മുങ്ങിയ കപ്പലും തീരാ നഷ്ടങ്ങളും
“ഇത് ഭീമമായ തുകയാണ്. ഇത് നൽകാനാവില്ല. ഇന്ധനം ചോർന്നിട്ടില്ലാത്തതിനാൽ സമുദ്ര ആവാസ വ്യവസ്ഥയ്ക്ക് പ്രശ്നമൊന്നും സംഭവിച്ചിട്ടില്ല. പ്ലാസ്റ്റിക് പെല്ലെറ്റുകൾ കരയ്ക്കടിഞ്ഞത് മാത്രമാണ് പ്രശ്നം.”
മെയ് 25 ന് കേരള തീരത്തുണ്ടായ കപ്പലപകടത്തെ തുടർന്ന് നഷ്ടപരിഹാരത്തിനായി കേരള സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച അഡ്മിറാലിറ്റി സ്യൂട്ടിന് എം.എസ്.സി എൽസാ കമ്പനി നൽകിയ മറുപടിയാണിത്. കപ്പല്‍ മുങ്ങിയതിൽ 9531 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടുകൊണ്ടാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് സമർപ്പിച്ചത്. കപ്പൽ അപകടങ്ങളുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലുണ്ടാകുന്ന നഷ്ടം നികത്തുന്നതിനുള്ള നിയമപരമായ നടപടിയാണ് അഡ്മിറാലിറ്റി സ്യൂട്ട്. സംസ്ഥാനത്തിൻ്റെ സമുദ്ര പരിധിയിലുള്ള കപ്പലുകൾ പിടിച്ചെടുക്കാനും, ആവശ്യമെങ്കിൽ വിൽപ്പന നടത്തി നഷ്ടം നികത്താനുമുള്ള അധികാരം അഡ്മിറാലിറ്റി സ്യൂട്ട് നൽകുന്നുണ്ട്.
കപ്പൽ കമ്പനി പറയുന്നത് പോലെ സമുദ്ര ആവാസ വ്യവസ്ഥക്ക് പ്രശ്നമൊന്നും സംഭവിച്ചിട്ടില്ല എന്ന് ഉറപ്പിച്ച് പറയാൻ സാധിക്കുമോ? കണ്ടെയ്നറുകൾ തകർന്ന് പ്ലാസ്റ്റിക് പെല്ലറ്റ് പടർന്നത് കടലിലെ ആവാസ വ്യവസ്ഥയെ സാരമായി ബാധിക്കില്ലേ? ഈ ചോദ്യങ്ങൾക്ക് ഇപ്പോഴും വ്യക്തമായ ഉത്തരം ജനങ്ങൾക്ക് കിട്ടിയിട്ടില്ല. ഇന്ധനം ചോർന്നിട്ടില്ല എന്ന് പറയുമ്പോഴും മുങ്ങിയ കപ്പലിൽ ഇപ്പോഴും ഇന്ധനങ്ങൾ അവശേഷിക്കുന്നുണ്ട്, അവ ഇത് വരെ നീക്കം ചെയ്തിട്ടില്ല. എംഎസ്.സി എൽസാ കപ്പൽ അപകടം കേരളത്തിന്റെ കടൽ-തീര പരിസ്ഥിതിക്കും ആവാസ വ്യവസ്ഥക്കുമുണ്ടാക്കിയ നാശം എത്രത്തോളമാണ് എന്നത് രണ്ട് മാസത്തിനുള്ളിൽ ശാസ്ത്രീയമായി വിശകലനം നടത്തി പറയുക അസാധ്യമാണ്. എന്നാൽ കാലങ്ങളോളം നീണ്ട് നിൽക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾക്ക് മുങ്ങിയ കപ്പലും കണ്ടെയ്നറുകളും അതിൽ നിന്ന് കടലിലും തീരത്തും എത്തിയ മാലിന്യങ്ങളും കാരണമാകുമെന്നാണ് മത്സ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരും വിഷയവിദഗ്ധരും പറയുന്നത്.
കണ്ടെയ്നറുകൾക്കുള്ളിൽ എന്താണുള്ളത്?
