79മത് സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം, ചെങ്കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും

0
73

ചെങ്കോട്ടയില്‍ മോദി ദേശീയപതാക ഉയര്‍ത്തിയ ശേഷം ചെങ്കോട്ടയില്‍ നിന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും പ്രതിരോധമന്ത്രാലയം പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നിച്ച് നിര്‍ത്തുന്ന സഹവര്‍ത്തിത്വത്തെ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മുടെ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ ഒരേടാണ് വിഭജന ദിനമെന്നും മോദി ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് പേരാണ് ഈ ദിനത്തില്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെ അകന്ന് പോയതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

വിഭജന ദിനത്തിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ നിരവധി ജീവനുകള്‍ നഷ്‌ടമായി. അവരുടെ ദുരിതങ്ങള്‍ മാനിക്കപ്പെടേണ്ടതുണ്ടെന്നും മോദി എക്‌സില്‍ കുറിച്ചു. രാജ്യം നാളെ 79മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കും. അതിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് രാജ്യതലസ്ഥാനം. കനത്ത സുരക്ഷാ വലയത്തിലാണ് തലസ്ഥാനം. ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും പ്രതിരോധമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2047ല്‍ വികസിത ഭാരത് എന്ന ലക്ഷ്യത്തിലേക്ക് ചുവട് വയ്ക്കുന്ന നമ്മുടെ രാജ്യത്തിന്‍റെ ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനാഘോഷ പ്രമേയം ‘ന്യായ ഭാരത്’ എന്നതാണ്. രാജ്യത്തിന്‍റെ അഭിവൃദ്ധിയിലേക്കുള്ള കുതിപ്പ് ന്യായഭാരതില്‍ അധിഷ്‌ഠിതമാക്കി കൂടുതല്‍ പുരോഗതിയിലേക്ക് എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ചെങ്കോട്ടയില്‍ എത്തിച്ചേരുന്ന പ്രധാനമന്ത്രിയെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്, പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. കമാന്‍ഡിങ് ജനറല്‍ ഓഫീസറായ ഡല്‍ഹി മേഖലയിലെ ലഫ്റ്റനന്‍റ് ജനറല്‍ ഭവനീഷ് കുമാറിനെ പ്രതിരോധ സെക്രട്ടറി പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തും.

പിന്നീട് ജനറല്‍ ഭവനീഷ് കുമാര്‍ പ്രധാനമന്ത്രിയെ പരേഡ് സ്ഥലത്തേക്ക് അനുഗമിക്കും. അവിടെ വച്ച് അദ്ദേഹം ഇന്‍റര്‍ സര്‍വീസുകളുടെയും ഡല്‍ഹി പൊലീസിന്‍റെയും സംയുക്ത അഭിവാദ്യം സ്വീകരിക്കും. പിന്നീട് പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കും.

96 അംഗങ്ങളടങ്ങിയ സംഘമാണ് പ്രധാനമന്ത്രിക്ക് വേണ്ടി ഗാര്‍ഡ് ഓഫ് ഓണര്‍ ഒരുക്കുക.കര, വ്യോമ, നാവിക, ഡല്‍ഹി പൊലീസ് സേനകളില്‍ നിന്നുള്ള ഒരു ഓഫീസറും 24 അംഗങ്ങളുമെന്ന കണക്കിലാണ് വിന്യസിച്ചിട്ടുള്ളത്. ഇക്കൊല്ലത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഏകോപനച്ചുമതല വ്യോമസേനയ്ക്കാണ്.

ഗാര്‍ഡ് ഓഫ് ഓണറിന് വിങ് കമാന്‍ഡര്‍ എ എസ് ശേഖണ്‍ നേതൃത്വം നല്‍കും. പ്രധാനമന്ത്രിയുടെ ഗാര്‍ഡ് ഓഫ് ഓണറിന് കരസേനയില്‍ നിന്ന് മേജര്‍ അര്‍ജുന്‍ സിങ് നേതൃത്വം നല്‍കും. നാവിക സേനാ വിഭാഗത്തെ ലഫ്റ്റനന്‍റ് കമാന്‍ഡര്‍ കോമള്‍ ദീപ് സിങ് നയിക്കും. വ്യോമസേനാ വിഭാഗത്തിന് സ്ക്വാഡ്രന്‍ ലീഡര് രാജന്‍ അറോറയാകും നേതൃത്വം കൊടുക്കുക. ഡല്‍ഹി പൊലീസ് വിഭാഗത്തെ അഡീഷണല്‍ ഡിസിപി രോഹിത് രാജ്‌ബിര്‍ സിങ് നയിക്കും.

ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ച ശേഷം ചെങ്കോട്ടയിലെത്തുന്ന മോദിയ്ക്ക് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, സഹമന്ത്രി സഞ്ജയ് സേത്ത്, ചീഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍ , ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി, ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് അഡ്‌മിറല്‍ ദിനേഷ് കെ ത്രിപാഠി, എയര്‍ സ്റ്റാഫ് ചീഫ് മാര്‍ഷല്‍ എ പി സിങ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. ഡല്‍ഹി മേഖല ജിഒസിയാകും പ്രധാനമന്ത്രിയെ ദേശീയ പതാക ഉയര്‍ത്തല്‍ വേളയില്‍ അനുഗമിക്കുക.

ഫ്ലൈയിങ് ഓഫീസര്‍ രക്ഷിക ശര്‍മ്മ പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രിയെ സഹായിക്കും. 21 ആചാര വെടിക്കൊപ്പമാകും പതാക ഉയര്‍ത്തല്‍ ചടങ്ങ്. 1721ഫീല്‍ഡ് ബാറ്ററി9സെറിമോണിയല്‍) ഉദ്യോഗസ്ഥരാകും ഇതില്‍ പങ്കെടുക്കുക. ഇതിനായി 105എംഎം ലൈറ്റ് ഫീല്‍ഡ് ഗണുകളാകും ഉപയോഗിക്കുക. മേജര്‍ പവന്‍ സിങ് ശെഖാവത് ആകും ഇതിന് നേതൃത്വം നല്‍കുക. നയ്‌ബ് സുബേദാര്‍ അനുതോഷ് സര്‍ക്കാരാകും ഗണ്‍ പൊസിഷന്‍ ഓഫീസര്‍.

പ്രധാനമന്ത്രി പതാക ഉയര്‍ത്തുന്ന വേളയില്‍ എല്ലാ സൈനിക സംഘങ്ങളില്‍ നിന്നുമുള്ള ഒരു ഓഫീസറും മറ്റ് റാങ്കുകളിലുള്ള 32 അംഗങ്ങളും വീതമടങ്ങിയ ഓരോ സംഘം ദേശീയ അഭിവാദ്യം അര്‍പ്പിക്കും. വിങ് കമാന്‍ഡര്‍ തരുണ്‍ ദഗാര്‍ ഇതിന് നേതൃത്വം നല്‍കും.

നാഷണല്‍ ഫ്ലാഗ് ഗാര്‍ഡിന് മേജര്‍ പ്രകാശ് സിങ് നേതൃത്വം നല്‍കും.

ദേശീയ പതാക ഉയര്‍ത്തിയ ശേഷമാകും ദേശീയ അഭിവാദ്യം.രണ്ട് മിഗ് 17ല്‍ നിന്ന് പുഷ്‌പവൃഷ്‌ടിയുണ്ടാകും. ഓപ്പറേഷന്‍ സിന്ദൂര്‍ വിജയവും സ്വാതന്ത്ര്യ ദിനത്തില്‍ ആഘോഷിക്കും. ഓപ്പറേഷന്‍ സിന്ദൂറിന്‍റെ ലോഗോ ജ്ഞാന്‍പഥില്‍ പ്രദര്‍ശിപ്പിക്കും. ഓപ്പറേഷന്‍ സിന്ദൂറിനെ പ്രതീകവത്ക്കരിക്കും വിധമുള്ള പുഷ്‌പാലങ്കാരവും ഉണ്ടാകും. ന്യായ ഭാരതിനെ ചിത്രീകരിക്കുന്ന ചിനാബ് പാലത്തിന്‍റെ വാട്ടര്‍മാര്‍ക്കുള്ള ക്ഷണപത്രികകളാണ് അയച്ചിട്ടുള്ളത്.

അയ്യാരിം പ്രത്യേക അതിഥികളാണ് സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കുന്നത്. 1500 പേര്‍ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ളവരുമാണ്. സ്വാതന്ത്ര്യദിന വൈകിട്ട് രാജ്യത്തെ 140 ഇടങ്ങളില്‍ വിവിധ സൈനിക വിഭാഗങ്ങളുടെ നേതൃത്വത്തില്‍ സംഗീത ബാന്‍ഡുകളുടെ പ്രകടനമുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here