ജൈവകൃഷിക്കായി നാടന്‍ പശുക്കള്‍

0
87

ജൈവ കൃഷിയില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത മേഖലയാണ് പശു വളര്‍ത്തല്‍. വളത്തിനും കീടനാശിനികള്‍ തയാറാക്കാനും ചാണകവും ഗോമൂത്രവും കൂടിയേ തീരൂ. പണ്ടുകാലത്ത് പശുക്കള്‍ ഇല്ലാത്ത വീടുകള്‍ ചുരുക്കമായിരുന്നു, സ്ഥലപരിമിതിയും സമയവും ഈ രീതിയെ ഇല്ലാതാക്കി. ഇതോടെ കേരളത്തിലെ നാടന്‍ ജനുസുകളില്‍ പലതും ഇല്ലാതായി, മിക്കവയും വംശനാശ ഭീഷണിയിലുമാണ്. ജൈവകൃഷി വ്യാപകമായതോടെ പശുവളര്‍ത്തലും പതുക്കെ സജീവമാകാന്‍ തുടങ്ങിയിട്ടുണ്ട്. ദിവസവും ലിറ്ററുകള്‍ ചുരത്തുന്ന സങ്കര ഇനം മുതല്‍ ഒരു കുടുംബത്തിലെ ആവശ്യത്തിനുള്ള പാല്‍ മാത്രം തരുന്ന നാടന്‍ ഇനങ്ങള്‍ വരെ നമ്മുടെ നാട്ടിലുണ്ട്.

പശുവിനെ തെരഞ്ഞെടുക്കല്‍

നമ്മുടെ ആവശ്യമാണ് പശുവിനെ തെരഞ്ഞെടുക്കുമ്പോള്‍ ആദ്യം പരിഗണിക്കേണ്ടത്. വീട്ടിലെ ആവശ്യത്തിനും കൃഷിക്കും മാത്രമാണെങ്കില്‍ ചെറിയ ഇനങ്ങള്‍ മതി. എന്നാല്‍ ക്ഷീര കര്‍ഷകനാവാണ് ലക്ഷ്യമെങ്കില്‍ അത്യുല്‍പാദന ശേഷിയുള്ള സങ്കര ഇനങ്ങള്‍ വേണം. കാസര്‍ഗോഡ് കുള്ളന്‍ പശു, വെച്ചൂര്‍ പശു, വടകര ഡ്വാര്‍ഫ്, ഹൈറേഞ്ച് ഡ്വാര്‍ഫ്, ചെറുവള്ളി പശു, കപില, കുട്ടമ്പുഴ കുള്ളന്‍, എന്നിവയാണ് കേരളത്തിലെ പ്രധാന തനതു നാടന്‍ ഇനങ്ങള്‍. ഇവയുടെ ലഭ്യത വിഷകരമായ സംഗതിയാണ്. ജൈവകാര്‍ഷിക കൂട്ടായ്മകളുമായി ബന്ധപ്പെട്ടാല്‍ നാടന്‍ ഇനങ്ങളെ ലഭിക്കുന്നതിനെ കുറിച്ച് അറിയാം. നല്ല ആരോഗ്യമുള്ള പശുക്കളെ മാത്രമേ വാങ്ങാന്‍ പാടുള്ളൂ. നാടന്‍ പശുക്കളുടെ ചാണകം, മൂത്രം എന്നിവ ജൈവ കൃഷിക്ക് ആവശ്യമാണ്. പല വളങ്ങളും ഔഷധങ്ങളും വരെ ഇതില്‍ നിന്നും തയാറാക്കുന്നു.

വൃത്തിയുള്ള തൊഴുത്ത്

സങ്കര ഇനങ്ങളെ അപേക്ഷിച്ച് നാടന്‍ പശുക്കള്‍ക്ക് രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കും. പാലിലും നിരവധി പോഷക ഗുണങ്ങള്‍ ഉണ്ടായിരിക്കും. എന്നാലും തൊഴുത്തും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ശാസ്ത്രീയമായി വേണം തൊഴുത്ത് നിര്‍മിക്കാന്‍. പശുവളര്‍ത്തുന്നവരുടെ അടുത്തെത്തി വിവരങ്ങള്‍ നേരിട്ടു മനസിലാക്കണം. വീട്ടിലും പരിസരത്തും ലഭിക്കുന്ന പുല്ലുകളും ഭക്ഷണാവശിഷ്ടങ്ങളും മതി ഇവയ്ക്ക് ഭക്ഷണമായി. തീറ്റപ്പുല്ലുകള്‍ വളര്‍ത്തുന്നത് നല്ലതാണ്, എല്ലാ സീസണിലും പശുവിന്റെ തീറ്റ ലഭ്യത ഉറപ്പ് വരുത്താം. ഇടയ്ക്ക് വെറ്റിനറി ഡോക്റ്ററുടെ സേവനവും തേടണം. നാടന്‍ പശുക്കളുടെ വംശത്തെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ പ്രോത്സാഹന ജനകമാണ്. ഇതിലൂടെ സംരക്ഷിക്കപ്പെടുന്നത് പ്രകൃതിയും മനുഷ്യന്റെ ആരോഗ്യവുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here