ലൈബീരിയൻ പതാകയുള്ള ചരക്ക് കപ്പൽ MSC ELSA 3 കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ മെയ് 25 ന് മുങ്ങുമ്പോൾ കപ്പലിൽ 643 കണ്ടെയ്നറുകൾ ഉണ്ടായിരുന്നു. 12 കണ്ടെയ്നറിൽ കാൽസ്യം കാർബൈഡ് എന്ന രാസവസ്തുവും 46 എണ്ണത്തില്‍ ഹൈഡ്രാസിനും 68 എണ്ണത്തിൽ പ്ലാസ്റ്റിക് അസംസ്കൃത വസ്തുക്കളും ബാക്കിയുള്ളവയിൽ ക്വിക്ക് ലൈം, കോട്ടൺ, തടി, കശുവണ്ടി, തേങ്ങ എന്നിവയുമാണുള്ളത് എന്നാണ് കേരള സർക്കാർ പുറത്തുവിട്ട ഔദ്യോഗിക രേഖകളിൽ പറയുന്നത്. ചില കണ്ടെയ്നർ കാലിയായിരുന്നെന്നും രേഖകൾ സൂചിപ്പിക്കുന്നു. 61 കണ്ടെയ്നറുകളാണ് 2025 ജൂലായ് ഒന്ന് വരെയുള്ള കണക്ക് പ്രകാരം തീരത്ത്
മലിനീകരണ സാധ്യതകൾ
എല്ലാ കപ്പലുകളിലും അതിന്റെ ഇന്ധനമായി ഒരു പെട്രോളിയം ഉൽപ്പന്നം കാണും. എം.എസ്.സി എൽസ മുങ്ങുന്ന സമയത്ത് ഏകദേശം 367 ടൺ Very Low Sulfur Fuel Oil (VLSFO) ഉം 64 ടൺ ഡീസലും ഉൾപ്പെടെ 450 മെട്രിക് ടൺ സമുദ്ര ഇന്ധന എണ്ണയുമുണ്ടായിരുന്നു. (സർക്കാർ പെറ്റീഷൻ പേജ് നമ്പർ-12 ക്രമ നമ്പർ: 12). 2025 മെയ് 25 ന് കപ്പൽ മുങ്ങി മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സർവൈലൻസ് എയർക്രാഫ്റ്റ് കപ്പലിൽ നിന്ന് കടലിലേക്ക് എണ്ണ ചോർച്ചയുണ്ടയതായും കണ്ടെത്തിയിരുന്നു (സർക്കാർ പെറ്റീഷൻ പേജ്-17, ക്രമനമ്പർ: 29, 30, 31).
സമുദ്രത്തിന് അപകടകരമെന്ന് International Maritime Dangerous Goods – IMDG Code ലെ ക്ലാസ് 4.3, ക്ലാസ് 9 എന്നിവ പ്രകാരം തിരിച്ചിരിക്കുന്ന വസ്തുക്കളായിരുന്നു പതിമൂന്ന് കണ്ടെയ്നറുകളിൽ ഉണ്ടായിരുന്നത്, അതിൽ പന്ത്രണ്ട് കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡാണ്. അപകടകരമായ രാസപദാർത്ഥങ്ങളായ Calcium Carbide ഉം Hydrazine ഉം 1,502.5 ടണ്ണോളമാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഈ രാസവസ്തുക്കളിലെ വിഷാംശത്തിന്റെ തീവ്രത, വെള്ളവുമായി പ്രതിപ്രവർത്തിക്കാനുള്ള കഴിവ്, ദീർഘകാല പാരിസ്ഥിതിക അപകട സാധ്യതകൾ എന്നിവ കാരണം ഇവ IMDG കോഡ് പ്രകാരം റെഡ്-കാറ്റഗറി മാലിന്യങ്ങൾ എന്ന വിഭാഗത്തിൽപ്പെടുത്തിയവയാണ് (പേജ് നമ്പർ 20, ക്രമനമ്പർ 39). ലോഹങ്ങൾ, ആസിഡ് എന്നിവയുമായി സമ്പർക്കമുണ്ടായാൽ വേഗത്തിൽ തീപിടിക്കാൻ സാധ്യതയുള്ള Hydrazine രണ്ടാം ലോക മഹായുദ്ധ കാലത്ത് റോക്കറ്റുകളിൽ ഇന്ധനമായി ഉപയോഗിച്ചിരുന്നു. കാൽസ്യം കാർബൈഡ് വെള്ളവുമായി ചേർന്നാൽ ഹാനികരമായ അസറ്റിലിൻ വാതകം രൂപപ്പെടും.
