ഫാർമസ്യൂട്ടിക്കൽ കമ്പനികൾ വിൽക്കുന്ന 35 അവശ്യ മരുന്നുകളുടെ ചില്ലറ വിൽപ്പന വില ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയാണ് കുറച്ചത്.
ന്യൂഡല്‍ഹി: 35 അവശ്യമരുന്നുകളുടെ വില കേന്ദ്രം വെട്ടിക്കുറച്ചു. രോഗികള്‍ക്ക് മരുന്നുകള്‍ താങ്ങാവുന്ന നിരക്കില്‍ ലഭ്യമാകുന്നതിന് വേണ്ടിയാണ് അവശ്യമരുന്നുകളുടെ നിരക്ക് കുറച്ചതെന്ന് കേന്ദ്രം അറിയിച്ചു. ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയാണ് ഫാർമസ്യൂട്ടിക്കൽ കമ്പനികൾ വിൽക്കുന്ന 35 അവശ്യ മരുന്നുകളുടെ ചില്ലറ വിൽപ്പന വില കുറച്ചത്.
ആൻ്റി-ഇൻഫ്ലമേറ്ററി, കാർഡിയോവാസ്‌കുലാര്‍, ആൻ്റി ബയോട്ടിക്, ആൻ്റി-ഡയബറ്റിക്, സൈക്യാട്രിക് മരുന്നുകൾ എന്നിവയുൾപ്പെടെ വിവിധതരം മരുന്നുകളുടെ വിലയാണ് കുറച്ചത്. എന്‍പിപിഎയുടെ വില നിയന്ത്രണത്തെ അടിസ്ഥാനമാക്കിയാണ് കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. എല്ലാ മരുന്നുകളിലും ബാധകമായ വിലക്കുറവുകൾ, ഉപഭോക്താക്കൾക്ക് ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് വിട്ടുമാറാത്ത രോഗങ്ങള്‍ ഉള്ളവര്‍ക്ക് ആശ്വാസമാകുന്ന രീതിയിലാണ് വിലയില്‍ കുറവ് വരുത്തിയത്.
വില നിയന്ത്രണ ഉത്തരവിൽ ഉൾപ്പെടുന്ന പ്രധാന ഫോർമുലേഷനുകളിൽ അസെക്ലോഫെനാക്, പാരസെറ്റമോൾ, ട്രിപ്‌സിൻ ചൈമോട്രിപ്‌സിൻ, അമോക്‌സിസിലിൻ, പൊട്ടാസ്യം ക്ലാവുലനേറ്റ് എന്നിവയുടെ ഫിക്‌സഡ്-ഡോസ് കോമ്പിനേഷനുകളും എംപാഗ്ലിഫ്ലോസിൻ, സിറ്റാഗ്ലിപ്റ്റിൻ, മെറ്റ്‌ഫോർമിൻ തുടങ്ങിയ പുതിയ ഓറൽ ആൻ്റി-ഡയബറ്റിക് കോമ്പിനേഷനുകളും ഉൾപ്പെടുന്നു.
റെഡ്ഡീസ് ലബോറട്ടറീസ് വിപണനം ചെയ്യുന്ന ഒരു അസെക്ലോഫെനാക്-പാരസെറ്റമോൾ-ട്രിപ്‌സിൻ ചൈമോട്രിപ്‌സിൻ ടാബ്‌ലെറ്റിൻ്റെ വില ഇപ്പോൾ 13 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. അതേസമയം കാഡില ഫാർമസ്യൂട്ടിക്കൽസ് വിപണനം ചെയ്യുന്ന അതേ ഫോർമുലേഷൻ്റെ വില ഇപ്പോൾ 15.01 രൂപയായി.
അതുപോലെ, ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് വ്യാപകമായി ഉപയോഗിക്കുന്ന അറ്റോർവാസ്റ്റാറ്റിൻ 40 മില്ലിഗ്രാമും ക്ലോപ്പിഡോഗ്രൽ 75 മില്ലിഗ്രാമും അടങ്ങിയ ഒരു ടാബ്‌ലെറ്റിൻ്റെ വില 25.61 രൂപയുമാണ്. കുട്ടികള്‍ക്ക് ഉപയോഗിക്കുന്ന ഓറൽ സസ്പെൻഷനുകളായ സെഫിക്‌സിം, പാരസെറ്റമോൾ കോമ്പിനേഷനുകൾ – വിറ്റാമിൻ ഡി സപ്ലിമെൻ്റേഷനായി ഉപയോഗിക്കുന്ന കോളെകാൽസിഫെറോൾ ഡ്രോപ്പുകൾ, ഡൈക്ലോഫെനാക് ഇൻജക്ഷൻ തുടങ്ങിയവയും ഇതിൻ്റെ ഭാഗമാണ്.
ഈ മരുന്നുകളുടെ ഒരു മില്ലിക്ക് 31.77 രൂപ വിലയുണ്ട്. ചില്ലറ വ്യാപാരികളും ഡീലർമാരും ഈ പുതുക്കിയ വില പട്ടികകൾ അവരുടെ ഏജന്‍സികളില്‍ വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് ഔദ്യോഗിക ഉത്തരവിൽ പറയുന്നു. വിജ്ഞാപനം ചെയ്‌ത വിലകൾ പാലിക്കാത്ത പക്ഷം 19551-ലെ അവശ്യ സാധന നിയമത്തിലെ സെക്ഷൻ 3-ലെ സർക്കാർ പുറപ്പെടുവിച്ച ഡിപിസിഒ ഉത്തരവ് പ്രകാരം പിഴ ചുമത്തിയേക്കാം. അമിതമായി ഈടാക്കിയ തുക പലിശ സഹിതം ഈടാക്കുന്നതുൾപ്പെടെ ഡിപിസിഒയുടെ കീഴില്‍ വരും.
കൂടാതെ നിശ്ചയിച്ച വിലകള്‍ ജിഎസ്‌ടി ഒഴിച്ചുള്ളതാണെന്നും എന്‍പിപിഎ വ്യക്തമാക്കി. നിര്‍മാതാക്കള്‍ എല്ലാ നിയമപരമായ ആവശ്യകതകളും പാലിക്കേണ്ടതുണ്ട്. കൂടാതെ ഇൻ്റഗ്രേറ്റഡ് ഫാർമസ്യൂട്ടിക്കൽ ഡാറ്റാബേസ് മാനേജ്മെൻ്റ് സിസ്റ്റം വഴി ഫോം V-ൽ പുതുക്കിയ വില പട്ടികകൾ നൽകുകയും വിവരങ്ങൾ എന്‍പിപിഎയ്ക്കും സംസ്ഥാന ഡ്രഗ് കൺട്രോളർമാർക്കും സമർപ്പിക്കുകയും വേണം. നിർദ്ദിഷ്‌ട ഫോർമുലേഷനുകൾക്കും നിർമാതാക്കൾക്കുമായി നേരത്തെ പുറപ്പെടുവിച്ച ഏതെങ്കിലും വില ഉത്തരവുകൾ ഉണ്ടെങ്കില്‍ ഈ ഏറ്റവും പുതിയ വിജ്ഞാപനം വരുമ്പോഴേക്കും ഇവ അസാധുവാകുമെന്നും കേന്ദ്രം അറിയിച്ചു.






