പത്തനംതിട്ട: ശബരിമല തീർഥാടനത്തിന് വിപുലമായ ആരോഗ്യ സേവനങ്ങൾ ഒരുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിൻ്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ആക്ഷൻ പ്ലാൻ അനുസരിച്ച് ശബരിമലയുമായി ബന്ധപ്പെട്ട ആശുപത്രികളിലെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകി. ദേവസ്വം ബോർഡിൻ്റെ സഹായത്തോടെ എമർജൻസി മെഡിക്കൽ സെൻ്ററുകളും മരുന്നുകളും മണ്ഡലകാലത്തിന് മുമ്പ് സജ്ജമാക്കണം. എല്ലാ ആശുപത്രികളിലും ആൻ്റി സ്നേക്ക് വെനം ഉറപ്പാക്കുകയും ജീവനക്കാരെ വേഗത്തിൽ നിയമിക്കുകയും ചെയ്യും.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ആശുപത്രികളിൽ കൂടുതൽ കിടക്കകൾ സജ്ജമാക്കാൻ മന്ത്രി നിർദേശം നൽകി. കോന്നി മെഡിക്കൽ കോളജ് ബേസ് ആശുപത്രിയായി പ്രവർത്തിക്കും. പമ്പ ആശുപത്രിയിൽ വിപുലമായ കൺട്രോൾ റൂം സ്ഥാപിക്കും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അടിയന്തര കാർഡിയോളജി, കാത്ത് ലാബ് ചികിത്സ ലഭ്യമാക്കും.
ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധനകൾ നടത്തും. ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. കൂടാതെ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് ഉടനടി ചികിത്സ ലഭ്യമാക്കാൻ കനിവ് 108 ആംബുലൻസ് സേവനം ലഭ്യമാക്കും. സന്നിധാനത്തുനിന്ന് പമ്പയിലേക്ക് പ്രത്യേക ആംബുലൻസ് സേവനമുണ്ടാകും.
മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പ് മതിയായ ചികിത്സാ സംവിധാനങ്ങളും ജീവനക്കാരെയും നിയോഗിക്കാൻ മന്ത്രി നിർദേശം നൽകി. പുതിയ നിലയ്ക്കൽ ആശുപത്രിയുടെ നിർമാണം ഉടൻ ആരംഭിക്കും. മെഡിക്കൽ കോളജുകളിൽനിന്ന് വിദഗ്ധ കാർഡിയോളജി ഡോക്ടർമാരെയും ഫിസിഷ്യൻമാരെയും സമയബന്ധിതമായി നിയമിക്കും. എല്ലാ ആശുപത്രികളിലും ഡിഫിബ്രിലേറ്റർ, വെൻ്റിലേറ്റർ, കാർഡിയാക് മോണിറ്റർ എന്നിവ ലഭ്യമാക്കും. നിലയ്ക്കലും പമ്പയിലും പൂർണ സജ്ജമായ ലാബ് സൗകര്യവും ഓപറേഷൻ തിയറ്ററുകളും പ്രവർത്തിക്കും. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ താത്‌കാലിക ഡിസ്പെൻസറിയും മതിയായ ആംബുലൻസ് സൗകര്യങ്ങളും ക്രമീകരിക്കും.
കോട്ടയം മെഡിക്കൽ കോളജിൽ തീർഥാടകർക്കായി മികച്ച സൗകര്യമൊരുക്കും. അടൂർ ജനറൽ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, തിരുവല്ല ജില്ലാ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി പെരിനാട് സാമൂഹികാരോഗ്യ കേന്ദ്രം, എരുമേലി, കോഴഞ്ചേരി, മുണ്ടക്കയം, വണ്ടിപ്പെരിയാർ, കുമളി, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ 15-ഓളം ആശുപത്രികളിൽ പ്രത്യേക ചികിത്സാ സൗകര്യങ്ങളുണ്ടാകും. ആയുഷ് മേഖലയുടെ സേവനവും ഉറപ്പാക്കും. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ വെക്ടർ കൺട്രോൾ ടീമിനെ ചുമതലപ്പെടുത്തി.
അടൂർ, വടശേരിക്കര, പത്തനംതിട്ട എന്നിവിടങ്ങളിൽ ഒരു മെഡിക്കൽ സ്റ്റോറെങ്കിലും 24 മണിക്കൂറും പ്രവർത്തിക്കാൻ ഡ്രഗ്സ് കൺട്രോളർക്ക് നിർദേശം നൽകി. ആരോഗ്യകരമായ തീർഥാടനത്തിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് വിവിധ ഭാഷകളിലുള്ള ലഘുലേഖകൾ, ബാനറുകൾ, പോസ്റ്ററുകൾ എന്നിവയും സമൂഹമാധ്യമങ്ങളിലൂടെ ബോധവത്കരണവും നടത്തും. ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.






