കൃഷ്‌ണ ജന്മാഷ്‌ടമിയില്‍ പുല്ലാങ്കുഴലിനുള്ള പ്രാധാന്യം

0
54

ഇന്ത്യയുടെ സൗന്ദര്യം അതിന്‍റെ വൈവിധ്യത്തിലും സാമൂഹ്യ പരസ്‌പരാശ്രിതത്വത്തിലുമാണ്. ഒരു മനുഷ്യന്‍റെ ജാതിയോ മതമോ നോക്കാതെ ജീവിതം ആഘോഷിക്കാനുള്ള എല്ലാ സാഹചര്യവും അവസരവും നമുക്കുണ്ട്.

ഒരു പുല്ലാങ്കുഴല്‍ നാദം കേള്‍ക്കുമ്പോള്‍ അറിയാതെ നമ്മുടെ മനസിലേക്ക് ഭഗവാന്‍ കൃഷ്‌ണന്‍ ഓടിക്കളിച്ച് കയറി വരും. രാജ്യമെമ്പാടും ആരാധിക്കുന്ന ഹൈന്ദവ സങ്കല്‍പ്പമാണ് കൃഷ്‌ണന്‍. അമേരിക്കയിലെ ശബ്‌ദ സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ മുതല്‍ ഇന്ത്യന്‍ ശാസ്‌ത്രീയ സംഗീതം അഭ്യസിക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വരെ ഏറെ പ്രിയമുള്ളതാണ് പുല്ലാങ്കുഴല്‍.

കൃഷ്‌ണാഷ്‌ടമിയില്‍ പുല്ലാങ്കുഴലിന് പ്രിയമേറുന്നു. ബിഹാറിലെ ഒരു ഗ്രാമത്തില്‍ വ്യത്യസ്‌ത സമുദായങ്ങള്‍ക്കിടയില്‍ കൃഷ്‌ണ ജന്മാഷ്‌ടമിയില്‍ പുല്ലാങ്കുഴലിന് പ്രാധാന്യം ഏറെയാണ്. എണ്‍പതോളം മുസ്ലീം കുടുംബങ്ങളുടെ അന്നദാതാവാണ് ഈ മുളങ്കുഴല്‍. ഇതില്‍ കിട്ടുന്ന വരുമാനമാണ് ഇവരുടെ ജീവിതം മുന്നോട്ട് നീക്കാന്‍ സഹായിക്കുന്നത്.

ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ കുധനി ബ്ലോക്കിലുള്ള ബഡ സുമേര മുര്‍ഗിയ ചാക്ക് ഗ്രാമമാണ് പുല്ലാങ്കുഴലിലൂടെ നിത്യവൃത്തിക്ക് വക തേടുന്നത്. ഇവിടെയുള്ള എണ്‍പത് മുസ്ലീം കുടുംബങ്ങള്‍ നാല് തലമുറകളായി ഓടക്കുഴല്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്.

ഈഗ്രാമത്തിലെ പുല്ലാങ്കുഴല്‍ ഏറെ പ്രശസ്‌തവുമാണ്. മുസാഫര്‍പൂര്‍ ജില്ലയില്‍ മാത്രമല്ല ഇത് വിറ്റഴിക്കുന്നത്. മറിച്ച് ബിഹാറിലെമ്പാടും ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും അയല്‍രാജ്യങ്ങളായ നേപ്പാളിലും ഭൂട്ടാനിലും വരെ ഈ മുളങ്കുഴലിന്‍റെ കീര്‍ത്തി കടന്ന് ചെന്നിരിക്കുന്നു.

ഗ്രാമത്തിലെ ഭൂരിഭാഗം കുടുംബങ്ങളുടെയും ജീവിതോപാധി ഓടക്കുഴല്‍ നിര്‍മ്മാണമാണെന്ന് ഗ്രാമവാസിയായ നൂര്‍ മുഹമ്മദ് എന്ന ഒരു ഓടക്കുഴല്‍ നിര്‍മ്മാതാവ് പറയുന്നു. തലമുറകളായി കൈമാറിക്കിട്ടിയ ഒരു നൈപുണ്യം കൂടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

തുടക്കം മുതല്‍ തന്നെ തങ്ങള്‍ ഈ തൊഴിലാണ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാലിപ്പോള്‍ പുല്ലാങ്കൂഴലിന് ആവശ്യക്കാര്‍ കുറഞ്ഞിട്ടുണ്ട്. ഇതിന് നിരവധി കാരണങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അധികൃതര്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ ആവശ്യം. പത്ത് വയസാകും മുമ്പ് തന്നെ താന്‍ പുല്ലാങ്കുഴല്‍ നിര്‍മ്മിച്ച് തുടങ്ങിയെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.

ദ്വാപരയുഗത്തില്‍ ഭഗവാന്‍ കൃഷ്‌ണന്‍ വായിച്ചിരുന്ന പുല്ലാങ്കുഴല്‍ ഈറ കൊണ്ടാണ് നിര്‍മ്മിച്ചിരുന്നതെന്നാണ് വിശ്വാസം. അത് കൊണ്ട് തന്നെ ഈറയില്‍ തീര്‍ക്കുന്ന പുല്ലാങ്കുഴലുകളാണ് മിക്കയിടത്തുമുള്ളത്.

മുട്ടുകളില്ലാത്ത ഈറകളാണ് പുല്ലാങ്കുഴല്‍ നിര്‍മ്മാണത്തിന് അനുയോജ്യമെന്നാണ് ഈ കലാകാരന്‍മാര്‍ പറയുന്നത്.