ഇത്തരം രാസവസ്തുക്കൾ, കടലിൽ ചലിക്കാതെ ജീവിക്കുന്ന ജീവജാലങ്ങളെ എങ്ങനെയൊക്കെ ബാധിക്കാമെന്ന് ഫ്രണ്ട്സ് ഓഫ് മെറൈൻ ലൈഫ് സ്ഥാപകനും സമുദ്ര ജൈവവൈവിധ്യ വിദഗ്ധനുമായ റോബർട്ട് പനിപ്പിള്ള വിശദമാക്കുന്നു. “ഇപ്പോൾ കാലാവസ്ഥ റഫായിട്ടുള്ള സീസണായതിനാൽ കടൽ ശാന്തമല്ല. കടൽ ശാന്തമായ ശേഷം കടലിന്നടിത്തട്ടിൽ പോയി കണ്ട ശേഷമേ കപ്പലപകടം കടലിന്നടിത്തട്ടിനുണ്ടാക്കിയ നാശം എന്താണെന്ന് ആധികാരികമായി പറയാൻ സാധിക്കൂ. കടലിൽ ധാരാളം ജന്തുക്കൾ സെഡന്ററി ആയിട്ട് ജീവിക്കുന്നു. കോറൽ, Gorgonians sea fans seaweeds, Sea sponges, Mussel അങ്ങനെയെത്രയോ ജീവികൾ കടലിൽ ജീവിക്കുന്നത് സെഡന്ററി ആയിട്ടാണ്. ചലിക്കാത്ത ജീവികളാണ് ഇവ. കരയിലെ പരിസ്ഥിതിയെക്കാളും വളരെ വളരെ സെൻസിറ്റീവാണ് കടലിന്റെ പരിസ്ഥിതി. അവിടെ കടൽ വെള്ളത്തിന് ഒരു പ്രതിസന്ധിയുണ്ടായാൽ, മലിനീകരണമുണ്ടായാൽ രാസമാലിന്യങ്ങൾ കടൽ വെള്ളത്തിൽ ലയിച്ച് ചേർന്നാൽ ആ ജീവജാലങ്ങൾക്ക് ഒരിടത്തും ഓടി രക്ഷപ്പെടാൻ പറ്റില്ല. കാരണം അവയെല്ലാം തന്നെ ഈ കടൽ വെള്ളത്തെ സ്വന്തം ശരീരത്തിലൂടെ കടത്തിവിട്ട് അതിന്റെ പോഷകങ്ങൾ സ്വീകരിച്ചാണ് ജീവിക്കുക, അതായത് filter feeders എന്ന് പറയാം. അങ്ങനെ ജീവിക്കുന്ന ജീവജാലങ്ങളാണ് ഈ സെഡിമെന്ററി ഓർഗാനിസം. കടൽ വെള്ളത്തിൽ രാസമാലിന്യം കലർന്നാൽ ആ ജീവജാലങ്ങൾ സ്വാഭാവികമായിട്ടും ചത്തൊടുങ്ങും. അത്തരം ജീവജാലങ്ങളെ നിലവിലെ നിയമങ്ങൾ പ്രകാരം റെഡ് ലിസ്റ്റിൽപ്പെടുത്തിയിട്ടുള്ളവയാണ്. ഈ കോറൽസ് പോലെയുള്ള, Gorgonians sea fans പോലെയുള്ള ജീവജാലങ്ങൾ അതിൽ ഉൾപ്പെടും.
