തടി കുറയ്ക്കാന്‍ അത്താഴശഷം ഈ കാര്യങ്ങള്‍ ചെയ്യൂ, ഇത്തരം ചില കാര്യങ്ങള്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. ഇവ ചെയ്യാന്‍ ബുദ്ധിമുട്ടൊന്നും ഇല്ലെന്നതാണ് ഗുണം. തടി കുറയ്ക്കാന്‍ മാത്രമല്ല, ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും ഇതേറെ ഗുണകരമാണ്.
തടി കൂടുന്നത് ഇന്നത്തെ കാലത്ത് യുവതലമുറയെ, എന്തിന് കുട്ടികളെ പോലും ബാധിയ്ക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ്. ഇതിന് കാരണങ്ങള്‍ തേടി പോയാല്‍ പലതുമുണ്ടാകും, ഇന്നത്തെ ജീവിത, ഭക്ഷണ രീതികളും സ്‌ട്രെസുമെല്ലാം കാരണങ്ങളാണ്. തടി കുറയ്ക്കാന്‍ പലരും ഭക്ഷണം ഉപേക്ഷിച്ചും ചില സര്‍ജറികള്‍ ചെയ്തുമെല്ലാം പ്രശ്‌നത്തില്‍ പെടാറുണ്ട്. എന്നാല്‍ ഇതൊന്നുമല്ലാതെ നമ്മുടെ ജീവിതത്തില്‍ നാം വരുത്തുന്ന ചില വ്യത്യാസങ്ങളിലൂടെ തന്നെ തടി കുറയ്ക്കാന്‍ സാധിയ്ക്കും. ഇതിന് അത്താഴശേഷം, അതായത് രാത്രി ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഏറെ പ്രധാനമാണ്. അത്താഴശേഷം എന്നു പറഞ്ഞൂകൂടാ, അത്താഴം മുതല്‍ തന്നെ തുടങ്ങുന്ന ചില ശീലങ്ങളാണ് ഏറെ ഗുണം നല്‍കുന്നത്.
അത്താഴം
ആദ്യമായി വേണ്ടത് അത്താഴം കഴിയ്ക്കുന്ന സമയം എന്നതാണ്. അത്താഴസമയം നേരത്തെയാക്കുക. വൈകി അത്താഴം കഴിയ്ക്കുന്നതാണ് തടി കൂടാനും വയര്‍ ചാടാനുമെല്ലാം ഇടയാക്കുന്ന പ്രധാനപ്പെട്ടൊരു വസ്തുത. വൈകിട്ട് 7 മണിയോടെ അത്താഴമെന്നത് ശീലമാക്കുക. ഉറങ്ങുന്നതിന്, കിടക്കുന്നതിന് ചുരുങ്ങിയത് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിയ്ക്കുക. അത്താഴം പൂര്‍ണമായും ദഹിച്ച ശേഷം മാത്രം കിടക്കുക. ഇതുപോലെ വളരെ ലഘുവായ അത്താഴമെന്നതും ശീലമാക്കുക. അരവയര്‍ അത്താഴം എന്നതും പ്രധാനമാണ്. വയര്‍ നിറയെ കഴിയ്ക്കാതിരിയ്ക്കുക.അത്താഴത്തിന് വറുത്തതും പൊരിച്ചതും കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും ഒഴിവാക്കുന്നത് നല്ലതാണ്.
നടക്കുന്നത്
അത്താഴശേഷമുളള ചില ശീലങ്ങളും തടി കുറയ്ക്കാന്‍ സഹായിക്കും. അത്താഴം കഴിഞ്ഞാൽ ഉടൻ നടക്കുന്നത് ഉപാപചയ പ്രവർത്തനം വേഗത്തിലാക്കാൻ സഹായിക്കും. ഭക്ഷണം കഴിച്ച ഉടൻ വ്യായാമം ചെയ്യരുത്, പക്ഷേ സാവധാനത്തിൽ നടക്കുന്നത് ദഹനത്തെ സഹായിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും കൊഴുപ്പ് കൂടാതെ ശരീരം ഉപയോഗിക്കുകയും ചെയ്യുന്നു. ഇത് കാലറി എരിച്ചു കളയാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. അത്താഴം കഴിച്ചശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയാൻ നടത്തത്തിനു കഴിയും. ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുമ്പോൾ ഇൻസുലിൻ ഹോർമോൺ ഉത്പാദിപ്പിക്കപ്പെടും. ഇത് തടയാൻ നടക്കുന്നതിലൂടെ സാധിക്കും. ഭക്ഷണം കഴിച്ച് 30 മുതൽ 60 മിനിറ്റ് വരെ ആകുമ്പോൾ ഗ്ലൂക്കോസിന്റെ അളവ് ഏറ്റവും കൂടുതലാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നടത്തം ഒരു നല്ല വഴിയാണ്. അത്താഴശേഷം മിനിമം അരമണിക്കൂറെങ്കിലും നടക്കുന്നത് ശരീരഭാരം കുറയ്ക്കാനും കാലറി കുറയ്ക്കാനും സഹായിക്കും.
