മെസിയുടെ സന്ദര്‍ശനത്തിന് വിലങ്ങായത് കേരള സര്‍ക്കാര്‍”

0
171

കേരള സര്‍ക്കാര്‍ കരാര്‍ ലംഘിച്ചത് കൊണ്ടാണ് അര്‍ജൻ്റീനയുടെ കേരള സന്ദര്‍ശനം ഒഴിവാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫുട്‌ബോള്‍ ആരാധകരെ ഏറെ നിരശരാക്കിയ മെസിയുടെയും ടീമിൻ്റെയും കേരളാ സന്ദര്‍ശനം ഒഴിവാക്കിയെന്ന വാര്‍ത്തയില്‍ ഒടുവില്‍ പ്രതികരിച്ച് അര്‍ജൻ്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. ഒരു സ്‌പോര്‍ട്‌സ് ലേഖകന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ജൻ്റീന ഫുട്‌ബോള്‍ അസോസിയേഷൻ്റെ ചീഫ് കൊമേര്‍സ്യല്‍ ആന്‍ഡ് മാര്‍ക്കറ്റിങ് ഓഫിസറായ ലിയാന്‍ഡ്രോ പീറ്റേഴ്‌സണ്‍ പ്രതികരിച്ചത്.

കേരള സര്‍ക്കാര്‍ കരാര്‍ ലംഘിച്ചത് കൊണ്ടാണ് അര്‍ജൻ്റീനയുടെ കേരളാ സന്ദര്‍ശനം ഒഴിവാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. കോടികള്‍ നല്‍കിയിട്ടും അർജൻ്റീന ടീം കേരളത്തിലേക്ക് വരാൻ തയ്യാറായില്ലെന്ന സ്‌പോണ്‍സര്‍മാരുടെ ആരോപണങ്ങൾ അര്‍ജൻ്റൈൻ ഫുട്‌ബോള്‍ അസോസിയേഷൻ പ്രതിനിധി ലിയാന്‍ഡ്രോ പീറ്റേഴ്‌സണ്‍ തള്ളി. കരാര്‍ ലംഘിച്ചത് തങ്ങളല്ലെന്നും കേരള സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഏത് തരത്തിലുള്ള കരാറാണ് സര്‍ക്കാര്‍ ലംഘിച്ചതെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.

അര്‍ജൻ്റൈൻ ടീമിനെ കേരളത്തിലെത്തിക്കാൻ 130 കോടി രൂപ അർജൻ്റീനാ ഫുട്‌ബോൾ അസോസിയേഷന് നൽകിയിരുന്നുവെന്നാണ് സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിങ് എംഡി ആൻ്റോ അഗസ്റ്റിൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നത്. ഈ വർഷം അർജൻ്റീന കേരളത്തിൽ കളിക്കാമെന്ന കരാറിൽ അസോസിയേഷൻ ഒപ്പിട്ടിട്ടുണ്ട്. കരാർ റദ്ദാകുന്നത് വലിയ സാമ്പത്തികനഷ്‌ടത്തിന് കാരണമാകുമെന്നും കരാർ ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും ആൻ്റോ അഗസ്റ്റിൻ പറഞ്ഞിരുന്നു.

“അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന് 130 കോടി രൂപ നല്‍കി. ശേഷം ഒക്ടോബറിലോ, നവംബറിലോ കേരളത്തിലെത്താമെന്ന വ്യവസ്ഥയില്‍ കരാറിലൊപ്പിട്ടു. ഇപ്പോള്‍ അടുത്ത വര്‍ഷം സെപ്റ്റംബറില്‍ വരാമെന്ന വ്യവസ്ഥയില്‍ പുതിയ കരാര്‍ അയച്ച് തന്ന് ഒപ്പിടാന്‍ പറയുന്നു. എന്നാല്‍ ഈ രേഖകളൊന്നും പുറത്തുവിടാന്‍ ഒരുക്കമല്ല. കേരളത്തില്‍ വന്നില്ലെങ്കില്‍ മെസിക്ക് ഇന്ത്യയില്‍ മറ്റൊരിടത്തും വരാന്‍ കഴിയില്ല” സ്പോണ്‍സര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കരാര്‍ ലംഘിച്ചത് തങ്ങളല്ലെന്നും കേരള സര്‍ക്കാരാണെന്നുമാണ് അര്‍ജൻ്റൈൻ പ്രതിനിധി ഉറപ്പിച്ചു പറഞ്ഞു.

ഇന്ത്യ, ബംഗ്ലാദേശ്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവ സന്ദർശിക്കാൻ അര്‍ജൻ്റീന ടീം പദ്ധതിയിട്ടിട്ടുണ്ടെന്നും എന്നാൽ സമീപഭാവിയിൽ അത് സാധ്യമാകില്ലെന്നും പീറ്റേഴ്‌സൺ പറഞ്ഞു. അതേസമയം, മെസിയും അര്‍ജൻ്റൈൻ താരങ്ങളും കേരളത്തിലെത്തില്ലെന്ന് കായിക മന്ത്രി വി അബ്‌ദു റഹിമാനും സ്ഥിരീകരിച്ചിരുന്നു. ഈ ഒക്ടോബറിൽ മെസിയെയും അർജൻ്റീന ടീമിനെയും കേരളത്തിലെത്തിക്കാനായിരുന്നു ശ്രമം. എന്നാൽ ഒക്ടോബറിൽ കേരളത്തിൽ വരാനാവില്ലെന്ന് അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചതായി മന്ത്രി സ്ഥിരീകരിച്ചു.

അർജൻ്റീന ഫുട്ബോൾ ടീമും സ്പോൺസർമാരും വ്യത്യസ്‌ത നിലപാടുകളെടുക്കുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു. അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ ഒക്ടോബറിൽ കേരളത്തിൽ വരുന്നതിലുള്ള ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ഒക്ടോബറിൽ വരുമെങ്കിൽ മാത്രമേ തങ്ങൾക്ക് താത്പര്യമുള്ളൂവെന്നാണ് സ്പോൺസർമാരുടെ നിലപാടെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം, ലയണൽ മെസ്സിയെ കേരളത്തിലേക്ക് ക്ഷണിക്കാൻ ഒരു രൂപ പോലും സംസ്ഥാനം ചെലവഴിച്ചിട്ടില്ലെന്ന കായിക മന്ത്രിയുടെ വാദം നേരത്തെ പൊളിഞ്ഞിരുന്നു. അര്‍ജൻ്റീനയെ ക്ഷണിക്കാൻ പോയതിന് സർക്കാറിന് 13 ലക്ഷം രൂപ ചെലവായെന്ന് വിവരാവകാശരേഖ. മെസിയെ ക്ഷണിക്കുന്നതിന് വേണ്ടി മന്ത്രിയും സംഘവും സ്പെയിൻ തലസ്ഥാനമായ മാഡ്രിഡിലേക്ക് പോയതിന് 13,04,434 രൂപയാണ് സർക്കാർ ഖജനാവിൽ നിന്ന് ചെലവായത്.

LEAVE A REPLY

Please enter your comment!
Please enter your name here