സ്വാതന്ത്ര്യദിനത്തിന് പിന്നാലെ കുതിച്ചുയർന്ന് ഓഹരി വിപണി. ബെഞ്ച്മാർക്ക് സൂചികയായ നിഫ്റ്റി 4% ഉയർന്നുവെന്നാണ് പുതിയ റിപ്പോർട്ടുൾ. ഓപ്പണിങ് ട്രേഡിൽ ഓട്ടോ, ബാങ്ക്, മെറ്റൽ ഓഹരികളാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
ഇതോടെ സെൻസെക്‌സ് 1,056 പോയിൻ്റ് ഉയർന്ന് 81,654 പോയിൻ്റിൽ എത്തി. നിഫ്റ്റി 354 പോയിൻ്റ് ഉയർന്ന് 1.44 ശതമാനമായി. ഏകദേശം 2342 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 967 ഓഹരികൾ നഷ്‌ടത്തിലായി എന്നാണ് കണക്കുകൾ. 163 ഓഹരികൾ മാറ്റമില്ലാതെ തുടരുകയും ചെയ്‌തു.
- ബിഎസ്ഇ സെൻസെക്‌സ് 1,056 പോയിൻ്റിൽ നിന്നും (അല്ലെങ്കിൽ 1.31%) ഉയർന്ന് 81,654 പോയിൻ്റിലെത്തി.
- നിഫ്റ്റി ഫിഫ്‌റ്റി 354 പോയിൻ്റിൽ നിന്നും (അല്ലെങ്കിൽ 1.44%) ഉയർന്ന് 24,985 പോയിൻ്റിലെത്തി.
സെൻസെക്‌സിൽ മാരുതി, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അൾട്രാടെക് സിമൻ്റ്, ട്രെൻ്റ്, ബജാജ് ഫിൻസെർവ് തുടങ്ങിയ കമ്പനികൾകളാണ് നേട്ടം കൈവരിച്ചത്. ലാർസൻ & ട്യൂബ്രോ, ഐടിസി, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഇൻഫോസിസ് തുടങ്ങിയവയ്‌ക്ക് നേരിയ നഷ്‌ടമുണ്ടാക്കി.
കഴിഞ്ഞ ആഴ്‌ചയിലെ വിപണി വീണ്ടെടുക്കൽ ശ്രമങ്ങൾ നിഫ്റ്റി ഫിഫ്‌റ്റിയിലെ 24,670-24,720 ശ്രേണിയിൽ ഒരു തടസം സൃഷ്‌ടിച്ചുവെന്ന് ജിയോജിത് ഇൻവെസ്റ്റ്‌മെൻ്റിലെ ചീഫ് മാർക്കറ്റ് സ്ട്രാറ്റജിസ്‌റ്റ് ആനന്ദ് ജെയിംസ് പറഞ്ഞു. എന്നിരുന്നാലും, മിഡ്-ക്യാപ്, സ്മോൾ-ക്യാപ് ഓഹരികളിൽ നിന്ന് ഒരു പോസിറ്റീവ് സൂചനയാണ് ഉയർന്നുവന്നത്.
43% മിഡ്-ക്യാപ് ഓഹരികളും 39% സ്മോൾ-ക്യാപ് ഓഹരികളും അവയുടെ 10-ദിവസ സിമ്പിൾ മൂവിങ് ആവറേജുകൾക്ക് (SMA) മുകളിൽ ക്ലോസ് ചെയ്‌തു. ജൂലൈ അവസാനത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന ശതമാനമാണിതെന്ന് ആനന്ദ് ജെയിംസ് പറഞ്ഞു. നിഫ്റ്റി 24,750 ന് മുകളിൽ ഉയരുകയാണെങ്കിൽ, അത് 24,900 ലും 25,000 ലും കൂടുതൽ നേട്ടങ്ങൾക്ക് വഴിയൊരുക്കും എന്നാണ് പ്രതീക്ഷ.
നിക്ഷേപകർക്ക് ഇത് നല്ല എൻട്രി പോയിൻ്റുകളായിരിക്കുമെന്ന് ചോയ്‌സ് ബ്രോക്കിങ്ങിലെ അമൃത ഷിൻഡെ പറഞ്ഞു. ചുരുക്കി പറഞ്ഞാൽ നിഫ്റ്റി 24,750 ന് മുകളിലെത്തിയാല്‍, വിപണി കൂടുതൽ ഉയരാൻ സാധ്യതയുണ്ട്. മറുവശത്ത്, അത് താഴ്ന്നാൽ, 24,600–24,500 ശ്രേണി ഒരു സാധ്യതയുള്ള ബൗൺസിന് പിന്തുണ നൽകും.
യുഎസ് വിപണി
- ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ശരാശരി 0.08% നേരിയ വർധനവ് രേഖപ്പെടുത്തി.
- ടെക് ഓഹരികളിലെ ബലഹീനത പ്രതിഫലിപ്പിക്കുന്ന നാസ്‌ഡാക്ക് 0.4% ഇടിഞ്ഞു.
- എസ് & പി 500 0.29% ഇടിഞ്ഞു.
ഏഷ്യൻ വിപണികളിൽ ഉയർച്ച
ചൈനയുടെ ഷാങ്ഹായ് സൂചിക 1.19% ഉയർന്നു. ജപ്പാൻ്റെ നിക്കി 0.87% നേട്ടമുണ്ടാക്കിയെന്നാണ് റിപ്പോർട്ട്. ഹോങ്കോങ്ങിൻ്റെ ഹാംഗ് സെങ് സൂചിക 0.36% ഉയർന്നു. എന്നാൽ ദക്ഷിണ കൊറിയയുടെ കോസ്‌പി 1.29% ഇടിവ് രേഖപ്പെടുത്തി. എന്നിരുന്നാലും ഏഷ്യൻ വിപണിയാണ് ഇത്തവണത്തെ ഓഹരി പിടിച്ചെടുത്തത്.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) 1,926 കോടി രൂപയുടെ ഓഹരികൾ വിറ്റഴിക്കുകയും ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) 3,895 കോടി രൂപയുടെ ഓഹരികൾ വാങ്ങുകയും ചെയ്‌തു. ഓഗസ്‌റ്റ് 25 നും ഓഗസ്‌റ്റ് 29 നും ഇടയിൽ യുഎസ് വ്യാപാര പ്രതിനിധികൾ ന്യൂഡൽഹിയിലേക്ക് നടത്താൻ നിശ്ചയിച്ചിരുന്ന സന്ദർശനം പുനക്രമീകരിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ.





