ഇന്ത്യ ആരുടെയും മുന്നിൽ മുട്ടുമടക്കില്ല, മോദിക്ക് കീഴിൽ രാജ്യം ശക്തം’

0
50

ന്യൂഡൽഹി: തീരുവ യുദ്ധം മുറുകുന്നതിനിടെ ഇന്ത്യ ആരുടേയും മുന്നിൽ മുട്ടു മടക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിന്റെ പേരിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ ചുമത്താനുള്ള യുഎസ് തീരുമാനം ഉൾപ്പെടെ തിരിച്ചടിയാവുന്ന സാഹചര്യത്തിലാണ് ഗോയലിന്റെ നിർണായക പരാമർശം. ബിസിനസ് ടുഡേ സമ്മിറ്റിൽ സംസാരിക്കവെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്.

ആഗോള വ്യാപാര കൂട്ടായ്‌മകളുമായുള്ള ഇന്ത്യയുടെ ഭാവി ഇടപെടലിനെക്കുറിച്ച് ചോദിച്ചപ്പോൾ, രാജ്യം ഇന്ന് വളരെ ശക്തവും ആത്മവിശ്വാസമുള്ളതുമാണ് പ്രതിവർഷം ആറര ശതമാനം വളർച്ച കൈവരിക്കുന്നുവെന്നും വളർച്ച കൂടുതൽ ത്വരിതപ്പെടുത്താൻ തയ്യാറാണെന്നും പിയുഷ് ഗോയൽ എടുത്തുപറയുകയുണ്ടായി.

ആഗോള വത്കരണം ഇല്ലാതാവുന്നുവെന്ന് വാദം തള്ളിയ അദ്ദേഹം രാജ്യങ്ങൾ അവരുടെ വ്യാപാര പാതകളും പങ്കാളികളും പുനഃക്രമീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ഗോയൽ പറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം ഇന്ത്യ കൂടുതൽ കയറ്റുമതി ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. വ്യാപാര തടസങ്ങൾ നേരിടുന്നതിനുള്ള നടപടികൾ ഇതിനകം തന്നെ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സമ്പദ്‌വ്യവസ്ഥ 4 ട്രില്യൺ യുഎസ് ഡോളറിന്റേതാണ്, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയുമാണെന്നും നമുക്ക് യുവാക്കളുടെ ശക്തിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇഎഫ്‌ടിഎ രാജ്യങ്ങൾ ഇന്ത്യയിൽ 100 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കാൻ സമ്മതിച്ചിട്ടുണ്ടെന്നും ഇത് 10 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങളും ആകെ 50 ലക്ഷം തൊഴിലവസരം ലഭിക്കുമെന്നും ഗോയൽ പറഞ്ഞു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ നിർജ്ജീവം എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ ഗോയൽ വിമർശിച്ചു. പ്രതിപക്ഷ നേതാവിന്റെ നെഗറ്റീവ് പരാമർശം ലജ്ജാകരമാണ്. അതിൽ ഞാൻ അദ്ദേഹത്തെ അപലപിക്കുന്നു. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയോട് രാഷ്ട്രം ഒരിക്കലും ക്ഷമിക്കില്ലെന്നും കേന്ദ്രമന്ത്രി എടുത്തു പറഞ്ഞു.

ലോകം മുഴുവൻ നമ്മളെ അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി അംഗീകരിക്കുന്നു, ആഗോള വളർച്ചയ്ക്ക് 16 ശതമാനം സംഭാവന ചെയ്യുന്നു. ഇന്ത്യയിലെ 1.4 ബില്യൺ യുവ, വൈദഗ്ധ്യമുള്ള, അഭിലാഷമുള്ള പൗരന്മാർ ആഗോള പങ്കാളികൾക്ക് ശക്തമായ ഒരു ആകർഷണമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. യുഎഇ, മൗറീഷ്യസ്, ഓസ്‌ട്രേലിയ, ഇഎഫ്‌ടി‌എ മുന്നണി, യുകെ, ഇയു, ചിലി, പെറു, ന്യൂസിലാൻഡ്, യുഎസ്, തുടങ്ങിയ രാജ്യങ്ങളുമായും വരും വർഷങ്ങളിൽ കൂടുതൽ രാജ്യങ്ങളുമായും ഇന്ത്യ വ്യാപാര കരാറുകൾ സജീവമായി പിന്തുടരുകയോ അന്തിമമാക്കുകയോ ചെയ്യുമെന്ന കാര്യത്തിൽ പിയൂഷ് ഗോയൽ പ്രത്യാശ പ്രകടിപ്പിച്ചു. യുഎസുമായുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട ഭിന്നത തുടരുമ്പോഴും, തീരുവ ഭീഷണി നിലനിൽക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്താനും അദ്ദേഹം മറന്നില്ല. ഇന്ത്യ ഇന്ന് കൂടുതൽ ശക്തവും ബഹുമാനിക്കപ്പെടുന്നതുമായ സ്ഥിതിയാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന ഉന്നത നേതാവിന്റെ നേതൃത്വത്തിലാണ് രാജ്യം; പിയൂഷ് ഗോയൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here