തനിച്ചിരുന്ന് മെനഞ്ഞെടുക്കുന്ന നിഷേധാത്മക ചിന്തകൾ നിഷ്‌ക്രിയതയ്‌ക്ക് കാരണമാകും

0
110

വനിതാ ടെന്നിസ് താരത്തോട് മാധ്യമപ്രവർത്തകൻ ചോദിച്ചു: ‘എങ്ങനെയാണ് ഈ 43–ാം വയസ്സിലും കളിക്കളത്തിൽ മികവ് നിലനിർത്തുന്നത്?

ഒരു പുഞ്ചിരിയോടെ അവർ മറുപടി പറഞ്ഞു – ‘താങ്കൾക്കും എനിക്കും എന്റെ പ്രായമറിയാം. പക്ഷേ, ടെന്നിസ് പന്തിന് എനിക്കെത്ര വയസ്സായി എന്നറിയില്ലല്ലോ’.

അഭിമുഖ സംഭാഷണങ്ങളല്ല, ആന്തരിക സംഭാഷണങ്ങളാണ് ആത്മവിശ്വാസത്തിനും അഭിവൃദ്ധിക്കും അടിവരയിടുന്നത്……

പുറത്തു നടക്കുന്ന അഭിപ്രായപ്രകടനങ്ങളും വിമർശനങ്ങളും ഉള്ളിൽ പ്രവേശിക്കാത്തിടത്തോളം, അവ പ്രകടനത്തിന് തടസ്സമാകില്ല…

പുറത്തെ തിരമാലകളല്ല, അകത്തുകയറുന്ന വെള്ളമാണ് കടലിലെ വഞ്ചിക്ക് ഭീഷണി ഉയർത്തുന്നത്……

ആത്മഗതങ്ങളാണ് ആത്മസാക്ഷാത്‌ക്കാരത്തിലേക്കുള്ള മാർഗദർശനവും മാർഗതടസ്സവും…..!

അവനവനോട് തന്നെയുള്ള സംഭാഷണങ്ങളിൽ അറിഞ്ഞും അറിയാതെയും എല്ലാവരും ഏർപ്പെടുന്നുണ്ട്. അവയിൽ ഭൂരിഭാഗവും, മറ്റുള്ളവർ തുടങ്ങിയ വിചാരണകളെയും പ്രസ്താവിച്ച വിധിവാക്യങ്ങളെയും കുറിച്ചാകുമെന്നു മാത്രം….

സ്വന്തം പരിമിതികളോട് മാത്രം സംവദിക്കുന്നവർക്ക് എല്ലാം എങ്ങനെയെങ്കിലും അവസാനിപ്പിക്കണം എന്നു മാത്രമാകും ചിന്ത….

കഴിവ് മാത്രമല്ല കാര്യശേഷിയുടെ അടിസ്ഥാനം; കഴിവുകളോടുള്ള സമീപനം കൂടിയാണ്…..

ആന്തരികമായ ഇടപെടലുകളും അർഹമായ മാനസിക പിന്തുണയും കിട്ടാതെ ഒരു കഴിവും കരുത്തു തെളിയിക്കില്ല…..

സ്വയം കണ്ടെത്തുന്ന തടസ്സങ്ങളാണ് പല യാത്രകൾക്കും വിരാമമിടുന്നത്…..

തനിച്ചിരുന്ന് മെനഞ്ഞെടുക്കുന്ന നിഷേധാത്മക ചിന്തകൾ നിഷ്‌ക്രിയതയ്‌ക്ക് കാരണമാകും…..

കർമരഹിത ദിനങ്ങളുടെ എണ്ണം കൂടുമ്പോൾ കർമശേഷിയും കുറയും. പിന്നീട് സ്വയംനിർമിത നാശത്തിനായുള്ള കാത്തിരിപ്പ് മാത്രമാകും ജീവിതം….

LEAVE A REPLY

Please enter your comment!
Please enter your name here