കാസർഗോഡ്: വ്യാപാരിയെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ യുവതിക്കും കൂട്ടാളിക്കുമെതിരെ കാസർഗോഡ് ടൗൺ പോലീസ് കേസെടുത്തു. ചൗക്കിലെ സാജിദയ്ക്കും യുവതിയുടെ കൂട്ടാളിയായ കണ്ടാൽ അറിയാവുന്ന ഒരാൾക്കുമെതിരെയാണ് കേസെടുത്തത്. ഉപ്പളയിലെ വ്യാപാരിയായ മുഹമ്മദ് ഷെക്കീറാണ് പരാതി നൽകിയത്. ആഗസ്റ്റ് 10 നായിരുന്നു സംഭവം.
ഷക്കീറിന്റെ പരാതിയിൽ പറയുന്നതിങ്ങനെ, തന്റെ കടയിലെത്തിയ സാജിദ പണം പിന്നീട് നൽകാമെന്ന് പറഞ്ഞു മൊബൈൽ ഫോൺ വാങ്ങിയിരുന്നു. എന്നാൽ പിന്നീട് പണം നൽകാത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ചൗക്കിലെ വീട്ടിൽ എത്തിയാൽ നൽകാമെന്ന് പറഞ്ഞുവെന്നും വീട്ടിലെത്തിയപ്പോൾ സാജിതയോടൊപ്പം നിർത്തി ഒരു യുവാവ് ഫോട്ടോ എടുക്കുകയും നാലു ലക്ഷം രൂപ നൽകിയില്ലെങ്കിൽ സോഷ്യൽ മീഡിയ വഴി ഫോട്ടോ പുറത്തുവിടും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നാണ് പരാതി.
ജില്ലയിൽ നേരത്തെയും സമാനമായ രീതിയിൽ ഹണി ട്രാപ് റിപ്പോർട്ട് ചെയ്തിരുന്നു. കൂടുതൽ പേർ ഇത്തരത്തിൽ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം നടത്തും.