മുമ്പ് ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലും വന്‍ തോതില്‍ ഈറ കൃഷി ചെയ്‌തിരുന്നു. എന്നാലിന്ന് ഇതിന് ക്ഷാമം നേരിടുന്നു. ഇപ്പോള്‍ ചൈനയില്‍ നിന്ന് എത്തുന്ന മുളകളാണ് ഇതിന് ഉപയോഗിക്കുന്നതിന്. ഇതിന് ആവശ്യക്കാരേറെയുണ്ട്. എങ്കിലും പരമ്പരാഗത രീതിയില്‍ ഈറയില്‍ പുല്ലാങ്കുഴലുണ്ടാക്കുന്നവരും ഇവിടെയുണ്ട്.

ഈറ പുല്ല് വര്‍ഗത്തില്‍ പെട്ടതാണ്. ഇതിന്‍റെ തണ്ടിന്‍റെ അകം പൊള്ളയാണ്. ഇത് കണ്ടാല്‍ കരിമ്പ് പോലെയുണ്ടാകും. എന്നാല്‍ കരിമ്പിനെക്കാള്‍ കനം കുറഞ്ഞതാണ്. പണ്ട് പരമ്പരാഗത രീതിയില്‍ മഷിയില്‍ മുക്കി പേപ്പറിലും ബോര്‍ഡിലും എഴുതാനും ഇതുപയോഗിച്ച് നിര്‍മ്മിച്ചിരുന്ന പേനകളാണ് ഉപയോഗിച്ചിരുന്നത്.

ബഡ സുമേര മുര്‍ഗിയ ചാക്ക് ഗ്രാമവാസികള്‍ കൃഷ്‌ണ ജന്മാഷ്‌ടമിക്കായി അക്ഷമയോടെയാണ് കാത്തിരിക്കുന്നത്. ഇക്കുറി ഇവരുടെ ഈറകൊണ്ടുള്ള പുല്ലാങ്കുഴലിന് ആവശ്യക്കാര്‍ ഏറിയിരുന്നു. ദീര്‍ഘകാലമായി ഇവര്‍ നിര്‍മ്മിച്ച് സൂക്ഷിച്ചിരുന്ന ഓടക്കുഴലുകള്‍ വിപണികളിലും മേളകളിലും വില്‍പ്പനയ്ക്കായി എത്തിച്ചു.

ഹിന്ദി ഹൃദയഭൂമിയിലും രാജ്യത്തെ മറ്റിടങ്ങളിലും ഒരു പോലെ കൊണ്ടാടുന്ന ആഘോഷമാണ് കൃഷ്‌ണാഷ്‌ടമി. തലമുറകളായി തങ്ങള്‍ ഈ വ്യാപാര രംഗത്തുണ്ടെന്ന് പുല്ലാങ്കുഴല്‍ കച്ചവടക്കാരനായ മുഹമ്മദ് ഷൊരബ് പറയുന്നു. തന്‍റെ മുത്തച്‌ഛനും അച്‌ഛനും ഇപ്പോള്‍ താനും ഇതേ കച്ചവടം തന്നെയാണ് ചെയ്യുന്നതെന്ന് മുഹമ്മദ് വസീം എന്ന മറ്റൊരു ഗ്രാമവാസി പറയുന്നു. തങ്ങളുടെ ഗ്രാമം ഈ പുല്ലാങ്കുഴലുകളുടെ പേരിലാണ് അറിയപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

താന്‍ പുല്ലാങ്കുഴല്‍ നിര്‍മ്മിക്കാനും വില്‍ക്കാനും കൂടുന്നുണ്ടെന്ന് വിദ്യാര്‍ത്ഥി കൂടിയായ മുഹമ്മദ് ഷൊരബ് വെളിപ്പെടുത്തുന്നു. അങ്ങനെ തന്‍റെ വീട്ടുകാരെ സഹായിക്കുന്നുവെന്നും ഷൊരബ് പറയുന്നു.

ഒരുപുല്ലാങ്കുഴല്‍ നിര്‍മ്മിക്കാന്‍ നാലഞ്ച് രൂപയാകും. ദിവസം നൂറ് നൂറ്റിപ്പത്തെണ്ണമൊക്കെ തന്‍റെ കുടുംബം നിര്‍മ്മിക്കാറുണ്ടെന്നും മുഹമ്മദ് റിസ്വാന്‍ എന്ന മറ്റൊരു കച്ചവടക്കാരന്‍ പറയുന്നു. ഇത് പത്ത് മുതല്‍ അന്‍പത് വരെ രൂപയ്ക്കാണ് വില്‍ക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

ജന്മാഷ്‌ടമിക്കാലത്താണ് വില്‍പ്പന ഏറ്റവും കൂടുതല്‍ നടക്കുന്നത്. ഈ ഗ്രാമത്തിലുള്ളവര്‍ ജന്മാഷ്‌ടമി ദിവസം ഭഗവാന്‍ കൃഷ്‌ണന് ഒരു ഓടക്കുഴല്‍ സമര്‍പ്പിക്കുന്നൊരു ചടങ്ങുമുണ്ട്. ഇതിലൂടെ ഭഗവാന്‍ കൃഷ്‌ണന്‍ ഇവരുടെ ദുഃഖങ്ങളെല്ലാം നീക്കുന്നുവെന്നാണ് ഇവരുടെ വിശ്വാസം. ഇന്നും ഈ പുല്ലാങ്കുഴല്‍ കേവലം ഒരു സംഗീത ഉപകരണത്തിനുമപ്പുറം ഓരോ വിശ്വാസികള്‍ക്കും പ്രണയത്തിന്‍റെയും ഭക്തിയുടെയും ആത്മീയതയുടെയും പ്രതീകം കൂടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here