപ്പ് നല്‍കാന്‍ കേരളത്തില്‍ നിന്നുള്ള വിദഗ്‌ധരും പങ്കാളികളാകുമെന്ന് മ്യൂസിയം സംഘടന വ്യക്തമാക്കി. ഈ വര്‍ഷത്തെ ദീപോത്സവത്തില്‍ മെഴുക് പ്രതിമ മ്യൂസിയം ഉദ്ഘാടനം ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.
ക്ഷേത്രത്തോട് ചേര്‍ന്ന് 10,000 ചതുരശ്ര അടി വിസ്‌തീര്‍ണത്തിലാണ് മെഴുക് മ്യൂസിയം നിര്‍മ്മിക്കുന്നത്. മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഒരു സംഘടനയാണ് കേരളത്തിൽ നിന്നുള്ള വിദഗ്‌ധരുമായി സഹകരിച്ച് പ്രതിമകൾ നിർമിക്കുന്നത്. ഭക്തർക്കും വിനോദ സഞ്ചാരികൾക്കും ഒരുപോലെ സവിശേഷമായ ഒരു സാംസ്‌കാരികതയും ചരിത്രപരവുമായ അനുഭവവും ഇവിടെ നിന്നുണ്ടാകുമെന്ന് ഉത്തർപ്രദേശ് സർക്കാർ പ്രസ്‌താവനയിലൂടെ വ്യക്തമാക്കി. ഇതുവരെ ഏകദേശം 7.5 കോടി രൂപ ഈ പദ്ധതിക്കായി നിക്ഷേപിച്ചിട്ടുണ്ടെന്ന് പ്രസ്‌താവനയില്‍ പറയുന്നു.
മ്യൂസിയം എന്തായിരിക്കും പ്രദർശിപ്പിക്കുക?
രാമൻ, സീതാദേവി, ലക്ഷ്‌മണൻ, ഹനുമാൻ, സുഗ്രീവൻ, ജടായു എന്നിവരുൾപ്പെടെ രാമായണത്തിലെ അമ്പതോളം പ്രധാന കഥാപാത്രങ്ങളുടെ മെഴുക് പ്രതിമകൾ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. ഓരോ പ്രതിമയും ജീവൻ തുടിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. വിശദമായ ഭാവങ്ങൾ, വസ്ത്രങ്ങൾ, ചരിത്രപരമായ ആധികാരികത എന്നീ സവിശേഷതകള്‍ സംയോജിച്ചതാണ് മ്യൂസിയത്തിലെ ഓരോ പ്രതിമയും.
രാമ-രാവണ യുദ്ധം, സീതയുടെ തട്ടിക്കൊണ്ടുപോകൽ, ഹനുമാൻ്റെ ലങ്കയിലേക്കുള്ള യാത്ര, രാമസേതു നിർമാണം തുടങ്ങിയ പ്രധാന സംഭവങ്ങളും മെഴുക് കലയുടെയും ആധുനിക സാങ്കേതികവിദ്യയുടെയും സംയോജനത്തിലൂടെ പുനർനിർമ്മിക്കും. ഓഡിയോ-വിഷ്വൽ ഇഫക്റ്റുകള്‍ പ്രദർശനത്തിൻ്റെ അനുഭവം മെച്ചപ്പെടുത്തുമെന്ന് പ്രസ്‌താ വനയിൽ പറയുന്നു.
ആഗോള ടൂറിസം ഭൂപടത്തിൽ അയോധ്യയെ സ്ഥാപിക്കുന്നതിനായി യോഗി ആദിത്യനാഥ് സർക്കാർ നിരവധി അഭിലാഷ പദ്ധതികൾ ഏറ്റെടുത്തിട്ടുണ്ടെന്ന് പ്രസ്‌താവനയിൽ പറയുന്നു. മെഴുക് മ്യൂസിയം നിർമാണം വേഗത്തിൽ പുരോഗമിക്കുകയാണെന്ന് മുനിസിപ്പൽ കമ്മിഷണർ ജയേന്ദ്ര കുമാർ പറഞ്ഞു. കൂടാതെ സമയബന്ധിതമായി പൂർത്തീകരിക്കുന്നുവെന്ന് ഉറപ്പാക്കാൻ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. അമാനിഗഞ്ചിലെ ഭൂൽ ഭുലയ്യ പദ്ധതിക്ക് സമാനമായി പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
അയോധ്യയുടെ സാംസ്‌കാരിക പൈതൃകത്തിന് മെഴുക് മ്യൂസിയം ഒരു പുതിയ മാനം നൽകുമെന്ന് ഡിവിഷണൽ കമ്മിഷണർ രാജേഷ് കുമാർ അഭിപ്രായപ്പെട്ടു. അയോധ്യയെ ലോകോത്തര മത-സാംസ്‌കാരിക കേന്ദ്രമാക്കി മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഇതുമായി ബന്ധപ്പെട്ട് അയോധ്യയുടെ റോഡ് വീതി കൂട്ടൽ, സരയു ഘട്ടുകളുടെ സൗന്ദര്യവത്‌ക്കരണം, മറ്റ് അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ വർഷവും ദീപോത്സവ വേളയിൽ അയോധ്യയിൽ ദശലക്ഷക്കണക്കിന് വിളക്കുകൾ കത്തിക്കുന്നു. ഇത് നഗരത്തിന് ആഗോള അംഗീകാരവും ലഭിക്കുന്നതിന് കാരണമാകുന്നു.