അത്തരം ജീവജാലങ്ങളെ ആയിരിക്കും അത് ബാധിക്കുക. പക്ഷേ, ഇപ്പോൾ എനിക്കുറപ്പിച്ച് പറയാൻ പറ്റില്ല, ഞാനെന്റെ ആശങ്ക പങ്കുവെച്ചതാണ്. നവംബർ പകുതിയോട് കൂടി മാത്രമേ നമുക്ക് ഡൈവ് ചെയ്യുമ്പോൾ ആവശ്യത്തിന് വിസിബിലിറ്റി കിട്ടുകയും 40 മീറ്റർ വരെയൊക്കെ പോയി അതിനുള്ളിലെ പാരുകൾക്കെന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന് മനസിലാക്കാനും സാധിക്കൂ. കടലിന്നടിയിലൂടെ ഒഴുകി നടക്കുന്ന ഏതൊരു മാലിന്യവും വന്നടിയുന്നത് പാരുകളിലാണ്. ഞങ്ങൾക്ക്, ഫ്രണ്ട്സ് ഓഫ് മറൈൻലൈഫിന് തിരുവനന്തപുരത്താകട്ടെ, കൊല്ലത്താകട്ടെ, കന്യാകുമാരിയിലാകട്ടെ എവിടെയാണ് പാരുകളുള്ളത് എന്ന് അറിയാം. സാഹചര്യം ഒത്തു വരുകയാണ് എങ്കിൽ ഞങ്ങൾ വരുന്ന സീസണിൽ അവിടേക്ക് ഡൈവ് ചെയ്തിട്ട് കൃത്യമായ വിവരം പറയാം
8 കണ്ടെയ്നറുകളിലായി 1400 മെട്രിക് ടൺ പ്ലാസ്റ്റിക്കാണുണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗവും എഥിലിന്റെ പോളിമെറുകൾ, linear low density poly ethylene, polypropylene, High-density polyethylene (HDPE) എന്നിവയും മറ്റ് അപകടകരമായ വസ്തുക്കളുമാണ് (സർക്കാർ പെറ്റീഷൻ പേജ് നമ്പർ-19 ക്രമ നമ്പർ: 36). നർഡിൽസ് എന്നറിയപ്പെടുന്ന ഈ പെല്ലറ്റുകൾ വിവിധ തരം പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നവയാണ്. കടൽ ആവാസ വ്യവസ്ഥയിലെ ജന്തുജാലങ്ങളായ സൂപ്ലാൻകറ്റൺസ് മുതൽ മത്സ്യങ്ങൾ, കടൽ പക്ഷികൾ, ആമകൾ, ചിപ്പികളെ വരെ പ്ലാസ്റ്റിക് ബാധിക്കാം. ജീവികൾ ഇവ ആഹാരമെന്ന് കരുതി ഭക്ഷണമാക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ജീവികൾക്കുള്ളിലെത്തുന്ന പ്ലാസ്റ്റിക് ഉദര പ്രശ്നങ്ങൾ, വ്രണങ്ങൾ, പോഷക കുറവ്, മരണം എന്നിവയിലേക്ക് നയിക്കാം. കൂടാതെ ഇവ സമുദ്രത്തിലെ മൈക്രോ ആൽഗകളിൽ ഓക്‌സിഡേറ്റീവ് സ്ട്രെസ്, ഡിഎൻഎ കേടുപാടുകൾ, വളർച്ചാ തടസ്സം എന്നിവ ഉണ്ടാക്കുന്നു. Buoyant polymers (LDPE, LLDPE, HDPE, PP) ആവാസവ്യവസ്ഥയുടെ പ്രക്രിയകളെ തടസ്സപ്പെടുത്തുന്നു. അവ അവസാദങ്ങളുടെ ഗുണങ്ങളെ മാറ്റാം, വാതക കൈമാറ്റത്തെ തടസ്സപ്പെടുത്താം, കൂടുണ്ടാക്കൽ (nesting) തടസ്സപ്പെടുത്താം (ഉദാ. കടൽ കടലാമകൾ). സമുദ്ര പരിതസ്ഥിതികളിലുടനീളം രോഗകാരികളുടെയും അധിനിവേശ ജീവികളുടെയും വാഹകരായി ഇവ മാറാനും സാധ്യതയുണ്ട്
എന്നാൽ മത്സ്യങ്ങൾ ഈ പ്ലാസ്റ്റിക്ക് കഴിക്കും എന്ന് പറയുന്നതിനോട് മത്സ്യത്തൊഴിലാളി എന്ന നിലയിൽ യോജിക്കാൻ കഴിയില്ല എന്നാണ് മത്സ്യത്തൊഴിലാളിയും സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ ആന്റണി കുരിശിങ്കൽ പറയുന്നത്. “അയില, മത്തി, കൊഴുവ, ചെമ്മീൻ, പരവ, കൂന്തൽ, മണങ്ങ് പോലെ സാധാരണ ഉപയോഗിക്കുന്ന, പരമ്പരാഗത മേഖലയിൽ കിട്ടുന്ന മത്സ്യങ്ങളൊക്കെ ഇത് കഴിക്കാൻ സാധ്യത കുറവായിരിക്കും. പക്ഷേ ഈ മാലിന്യങ്ങൾ ഉള്ള സ്ഥലത്ത് ഇവർക്ക് ജീവിക്കാൻ ആവശ്യമായ ചുറ്റുപാട് ഇല്ലെങ്കിലും കെമിക്കലിന്റെ പ്രസരണം ആ ഭാഗത്ത് ഉണ്ടെങ്കിലും മത്സ്യങ്ങൾ ഇവിടെ നിന്ന് പാലായനം ചെയ്യും. അത് നമ്മളെ ഗുരുതരമായി ബാധിക്കും. പൊലപ്പ് (Shoals) എന്ന് നമ്മൾ പറയുന്നത് മത്സ്യങ്ങൾ കൂട്ടത്തോടെ വരുമ്പോളാണ്, കെമിക്കൽ ഉണ്ടെങ്കിൽ മത്സ്യങ്ങൾ കൂട്ടത്തോടെ അതില്ലാത്ത സ്ഥലങ്ങളിലേക്ക് ഓടിപ്പോകാം. ബേപ്പൂർ ആയാലും ആലപ്പുഴയിലായാലും കപ്പലപകടം കാരണം കണ്ണൂർ മുതൽ കന്യാകുമാരി വരെ ഭാവിയിൽ ഒത്തിരി മത്സ്യസമ്പത്ത് കുറയാൻ സാധ്യത ഉണ്ട്. അതിന് ജീവിക്കാൻ പറ്റാത്ത സാഹചര്യം വരുമ്പോ അത് ഓടി പോകും.”