herbal tea
അത്താഴശേഷം ഗ്രീൻ ടീ, ഹെർബൽ മിക്സ് ചായകൾ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇത് ശരീരഭാരം കുറയ്ക്കാനും കാലറി കുറയ്ക്കാനും ഇവ ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കാനും ദഹനം ശരിയായി നടക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ഗ്രീൻ ടീ ശരീരത്തിലെ കാലറി എരിച്ചു കളയാൻ സാധിക്കും. കഫീൻ വളരെ കുറഞ്ഞ അളവിൽ മാത്രമേ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ളൂ. ഇതിനാല്‍ ദോഷം വരുന്നില്ലെന്നും ഉറക്കക്കുറവ് വരുന്നില്ലെന്നും മാത്രമല്ല ഉപാപചയ നിരക്ക് വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു. കറുവാപ്പട്ട ചേർത്ത ഹെർബൽ ടീ കുടിക്കുന്നതും ചൂടുവെള്ളത്തിൽ നാരങ്ങ ചേർത്തോ, ഇഞ്ചി, കറുവാപ്പട്ട ചേർത്ത ഹെർബൽ ടീ കുടിക്കുന്നതും നല്ലതാണ്. അതുപോലെ കാലറി കുറഞ്ഞ സ്മൂത്തികൾ കുടിക്കുന്നതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇത് ദഹനം മെച്ചപ്പെടുത്തുന്നു, വയര്‍ വീര്‍ക്കുന്നതും തടയുന്നു. ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നത് വഴി തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ശരിയായ ഉറക്കം
ശരിയായ ഉറക്കം ശരീരത്തിന് വളരെ അത്യാവശ്യമാണ്. ഉറക്കക്കുറവ് ശരീരഭാരം കൂടാൻ അത്യാവശ്യമാണെന്ന് മാത്രമല്ല, ശരീരം തടിയ്ക്കാനുള്ള ഒരു കാരണം കൂടിയാണ് മതിയായ ഉറക്കം ലഭിയ്ക്കാത്തത്. ആവശ്യത്തിന് ഉറക്കം ലഭിക്കുമ്പോൾ ശരീരത്തിന് വിശപ്പ് നിയന്ത്രിക്കാൻ സാധിക്കും. ഉറക്കം കുറയുമ്പോൾ അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഉണ്ടാകാൻ സാധ്യതയുണ്ട്. ഉറക്കം ശരിയായി ലഭിക്കാതെ വരുമ്പോൾ ഹോർമോണുകളുടെ പ്രവർത്തനം തകരാറിലാകും. ഉറക്കം കുറയുമ്പോൾ വിശപ്പിന്റെ ഹോർമോണായ ഗ്രെലിൻ കൂടുതൽ ഉത്തേജിപ്പിക്കപ്പെടും. ഇതൊരു പെപ്റ്റൈഡ് ഹോർമോൺ ആണ്, പ്രധാനമായും വയറിൽ ഉത്പാദിപ്പിക്കപ്പെടുന്നു. ഭക്ഷണം കഴിക്കേണ്ട സമയമാണെന്ന് മസ്തിഷ്കത്തിന് സിഗ്നൽ അയയ്ക്കുന്നത് ഇതാണ്. ഭക്ഷണത്തിന് മുമ്പ് ഗ്രെലിനിന്റെ അളവ് സാധാരണയായി വർദ്ധിക്കുകയും ഭക്ഷണം കഴിച്ച ശേഷം കുറയുകയും ചെയ്യുന്നു. ഇങ്ങനെ ഇത് ഒരു വിശപ്പ് സിഗ്നൽ ആയി പ്രവർത്തിക്കുന്നു.ഇതിന്റെ അളവ് കൂടുമ്പോള്‍ കൊഴുപ്പ് കോശങ്ങളുമായി ബന്ധപ്പെട്ട ലെപ്റ്റിൻ എന്ന ഹോർമോൺ വയറു നിറഞ്ഞെന്ന സന്ദേശം തലച്ചോറിലേക്ക് എത്തിക്കാൻ ബുദ്ധിമുട്ടും. ഇത്തരത്തിൽ അസന്തുലിതാവസ്ഥകള്‍ക്ക് ഉറക്കക്കുറവ് ഇടയാക്കും.
നല്ല ഉറക്കം ലഭിക്കുക എന്നത് ശരീരഭാരം കുറയ്ക്കാൻ അത്യാവശ്യമാണ്. ദിവസവും ചുരുങ്ങിയത് 7 മണിക്കൂറെങ്കിലും ഉറങ്ങുക. നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കാന്‍ ശ്രമിയ്ക്കുക. വൈകി ഉറങ്ങുന്നതും തടി കൂടാനുള്ള കാരണമാണ്. ആരോഗ്യത്തിനും ഇത് ഗുണം നല്‍കില്ല.







