കൊളംബോ: ശബരിമല ധർമശാസ്‌താ ക്ഷേത്രത്തെ അംഗീകൃത തീർത്ഥാടന കേന്ദ്രമായി അംഗീകരിച്ച് ശ്രീലങ്കൻ സർക്കാർ. തിങ്കളാഴ്‌ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഓരോ വർഷവും 15,000ൽ അധികം ശ്രീലങ്കൻ പൗരന്മാർ ശബരിമലയിൽ ദർശനം നടത്തുന്നുണ്ട്.
ദീർഘകാലമായുള്ള തീർത്ഥാടകബന്ധംകൂടി കണക്കിലെടുത്താണ് ശബരിമലയെ അംഗീകൃത തീർത്ഥാടന കേന്ദ്രങ്ങളിൽ ഉൾപ്പെടുത്തിയതെന്ന് ലങ്കന്‍ സർക്കാർ അറിയിച്ചു. ‘ഏറെക്കാലമായി ഇന്ത്യയിലെ കേരള സംസ്ഥാനത്തിലെ പ്രശസ്തമായ ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ നിരവധി ശ്രീലങ്കൻ തീർത്ഥാടകര്‍ ദർശനം നടത്തുന്നു’-എന്ന് ലങ്കൻ സർക്കാർ വ്യക്തമാക്കുന്നു.
താത്കാലിക പന്തൽ
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മരക്കൂട്ടം മുതല്‍ ശരംകുത്തി നെക്ക് പോയിന്റ് വരെ താല്‍ക്കാലിക പന്തല്‍ നിര്‍മിക്കാന്‍ തീരുമാനമായി. ശരംകുത്തി ആല്‍മരം മുതല്‍ താഴോട്ട് നടപ്പന്തല്‍ യു ടേണ്‍ വരെയാണ് പന്തല്‍. രണ്ട് സ്ഥലത്തായി ഏകദേശം ഒന്നേകാല്‍ കിലോമീറ്ററായിരിക്കും നീളം. തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ദേവസ്വം ബോര്‍ഡിന്റെ പന്തല്‍ നിര്‍മാണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ താല്‍ക്കാലിക പച്ച നിറത്തിലുള്ള വലയായിരുന്നു സ്ഥാപിച്ചിരുന്നത്.