റോബർട്ട് പനിപ്പിള്ള പറഞ്ഞതിന് സമാനമായി സഞ്ചരിക്കാൻ പറ്റാത്ത ജീവജാലങ്ങളെ ഇത് സാരമായി ബാധിക്കുമെന്ന പ്രശ്നം ആന്റണിയും ചൂണ്ടിക്കാട്ടി.
“വേഗത്തിൽ സഞ്ചരിക്കാൻ പറ്റാത്ത ഒരുപാട് മത്സ്യങ്ങളുണ്ട്. ഞണ്ട്, കക്ക, നക്ഷത്ര മത്സ്യങ്ങൾ, കടലാമകൾ, കൂരി (ഏട്ട), കടലിന്നടിത്തട്ടിലെ ഷെല്ലുകൾ… ഇതൊന്നും മത്തിയോ അയിലയോ സഞ്ചരിക്കുന്ന പോലെ വേഗത്തിൽ സഞ്ചരിക്കാത്തതുകൊണ്ട് അവയ്ക്കൊക്കെ വംശനാശം സംഭവിക്കാൻ സാധ്യതയുണ്ട്. ശരിക്കും നമുക്ക് അത് പറയാൻ പറ്റുക രണ്ടോ മൂന്നോ വർഷം കഴിഞ്ഞിട്ടാവും. പിന്നെ മറ്റൊരു പ്രശ്നം ഇപ്പോൾ മത്സ്യങ്ങളിട്ട മുട്ടകളാണ്. പ്രത്യുൽപ്പാദന സമയമാണല്ലോ, മത്തിയുടയോ അയലയുടെയോ മുട്ടകൾ പാടെ നശിക്കപ്പെടും. അത് നമ്മൾ കരുതുന്നതിനെക്കാൾ വലുതായിരിക്കും ഭാവിയിലുണ്ടാക്കാൻ പോകുന്ന ദോഷം. മത്സ്യങ്ങൾ ഓടി രക്ഷപ്പെടും അവയുടെ മുട്ടകൾ, കുഞ്ഞുങ്ങൾ ഉപരിതലത്തിൽ ഉണ്ടാവും, എണ്ണപ്പാടയായാലും കെമിക്കൽ ആയാലും ഇതിനെ വന്ന് വലയം ചെയ്താൽ അവ നശിച്ച് പോകും. നിലവിൽ കിട്ടിയിരുന്ന മത്സ്യസമ്പത്ത് കിട്ടാതെ വരും. ഭാവിയിൽ കിട്ടേണ്ടത് കൂടി നശിച്ചുപോകും. ഇത് നേരിട്ട് മത്സ്യം പിടിക്കുന്നവരെയാണ് ബാധിക്കുക, പിന്നെ ബാധിക്കുന്നത് സാധാരണക്കാരായ ഉപഭോക്താക്കളെയായിരിക്കും.”
കപ്പലപകടം എങ്ങനെയാണ് മത്സ്യങ്ങളുടെ മുട്ടകളെയും ലാർവയെയും ബാധിക്കുന്നതെന്ന് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്)യുടെ നേതൃത്വത്തിൽ പഠനം നടക്കുകയാണ്.







