തെരുവുനായ പ്രശ്‌നം; സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മേനകാ ഗാന്ധി

0
42

തെരുവുനായ്ക്കളെ പിടികൂടി വന്ധ്യം കരിച്ച് പിടികൂടിയ സ്ഥലത്ത് തന്നെ തുറന്ന് വിടാം എന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മൃഗാവകാശ പ്രവര്‍ത്തകയും ബി ജെ പി നേതാവുമായ മനേക ഗാന്ധി. തെരുവ് നായകള്‍ക്ക് പൊതുയിടങ്ങളില്‍ ഭക്ഷണം നല്‍കുന്നത് അനുവദനീയമല്ലെന്നും സുപ്രീം കോടതി വെള്ളിയാഴ്‌ച വ്യക്തമാക്കിയിരുന്നു. തെരുവ് നായകള്‍ക്ക് ഭക്ഷണം കൊടുക്കാനുള്ള പ്രത്യേക ഇടം സൃഷ്‌ടിക്കാണമെന്ന വിധിയേയും അവര്‍ സ്വാഗതം ചെയ്‌തു.

25 വര്‍ഷത്തിനിടെ ആദ്യമായി ഈ പരിപാടിക്കായി സര്‍ക്കാര്‍ 2,500 കോടി രൂപ അനുവദിച്ചുവെന്നും പാര്‍ലമെന്‍റില്‍ പറഞ്ഞതായി അവര്‍ വ്യ ക്തമാക്കി. സുപ്രീം കോടതിയുടെ വിധിയില്‍ താന്‍ വളരെ സന്തുഷ്‌ടയാണെന്നും നായ കടിക്കുന്നതിനുള്ള പ്രധാന കാരണം സ്ഥലമാറ്റവും ഭയവുമാണെന്ന് മേനക ഗാന്ധി പറഞ്ഞു. റാബിസ് ബാധിച്ച നായകളെ തുറന്നുവിടുന്നതിനെ കുറിച്ച് ചോദിക്കാനൊന്നുമില്ല. എന്നാല്‍ ആക്രമണകാരിയായ നായ എന്താണെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. നായകള്‍ക്ക് പൊതുയിടങ്ങളില്‍ ഭക്ഷണം കൊടുക്കരുതെന്നത് ശരിയാണ്. അത്തരം മേഖലകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതുണ്ടെന്നും ഇത് രാജ്യത്തുടനീളം ഇത് ബാധകമാണെന്നാണ് കോടതി വ്യക്തമാക്കിയതെന്നും മേനക ഗാന്ധി പറഞ്ഞു.

കോടതിയുടെ ഉത്തരവ് പ്രകാരം മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ശരിയായ മൃഗന ജനന നിയന്ത്രണ കേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ടി വരുമെന്നും മേനക ഗാന്ധി പറഞ്ഞു.

വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിന് ശേഷവും മൃഗങ്ങളെ അതേ സ്ഥലത്ത് തിരികെ വിടാമെന്നും പേവിഷബാധയുള്ളതും അക്രമകാരികളായ നായകളെ ഷെല്‍ട്ടറുകളില്‍ തന്നെ താമസിപ്പിക്കണമെന്നും മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചു. നായകള്‍ക്ക് പൊതുയിടങ്ങളില്‍ ഭക്ഷണം നല്‍കുന്നത് അനുവദിക്കില്ലെന്നും പ്രത്യേക ഭക്ഷണ ഇടങ്ങള്‍ സൃഷ്‌ടിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

മുന്‍സിപ്പല്‍ വാര്‍ഡുകളില്‍ ഭക്ഷണം നല്‍കാനുള്ള മേഖലകള്‍ സൃഷ്‌ടിക്കാന്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫ് ഡല്‍ഹിയോട് കോടതി ആവശ്യപ്പെട്ടു. നായകളെ ദത്തെടുക്കണമെങ്കില്‍ എം സി ഡിക്ക് മുമ്പാകെ മൃഗസ്നേഹികള്‍ക്ക് അപേക്ഷ നല്‍കാമെന്നും കോടതി ചൂണ്ടിക്കാട്ടി. തെരുവ് നായയുടെ പ്രശ്‌നം ചൂണ്ടിക്കാട്ടി മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറിമാര്‍ക്കും എല്ലാ സംസ്ഥാനങ്ങള്‍ക്കും, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നോട്ടീസ് നല്‍കി. തെരുവ് നായ പ്രശ്നം പരിഹരിക്കുന്നതിനായി ദേശീയ നയം രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

തെരുവു നായയുടെ വിഷയത്തില്‍ ഹര്‍ജികള്‍ നിലനില്‍ക്കുന്ന എല്ലാ ഹൈക്കോടതികളില്‍ നിന്നും വിവരങ്ങള്‍ തേടാന്‍ രജിസ്ട്രാറോട് നിര്‍ദേശിച്ചു. ഇത്തരം എല്ലാ കേസുകളും സുപ്രീം കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടു.

ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എന്‍ വി അഞ്ജാരിയ എന്നിവരുടെ ബെഞ്ചാണ് വിധിച്ചത്. കുത്തിവയ്പ്പിനായി നായകളെ പിടികൂടുമ്പോള്‍ പൊതുജനങ്ങളോ സംഘടനകളോ തടയാന്‍ ശ്രമിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

ഡല്‍ഹിയിലെ തെരുവ് നായകളെയെല്ലാം എട്ടാഴ്‌ചക്കുള്ളില്‍ പിടികൂടി ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്നായിരുന്നു ജസ്റ്റിസുമാരായ ജെ.ബി പര്‍ദിബാല ആര്‍ മഹാദേവന്‍ എന്നിവരുടെ രണ്ടംഗ ബെഞ്ച് ഓഗസ്റ്റ് 11 ന് വിധിച്ചത്. ഇതില്‍ ഭേദഗതി വരുത്തിയാണ് പുതിയ സുപ്രീം കോടതി വിധി.

LEAVE A REPLY

Please enter your comment!
Please enter your name here